വല്ലാത്തൊരു തിരിച്ചടി വെറുതെ സെഞ്ച്വറി അടിച്ചു; നാണക്കേടുമായി അയർലാൻഡുകാരൻ
Cricket
വല്ലാത്തൊരു തിരിച്ചടി വെറുതെ സെഞ്ച്വറി അടിച്ചു; നാണക്കേടുമായി അയർലാൻഡുകാരൻ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 8th March 2024, 4:28 pm

അഫ്ഗാനിസ്ഥാന്‍- അയര്‍ലാന്‍ഡ് മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഫ്ഗാന് 35 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം.

മത്സരത്തില്‍ അയര്‍ലാന്‍ഡിനായി ഹാരി ടെക്ടര്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 147 പന്തില്‍ 138 റണ്‍സ് നേടി കൊണ്ടായിരുന്നു ഹാരിയുടെ തകര്‍പ്പന്‍ പ്രകടനം. ഒമ്പത് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് അയര്‍ലാന്‍ഡ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഹാരി ഹെക്ടര്‍ ടീമിനായി നിര്‍ണായകമായ പ്രകടനം നടത്തിയിട്ടും അയര്‍ലാന്‍ഡ് പരാജയപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ ഒരു മോശം നേട്ടമാണ് ഹെക്ടറിനെ തേടിയെത്തിയിരിക്കുന്നത്.

ഏകദിനത്തില്‍ ആദ്യമായി സെഞ്ച്വറി നേടിയ മത്സരങ്ങളിൽ ഏറ്റവും കൂടുതല്‍ തവണ ടീം പരാജയപ്പെടുന്ന ആദ്യ താരമെന്ന മോശം റെക്കോഡാണ് ഹാരി സ്വന്തമാക്കിയത്. ഹെക്ടര്‍ അഞ്ച് തവണ സെഞ്ച്വറികള്‍ നേടിയ മത്സരങ്ങളിലാണ് അയര്‍ലാന്‍ഡ് പരാജയപ്പെട്ടത്.

ഇതിന് മുമ്പ് ഈ മോശം നേട്ടം സ്വന്തമാക്കിയത് മുന്‍ ഇംഗ്ലണ്ട് താരം റോബിന്‍ സ്മിത്തും മുന്‍ സിംബാബ്വെ താരം ആന്‍ഡി ഫ്‌ലോവറും ആയിരുന്നു. നാല് തവണയാണ് ഇരുവരും സെഞ്ച്വറികള്‍ നേടിയിട്ടും ടീം തോല്‍വി നേരിട്ടത്.

മൂന്ന് സെഞ്ച്വറികള്‍ നേടിയിട്ടും ടീം പരാജയപ്പെട്ടതില്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്ങും മുന്‍ ഇംഗ്ലണ്ട് താരം മാര്‍ക്കസ് ട്രെസ്‌കോതിക്കും ശ്രീലങ്കന്‍ താരം ഏയ്ഞ്ചലോ മാത്യൂസും സിംബാബ്വെ താരം സ്റ്റുവര്‍ട്ട് കാര്‍ലിസ്ലെയുമാണുള്ളത്.

മത്സരത്തില്‍ ടോസ് നേടിയ അയര്‍ലാന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സാണ് നേടിയത്.

അഫ്ഗാന്‍ ബാറ്റിങ്ങില്‍ റഹ്‌മാനുള്ള ഗുര്‍ബാസ് 117 പന്തില്‍ 121 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. എട്ട് ഫോറുകളും ആറ് സിക്സുകളും അടങ്ങുന്നതായിരുന്നു ഗുര്‍ബാസിന്റെ തകര്‍പ്പന്‍ പ്രകടനം.

ഇബ്രാഹിം സദ്രാന്‍ 93 പന്തില്‍ 60 റണ്‍സും നായകന്‍ ഹസ്മത്തുള്ള ഷാഹിദി 33 പന്തില്‍ 50 റണ്‍സും മുഹമ്മദ് നബി 27 പന്തില്‍ 40 റണ്‍സും നേടിയപ്പോള്‍ അഫ്ഗാന്‍ വലിയ വിജയലക്ഷ്യം അയര്‍ലാന്‍ഡിന് മുന്നില്‍ ഉയര്‍ത്തുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡിന് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സ് നേടാനാണ് സാധിച്ചത്. ഹെക്ടറിന്റെ സെഞ്ച്വറിക്ക് പുറമെ ലോര്‍ക്കന്‍ ടെക്കര്‍ 75 പന്തില്‍ 85 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും 35 റണ്‍സകലെ വിജയം നഷ്ടമാവുകയായിരുന്നു.

അഫ്ഗാന്‍ ബൗളിങ്ങില്‍ ഫസല്‍ഹാഖ് ഫാറൂഖി നാല് വിക്കറ്റും അസ്മത്തുള്ള ഒമര്‍സായി രണ്ട് വിക്കറ്റും നേടി അഫ്ഗാനെ എറിഞ്ഞുവീഴ്ത്തി.

ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് അഫ്ഗാന്‍. മാര്‍ച്ച് ഒമ്പതിനാണ് പരമ്പരയുടെ രണ്ടാം മത്സരം നടക്കുന്നത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

 

Content Highlight: Harry Tector become the first player first 5 ODI hundreds came in losing the team