ചരിത്രം! വിരാടും രോഹിത്തും ഇനി ഈ അയര്‍ലന്‍ഡ് താരത്തിന് പിന്നില്‍; ഹര്‍ദിക്കിന്റെ വക സമ്മാനം നേടിയവന്‍ ചില്ലറക്കാരനല്ല
Sports News
ചരിത്രം! വിരാടും രോഹിത്തും ഇനി ഈ അയര്‍ലന്‍ഡ് താരത്തിന് പിന്നില്‍; ഹര്‍ദിക്കിന്റെ വക സമ്മാനം നേടിയവന്‍ ചില്ലറക്കാരനല്ല
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 18th May 2023, 5:00 pm

ഐ.സി.സി റാങ്കിങ്ങില്‍ വമ്പന്‍ കുതിച്ചുചാട്ടം നടത്തി അയര്‍ലന്‍ഡിന്റെ യുവതാരം ഹാരി ടെക്ടര്‍. റാങ്കിങ്ങിലെ പുതിയ അപ്‌ഡേഷന് ശേഷം വിരാട് കോഹ്‌ലിയെയും ക്വിന്റണ്‍ ഡി കോക്കിനെയും രോഹിത് ശര്‍മയെയും പിന്തള്ളിയാണ് ടെക്ടര്‍ മുന്നേറിയത്.

നിലവില്‍ ഏഴാം റാങ്കിലാണ് ടെക്ടറെത്തി നില്‍ക്കുന്നത്. 722 എന്ന റേറ്റിങ്ങാണ് താരത്തിനുള്ളത്. ബംഗ്ലാദേശിന്റെ അയര്‍ലന്‍ഡ് പര്യടനത്തിലെ ബാറ്റിങ് മികവാണ് താരത്തിന് തുണയായത്. ഇതാദ്യമായാണ് ഐ.സി.സി റാങ്കിങ്ങില്‍ ഒരു ഐറിഷ് താരം ഇത്രയും മികച്ച നേട്ടം സ്വന്തമാക്കുന്നത്.

ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലും ടെക്ടര്‍ തകര്‍ത്തടിച്ചിരുന്നു. താരത്തിന്റെ ബാറ്റിങ് പ്രകടനം കണ്ട് അത്ഭുതപ്പെട്ട നായകന്‍ ഹര്‍ദിക് പാണ്ഡ്യ തന്റെ ബാറ്റ് സമ്മാനമായി നല്‍കുകയും ചെയ്തിരുന്നു.

ഹാരി ടെക്ടറിന് പുറമെ രണ്ട് ഐറിഷ് താരങ്ങള്‍ കൂടി ഐ.സി.സി റാങ്കിങ്ങില്‍ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. സൂപ്പര്‍ താരം പോള്‍ സ്‌റ്റെര്‍ലിങ്ങാണ് ഇതില്‍ പ്രധാനി. ഒറ്റയടിക്ക് നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 19ാം റാങ്കിലേക്കാണ് സ്റ്റെര്‍ലിങ് ഉയര്‍ന്നത്.

രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ആന്‍ഡ്രൂ ബാല്‍ബിര്‍ണിയാണ് ഇക്കൂട്ടത്തിലെ രണ്ടാമന്‍. 43ാം റാങ്കിലാണ് താരമെത്തി നില്‍ക്കുന്നത്.

(ഐ.സി.സി റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

ബംഗ്ലാദേശിന്റെ അയര്‍ലന്‍ഡ് പര്യടനത്തില്‍ പരമ്പര നേടാന്‍ സാധിച്ചില്ലെങ്കിലും ബാറ്റര്‍മാരുടെ പ്രകടനം ആരാധകരെ ആവേശത്തിലാഴ്ത്തുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0നായിരുന്നു ബംഗ്ലാദേശ് സ്വന്തമാക്കിയത്.

മോശം കാലാവസ്ഥയെ തുടര്‍ന്ന് ആദ്യ മത്സരം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരം 45 ഓവറായി ചുരുക്കിയിരുന്നു. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ബംഗ്ലാ കടുവകള്‍ക്ക് മുമ്പില്‍ 320 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഐറിഷ് പട ഉയര്‍ത്തിയത്.

സെഞ്ച്വറി നേടിയ ഹാരി ടെക്ടറിന്റെ കരുത്തിലാണ് അയര്‍ലാന്‍ഡ് പടുകൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. 113 പന്തില്‍ നിന്നും 140 റണ്‍സാണ് താരം സ്വന്തമാക്കിയത്. ടെക്ടറിന് പുറമെ ജോര്‍ജ് ഡോക്രെലും ആന്‍ഡ്രൂ ബാല്‍ബിര്‍ണിയും ചേര്‍ന്നാണ് സ്‌കോര്‍ ഉയര്‍ത്തിയത്.

45 ഓവറില്‍ 320 റണ്‍സ് ലക്ഷ്യവുമായി കളത്തിലിറങ്ങിയ ബംഗ്ലാദേശും അതേ നാണയത്തില്‍ തിരിച്ചടിച്ചു. നജ്മുല്‍ ഹൊസൈന്‍ ഷാന്റോയുടെ സെഞ്ച്വറിയുടെ ബലത്തില്‍ മൂന്ന് പന്ത് ബാക്കി നില്‍ക്കെ ബംഗ്ലാദേശ് വിജയം നേടുകയായിരുന്നു.

പരമ്പര സമനിലയാക്കണമെന്ന് വാശിയോടെയാണ് അയര്‍ലന്‍ഡ് മൂന്നാം മത്സരത്തിനായി കളത്തിലിറങ്ങിയത്. ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ഹോം ടീം സന്ദര്‍ശകരെ 274 റണ്‍സില്‍ ഒതുക്കി.

275 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയര്‍ വിജയം നേടുമെന്ന് തോന്നിപ്പിച്ചെങ്കിലും അതിന് സാധിക്കാതെ അഞ്ച് റണ്‍സകലെ കാലിടറി വീഴുകയായിരുന്നു. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സാണ് ഐറിഷ് പട നേടിയത്. മത്സരത്തില്‍ പോള്‍ സ്‌റ്റെര്‍ലിങ് 60 റണ്‍സ് നേടിയപ്പോള്‍ ബാല്‍ബിര്‍ണി 53 റണ്‍സും സ്വന്തമാക്കിയിരുന്നു.

ഇംഗ്ലണ്ടിനെതിരായ ഒറ്റ മത്സരത്തിന്റെ ടെസ്റ്റ് പരമ്പരക്കാണ് അയര്‍ലന്‍ഡ് ഇനി തയ്യാറെടുക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ നാല് വരെ ലോര്‍ഡ്‌സിലാണ് മത്സരം അരങ്ങേറുന്നത്.

 

Content highlight: Harry Tector climbs to 7th rank in ICC ODI ranking