| Monday, 10th June 2019, 11:29 pm

'ആന്ധ്ര ഗവര്‍ണര്‍' സുഷമ സ്വരാജിന് അഭിന്ദനവുമായി കേന്ദ്ര മന്ത്രി ഹര്‍ഷ് വര്‍ധന്‍; ട്വീറ്റ് ഡിലീറ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ‘ആന്ധ്ര പ്രദേശ് ഗവര്‍ണറായി’ തെരഞ്ഞെടുക്കപ്പെട്ട മുന്‍ വിദേശ കാര്യമന്ത്രി സുഷമ സ്വരാജിന് അഭിനന്ദനവുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍. എന്നാല്‍ സുഷമയെ ഗവര്‍ണറായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പിയോ കേന്ദ്ര സര്‍ക്കാറോ അറിയിപ്പൊന്നും നടത്തിയിട്ടില്ല.

‘ആന്ധ്രപ്രദേശിന്റെ ഗവര്‍ണര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി നേതാവും, മുന്‍ വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജിന് എന്റെ അഭിനന്ദനങ്ങള്‍’- എന്നായിരുന്നു ഹര്‍ഷ് വര്‍ധന്റെ ട്വീറ്റ്. എന്നാല്‍ ഉടന്‍ തന്നെ അദ്ദേഹം ട്വീറ്റ് പിന്‍വലിച്ചു.

മന്ത്രിയുടെ ട്വീറ്റിന് പിന്നാലെ സുഷമയ്ക്ക് അഭിന്ദനങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്തെത്തുകയും ചെയ്തിരുന്നു. 2014ല്‍ അധികാരത്തിലെത്തിയതിന് ശേഷം മുതിര്‍ന്ന നിരവധി നേതാക്കളെ ബി.ജെ.പി ഗവര്‍ണര്‍മാരായി നിയമിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു കല്യാണ്‍ സിങ്, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍, സത്യപാല്‍ മാലിക്, രാം നായിക്, നെജ്മ ഹെപ്തുള്ള, കിരണ്‍ ബേദി തുടങ്ങിയവര്‍ ഗവര്‍ണര്‍ സ്ഥാനം അലങ്കരിക്കുന്നതിന് മുമ്പ് ബി.ജെ.പി നേതൃനിരയിലുണ്ടായിരുന്നു.

2014 ആന്ധ്രപ്രദേശ് ഗവര്‍ണറായി സ്ഥാനമേറ്റ ഇ.സി.എല്‍ നരസിംഹന്‍ ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷായുമായി ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുഷമ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നത്.

സുഷമയെ കൂടാതെ, അദ്വാനി, മുരളി മനോഹര്‍ ജോഷി, സുമിത്ര മഹാജന്‍ തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി നേതാക്കളും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

We use cookies to give you the best possible experience. Learn more