| Sunday, 23rd May 2021, 7:00 pm

അലോപ്പതിയ്‌ക്കെതിരായ പ്രസ്താവനകള്‍ പിന്‍വലിക്കണം; രാംദേവിനോട് കേന്ദ്ര ആരോഗ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആധുനിക വൈദ്യശാസ്ത്രത്തെപ്പറ്റി നടത്തിയ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്ന് ബാബ രാംദേവിനോട് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍.

അലോപ്പതിയെയും ശാസ്ത്രീയ വൈദ്യ ശാസ്ത്രത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയതിന്റെ പേരില്‍ ഐ.എം.എ നേരത്തെ രാംദേവിന് ലീഗല്‍ നോട്ടീസ് അയച്ചിരുന്നു.

അലോപ്പതിക്കെതിരെ രാംദേവ് സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ രാംദേവിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി തയ്യാറാവണമെന്ന് ഐ.എം.എ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അല്ലെങ്കില്‍ അലോപ്പതിക്കെതിരായ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ആരോഗ്യമന്ത്രിയും അംഗീകരിക്കുന്നുവെന്ന് കരുതേണ്ടിവരുമെന്നും ഐ.എം.എ പറഞ്ഞു.

സര്‍ക്കാര്‍ നടപടി സ്വീകരിക്കില്ലെങ്കില്‍ രാംദേവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കേന്ദ്രത്തോട് ഐ.എം.എ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഐ.എം.എ ലീഗല്‍ നോട്ടീസ് അയച്ചത്.

ആധുനിക വൈദ്യശാസ്ത്രം വിഡ്ഢിത്തം നിറഞ്ഞതും പരാജയപ്പെട്ടതുമാണ് എന്നാണ് രാംദേവ് ആരോപിക്കുന്നത്. ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെ രാംദേവ് ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പരാമര്‍ശം നടത്തിയിരുന്നെന്നും എന്നാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാവുമ്പോള്‍ രാംദേവും അദ്ദേഹത്തിന്റെ സഹായിയും ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായം തേടാറുണ്ടെന്നും സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തന്റെ വ്യാജമരുന്നുകള്‍ വില്‍പന നടത്താനാണ് രാംദേവ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ഐ.എം.എ ആരോപിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Harsh Vardhan asks yoga guru Ramdev to take back his statements on allopathic medicines

We use cookies to give you the best possible experience. Learn more