14 വര്‍ഷത്തിനുശേഷം ഇതാദ്യം; തകര്‍പ്പന്‍ നേട്ടവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം
Football
14 വര്‍ഷത്തിനുശേഷം ഇതാദ്യം; തകര്‍പ്പന്‍ നേട്ടവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 9th December 2023, 12:34 pm

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നവംബര്‍ മാസത്തിലെ ഏറ്റവും മികച്ച താരമായി മൊഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലണ്ട് താരം ഹാരി മഗ്വാറിനെ തെരഞ്ഞെടുക്കപ്പെട്ടു. റെഡ് ഡേവിള്‍സിനൊപ്പം നവംബറില്‍ നടത്തിയ മികച്ച പ്രകടനങ്ങളാണ് താരത്തെ ഈ അവാര്‍ഡിന് അര്‍ഹനാക്കിയത്.

ഈ അവാര്‍ഡിന് പിന്നാലെ മറ്റൊരു അവിസ്മരണീയമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഹാരി മഗ്വായര്‍. 2009ന് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്ലെയര്‍ ഓഫ് ദ മന്ത് അവാര്‍ഡ് സ്വന്തമാക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഡിഫന്‍ഡര്‍ എന്ന നേട്ടമാണ് ഹാരി മഗ്വായര്‍ സ്വന്തമാക്കിയത്.

ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത് നെമഞ്ജ വിഡിച്ച് ആയിരുന്നു. നീണ്ട 14 വര്‍ഷത്തിന് ശേഷമാണ് മഗ്വായര്‍ ഈ നേട്ടത്തിലെത്തിലെത്തിയത്. ഇംഗ്ലീഷ് പ്രിമീയര്‍ ലീഗ് ചരിത്രത്തില്‍ ഈ അവാര്‍ഡ് നേടുന്ന പതിനഞ്ചാമത്തെ ഡിഫന്‍ഡര്‍ ആയി മാറാനും മഗ്വായറിന് സാധിച്ചു.

സമീപകാലങ്ങളില്‍ യുണൈറ്റഡില്‍ നിന്നും ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ട് ഒരു താരമായിരുന്നു മഗ്വായര്‍. എന്നാല്‍ ഇതിനെയെല്ലാം മറികടന്നു കൊണ്ടായിരുന്നു ഇംഗ്ലണ്ട് താരം ഈ നേട്ടം സ്വന്തമാക്കിയത്.

നവംബര്‍ മാസം മഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രതിരോധത്തില്‍ മികച്ച പ്രകടനമാണ് മഗ്വായര്‍ നടത്തിയത്. മൂന്ന് ക്ലീന്‍ ഷീറ്റുകള്‍ റെഡ് ഡെവിള്‍സിന് നേടികൊടുക്കാന്‍ മഗ്വായറിന്റെ നേതൃത്വത്തിലുള്ള പ്രതിരോധനിരക്ക് സാധിച്ചിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നവംബര്‍ മാസത്തിലെ മികച്ച പരിശീലകനായി എറിക് ടെന്‍ ഹാഗും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എവര്‍ട്ടണ്‍, ഫുള്‍ ഹാം, ല്യൂട്ടോണ്‍ ടൗണ്‍ എന്നീ ടീമുകള്‍ക്കെതിരെയുള്ള തകര്‍പ്പന്‍ വിജയമാണ് ടെന്‍ ഹാഗിനെ ഈ നേട്ടത്തില്‍ എത്തിച്ചത്.

അതേസമയം നവംബര്‍ മാസത്തിലെ ഏറ്റവും മികച്ച ഗോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അര്‍ജന്റീനന്‍ യുവതാരം അലജാന്‍ഡ്രോ ഗാര്‍നാച്ചോയും സ്വന്തമാക്കി. എവര്‍ട്ടണനെതിരെ നേടിയ തകര്‍പ്പന്‍ ബൈ സിക്കിള്‍ ഗോളാണ് അര്‍ജന്റീനന്‍ യുവതാരത്തെ ഈ നേട്ടത്തില്‍ എത്തിച്ചത്.

Content Highlight: Harry Maguire won English Premier League Player Of The Month award for November.