| Thursday, 29th February 2024, 9:48 am

ഹല്‍ദ്വാനി അക്രമം മുസ്‌ലിം ചരിത്രത്തെ മായ്ച്ചുകളയുന്നതിനുള്ള മാതൃക: ഹര്‍ഷ് മന്ദര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡെറാഡൂണ്‍: മുസ്‌ലിം ചരിത്രത്തെ മായ്ച്ചുകളയാനുള്ള സംഘപരിവാറിന്റെ ശ്രമമാണ് ഹല്‍ദ്വാനി ആക്രമണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഹര്‍ഷ് മന്ദര്‍. വര്‍ഗീയ അക്രമത്തിന് ഇരയായവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കര്‍വാന്‍-ഇ-മൊഹബത്ത് എന്ന പേരില്‍ കാമ്പയിന്‍ ഇദ്ദേഹം ആരംഭിച്ചിരുന്നു. അടുത്തിടെ നടന്ന ഹല്‍ദ്വാനി അക്രമത്തെ ‘കായികാക്രമണങ്ങളില്ലാതെ മുസ്‌ലിം സ്വത്വം ഇല്ലാതാക്കുന്നതിനുള്ള ഒരു ടെംപ്ലേറ്റ്’ എന്നാണ് വിശേഷിപ്പിച്ചത്.

സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ ഒരു റിപ്പോര്‍ട്ടില്‍, വലതുപക്ഷം, അഖണ്ഡ ഭാരതം സൃഷ്ടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഇത്തരമൊരു ‘ടെംപ്ലേറ്റ്’ ആവര്‍ത്തിക്കുമെന്ന് മന്ദര്‍ മുന്നറിയിപ്പ് നല്‍കി.

‘തുടക്കത്തില്‍ സമാധാനപരമായിരുന്ന ഹല്‍ദ്വാനി, സംസ്ഥാന ഭരണകൂടത്തിന്റെ പ്രോത്സാഹനം മൂലം ധ്രുവീകരിക്കപ്പെട്ടു, ഇത് വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്കും വര്‍ഗീയ വിഭജനത്തിനും കാരണമായി. അതിനാല്‍ ഹല്‍ദ്വാനിയില്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്,’ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ബി.ജെ.പി.യുടെ പുഷ്‌കര്‍ സിങ് ധാമി ഭരിക്കുന്ന ഉത്തരാഖണ്ഡിലെ തെക്കന്‍ ജില്ലയായ നൈനിറ്റാളിന്റെ കീഴിലാണ് ഹല്‍ദ്വാനി വരുന്നത്. സാധാരണ സമാധാനപരമായ പ്രദേശം സമീപ വര്‍ഷങ്ങളില്‍, വര്‍ഗീയ കലാപങ്ങളാല്‍ വികൃതമാക്കിയിട്ടുണ്ട്.

മതപരമായ സ്മാരകങ്ങളോ അവശിഷ്ടങ്ങളോ മായ്ച്ച് ശ്മശാനങ്ങള്‍ പോലെയാക്കുക എന്നതാണ് സംഘപരിവാറിന്റെ സമീപകാല സമീപനമെന്ന് മന്ദര്‍ ചൂണ്ടിക്കാട്ടി.

ഫെബ്രുവരി എട്ടിനാണ് ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി മസ്ജിദും മദ്രസയും പൊളിച്ചുകളഞ്ഞത്. ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും കലാപത്തിലും ആറുപേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തിനിടെ തിരച്ചില്‍ നടത്താനെന്ന വ്യാജേന 15 വയസുകാരിയെ പൊലീസ് ലൈംഗികമായി ഉപദ്രവിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാന പൊലീസിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Content Highlight: Harsh Mandar saying that Haldwani violence a template for erasing Muslim history

We use cookies to give you the best possible experience. Learn more