ലോകം മുഴുവന്‍ ആരാധകരുള്ള ഹാരി പോട്ടര്‍ താരം ഡാനിയേല്‍ റാഡിക്ലിഫ് സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ രീതികള്‍ താങ്ങാന്‍ മാത്രമുള്ള മാനസിക ശക്തി തനിക്കില്ലാത്തതുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് ഡാനിയേല്‍ പറയുന്നു.
‘ഞാന്‍ എന്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ജോയിന്‍ ചെയ്യാത്തത് എന്നതിന് വളരെ കൃത്യമായ കാരണമുണ്ട്. നന്നായി ചിന്തിച്ചെടുത്ത തീരുമാനമാണത്. ഒരിക്കല്‍ ഞാന്‍ ട്വിറ്റര്‍ തുടങ്ങുന്നതിനെപ്പറ്റി ആലോചിച്ചിരുന്നു. അങ്ങനെ ഞാന്‍ അക്കൗണ്ട് തുടങ്ങിയിരുന്നെങ്കില്‍, ‘ഡാനിയേല്‍ റാഡ്ക്ലിഫ് ഏതോ ഒരാളുമായി ട്വിറ്ററില്‍ വഴക്കിടുന്നു’ എന്ന വാര്‍ത്തയായിരിക്കും എന്നും വരിക. എനിക്ക് നൂറ് ശതമാനം ഉറപ്പാണത്.’ ഡാനിയല്‍ പറയുന്നു.
ഹാരി പോട്ടര്‍ ചിത്രങ്ങളിലൂടെ തന്റെ പതിനൊന്നാം വയസ്സിലാണ് ഡാനിയേലിന് ലോകം മുഴുവന്‍ ആരാധകരുണ്ടാകുന്നത്. ചെറുപ്രായത്തില്‍ തന്നെ കുറിച്ച് ആളുകള്‍ എന്തുപറയുന്നു എന്നറിയാന്‍ കമന്റുകള്‍ ധാരാളമായി വായിക്കാറുണ്ടായിരുന്നെന്ന് ഡാനിയേല്‍ പറയുന്നു. പിന്നീടാണ് ഇതിന്റെ ദോഷവശങ്ങളെ കുറിച്ച് മനസ്സിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ചെറുപ്പത്തില്‍ എന്നെ കുറിച്ചുള്ള കമന്റുകള്‍ ഇന്റര്‍നെറ്റില്‍ നോക്കുമായിരന്നു. ദൈവാനുഗ്രഹം കൊണ്ട് ഇപ്പോള്‍ ഞാന്‍ അത് ചെയ്യുന്നില്ല. അതൊരുതരം ഭ്രാന്തമായ, തികച്ചും മോശമായ ഒരു കാര്യമാണ്. ഈ ട്വിറ്ററും മറ്റുമെല്ലാം പണ്ടത്തെ ആ ഇന്റര്‍നെറ്റിന്റെ തുടര്‍ച്ച തന്നെയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നെ കുറിച്ചുള്ള നല്ല കമന്റുകള്‍ മാത്രം വായിച്ചിരിക്കുകയാണെങ്കില്‍ കുഴപ്പമില്ല. പക്ഷെ അത് ഒട്ടും ആരോഗ്യകരമല്ലാത്ത ഒരു ശീലമാണ്.’ ഡാനിയേല്‍ പറഞ്ഞു.
പുതിയ ചിത്രമായ ‘എസ്‌കേപ് ഫ്രം പ്രിട്ടോറിയ’യുടെ ഓണ്‍ലൈന്‍ പ്രൊമോഷന്‍ ക്യാംപെയ്‌നുകളില്‍ ഡാനിയേല്‍ റാഡിക്ലിഫ് ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Harry Potter actor Daniel Radcliffe reveals why he is not on social media