ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച കമന്റേറ്ററാണ് ഹര്‍ഷ ഭോഗ്ലെ. 2011 ലോകകപ്പ് ഫൈനലിലെ വിജയ റണ്‍ നേടിയപ്പോഴുള്ള ‘ധോണി ഫിനിഷസ് ഇന്‍ സ്റ്റൈല്‍’, സച്ചിന്റെ വിടവാങ്ങല്‍ മത്സരത്തിലെ കമന്ററിയുമടക്കം ആരാധകരുടെ മനസില്‍ തങ്ങി നില്‍ക്കുന്ന നിരവധി നിമിഷങ്ങളാണ് ഭോഗ്ലെ സമ്മാനിച്ചത്.
കളിയ്‌ക്കൊപ്പം തന്നെ, അദ്ദേഹത്തിന്റെ കളി വിവരണത്തിനും പ്രത്യേക ഫാന്‍ബേസുണ്ട്. ഐ.പി.എല്ലിലെ വേള്‍ഡ് ഫീഡ് കവര്‍ ചെയ്യുന്ന ഭോഗ്ലെയുടെ ക്രിക്കറ്റ് അനസിലത്തിനും ആരാധകരേറെയാണ്.
കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം ലൈവിനിടെ സംഭവിച്ച കാര്യങ്ങള്‍ക്ക് ക്ഷമ ചോദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഭോഗ്ലെ ഇപ്പോള്‍.
വരാനിരിക്കുന്ന ഐ.പി.എല്ലിനെ കുറിച്ച് ക്രിക്കറ്റ് സ്‌പോട്ട്‌വാക്കുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവിനിടെയാണ് ഭോഗ്ലെ ഒരു തമാശയൊപ്പിക്കാന്‍ തീരുമാനിച്ചത്.
ലൈവില്‍ സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹം ഫോണ്‍ താഴെയിടുകയും ‘ആരാണ് നിങ്ങള്‍? നിങ്ങള്‍ക്കെന്താണ് വേണ്ടത്?’ എന്നൊക്കെ ചോദിക്കുകയായിരുന്നു.
ഇതെല്ലാം കണ്ട് ഭയന്ന അവതാരകന്‍ എന്താണ് സംഭവിക്കുന്നതെന്ന് നിരന്തരം ചോദിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചിരുന്നില്ല. ഭോഗ്ലയെ ആരൊക്കെയോ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു.
എന്നാല്‍ താന്‍ ഇത് തമാശയ്ക്കായി ചെയ്തതാണെന്നും, ഇത്രത്തോളം വൈറലാവുമെന്ന് കരുതിയില്ലെന്നും പറയുകയാണ് അദ്ദേഹം.
‘എനിക്ക് ഒരു കുഴപ്പവുമില്ല. നിങ്ങളെ പരിഭ്രാന്തിയിലാക്കിയതില്‍ ക്ഷമിക്കണം. നിങ്ങളുടെ സ്‌നേഹത്തിനും പരിഗണനയ്ക്കും നന്ദി. ഞാന്‍ പ്രതീക്ഷിച്ചതിനെക്കാളും വൈറലാവുകയായിരുന്നു. ഇതും ഒരു പാഠമാണ്. ഞാന്‍ മറ്റെന്തിനോ വേണ്ടി ശ്രമിച്ചതായിരുന്നു. ക്ഷമിക്കണം,’ അദ്ദേഹം ട്വീറ്റ് ചെയ്തു.
ഭോഗ്ലെയ്ക്ക് ഒരു കുഴപ്പവുമില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യയും വ്യക്തമാക്കിയിരുന്നു.
ഐ.പി.എല്ലിന്റെ പുതിയ സീസണ്‍ തുടങ്ങാനിരിക്കെ ഹര്‍ഷ ഭോഗ്ലെയടക്കമുള്ള കമന്റേറ്റര്‍മാര്‍ കളി കയ്യടക്കാന്‍ സജ്ജരാണ്. ഇത്തവണ എട്ട് ഭാഷകളിലായി 80 കമന്റേറ്റര്‍മാരാണ് ഐ.പി.എല്‍ വിവരിക്കാനെത്തുന്നത്. സുരേഷ് റെയ്‌ന കമന്റേറ്ററുടെ കുപ്പായത്തിലെത്തുന്ന ആദ്യ സീസണ്‍ എന്ന് പ്രത്യേകതയും ഇത്തവണത്തെ ഐ.പി.എല്ലിനുണ്ട്.