| Wednesday, 3rd January 2024, 7:52 pm

അധിക കാലം അവിടെ ബാറ്റ് ചെയ്യേണ്ടി വരില്ല; പാകിസ്ഥാന്‍ കണ്ടെത്തിയ പുതിയ മാണിക്യത്തെ വാനോളം പുകഴ്ത്തി ഭോഗ്ലെ

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റില്‍ മികച്ച ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്തി സന്ദര്‍ശകര്‍. സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയും 313 റണ്‍സിന്റെ ടോട്ടല്‍ സ്‌കോര്‍ ബോര്‍ഡില്‍ കെട്ടിപ്പടുക്കുകയുമായിരുന്നു.

വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍, വാലറ്റക്കാരന്‍ ആമിര്‍ ജമാല്‍, ആഘാ സല്‍മാന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് പാകിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. റിസ്വാന്‍ 103 പന്തില്‍ 88 റണ്‍സ് നേടിയപ്പോള്‍ 97 പന്തില്‍ 82 റണ്‍സാണ് ജമാലിന്റെ സമ്പാദ്യം. ആഘാ സല്‍മാന്‍ 67 പന്തില്‍ 53 റണ്‍സും നേടി.

ഇക്കൂട്ടത്തില്‍ ആമിര്‍ ജമാലിന്റെ ഇന്നിങ്‌സാണ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്. ഒമ്പതാം നമ്പറില്‍ ഇറങ്ങിയാണ് താരം അര്‍ധ സെഞ്ച്വറി നേടിയത്. അന്താരാഷ്ട്ര കരിയറിലെ മൂന്നാം ടെസ്റ്റ് മാത്രം കളിക്കുന്ന താരത്തിന്റെ ആദ്യ അര്‍ധ സെഞ്ച്വറിയാണിത്. ഒമ്പത് ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഇപ്പോള്‍ ആമിര്‍ ജമാലിന്റെ പ്രകടനത്തെ പുകഴ്ത്തുകയാണ് കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലെ. താരത്തിന് ഇനി അധികകാലം ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ടി വരില്ലെന്നും അവന്റെ ദൃഢനിശ്ചയമാണ് പാകിസ്ഥാന് ടീമിന് വേണ്ടതെന്നും ഭോഗ്ലെ പറഞ്ഞു. എക്‌സിലൂടെയായിരുന്നു ഭോഗ്ലെയുടെ പരാമര്‍ശം.

‘കരിയറില്‍ ആമിര്‍ ജമാല്‍ ഇനി അധിക മത്സരങ്ങളില്‍ ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. അവന്റെ ഷോട്ടുകളെ മാത്രമല്ല ആ കഴിവിനെയും നമ്മള്‍ അഭിനന്ദിക്കണം. അവന്റെ ഈ നിശ്ചദാര്‍ഢ്യമാണ് പാകിസ്ഥാന്‍ ടീമില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നത്,’ ഭോഗ്ലെ പറഞ്ഞു.

അബ്ദുള്ള ഷഫീഖ് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ പരാജയപ്പെട്ട മത്സരത്തിലാണ് ജമാലിന്റെ ബാറ്റില്‍ നിന്നും ഈ തകര്‍പ്പന്‍ പ്രകടനം പിറന്നത്. ജമാല്‍ സെഞ്ച്വറി നേടുമെന്ന് ഉറച്ചുവിശ്വസിച്ച ആരാധകരെ നിരാശനാക്കി നഥാന്‍ ലിയോണാണ് വിക്കറ്റ് നേടിയത്.

അതേസമയം, മെല്‍ബണിലെ രണ്ടാം ടെസ്റ്റിലേതെന്ന പോലെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് സിഡ്‌നിയിലും തന്റെ മാജിക് പുറത്തെടുത്തിരുന്നു. അഞ്ച് മുന്‍നിര പാക് വിക്കറ്റുകള്‍ പിഴുതെറിഞ്ഞാണ് കമ്മിന്‍സ് തിളങ്ങിയത്. ഒരു മെയ്ഡന്‍ അടക്കം 18 ഓവര്‍ പന്തെറിഞ്ഞ് 61 റണ്‍സ് വഴങ്ങിയാണ് കമ്മിന്‍സ് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയത്.

ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍, സാജിദ് ഖാന്‍, ഹസന്‍ അലി എന്നിവരെയാണ് കമ്മിന്‍സ് മടക്കിയത്.

ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ മാര്‍ഷ്, നഥാന്‍ ലിയോണ്‍, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ആദ്യ ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ആറ് എന്ന നിലയില്‍ നില്‍ക്കവെ ആദ്യ ദിനം അവസാനിപ്പിക്കുകയായിരുന്നു.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച ഓസീസ് സിഡ്‌നി ടെസ്റ്റും വിജയിച്ച് സീരീസ് ക്ലീന്‍ സ്വീപ് ചെയ്യാനുള്ള ഒരുക്കത്തിലാണ്.

Content highlight: Harsha Bhogle praises Aamer Jamal

We use cookies to give you the best possible experience. Learn more