ഇനിയും ബെഞ്ചിലിരിക്കാൻ വയ്യ; ടെൻ ഹാഗിനെതിരെ ഇംഗ്ലണ്ട് താരം
മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗിനെതിരെ പ്രതികരിച്ച് ഇംഗ്ലണ്ട് താരം ഹാരി മഗ്വയർ. ഹാരി മഗ്വയർ. യുണൈറ്റഡിന്റെ പ്ലെയിങ് ഇലവനിൽ കഴിഞ്ഞ ചില മത്സരങ്ങളിൽ താരത്തിന് സ്ഥാനമുണ്ടായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് കോച്ചിനെതിരെ മഗ്വയർ പ്രതിഷേധമറിയിച്ചത്. താൻ ബെഞ്ചിൽ ഇരിക്കുന്നതിൽ സന്തുഷ്ടനല്ലെന്നും ഇതിൽ എന്തെങ്കിലും മാറ്റം സംഭവിക്കുമോ എന്നറിയാൻ കോച്ചുമായി ചർച്ച നടത്തുമെന്നുമാണ് ഇംഗ്ലണ്ട് താരം പറഞ്ഞത്.
‘ഞാൻ എപ്പോഴും ബെഞ്ചിൽ ഇരിക്കുകയും മാസത്തിലൊരിക്കൽ കളിക്കുകയും ചെയ്യുന്നു. ഇത് ഇങ്ങനെ തുടരുകയാണെങ്കിൽ എനിക്ക് ക്ലബ്ബുമായി കുറച്ച് സംസാരിക്കാനുണ്ട്. എന്നാൽ ഇപ്പോൾ ഞാൻ ഇംഗ്ലണ്ടിനൊപ്പം വലിയ മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നു. ഇതിനുശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിൽ എന്റെ പഴയ സ്ഥാനം തിരിച്ചുപിടിക്കാൻ ഞാൻ പ്രയത്നിക്കും,’ ദി സണ്ണിനോട് മഗ്വയർ പറഞ്ഞു.
‘അടുത്ത മത്സരത്തിൽ ഞാൻ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകുമോ എന്ന് ഉറപ്പില്ല. യുണൈറ്റഡിൽ തിരിച്ചെത്തുമ്പോൾ ആ സ്ഥാനം തിരിച്ചു പിടിക്കാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. നിലവിൽ എന്റെ പ്രകടനങ്ങളിൽ ഞാൻ സന്തോഷവാനാണ്. എന്നാൽ ഈ മാനേജരുടെ കീഴിൽ എനിക്ക് ആദ്യ ഇലവനിൽ കുറച്ച് മത്സരങ്ങൾ മാത്രമാണ് കളിക്കാൻ സാധിച്ചത്,’ മഗ്വയർ കൂട്ടിച്ചേർത്തു.
ടെൻ ഹാഗിന്റെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒൻപത് മത്സരങ്ങളിലാണ് മഗ്വയർ ആദ്യ ഇലവനിൽ കളിച്ചിട്ടുള്ളത്. ഇതിൽ ഏഴ് മത്സരങ്ങൾ വിജയിക്കുകയും ചെയ്തു.
ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മഗ്വയറിനെ പുറത്താക്കിയിരുന്നു. സ്ഥിരമായി പ്ലെയിങ് ഇലവനിൽ ഉണ്ടാവുന്ന പോർച്ചുഗീസ് താരം ബ്രൂണോ ഫർണാണ്ടസിനാണ് ടെൻ ഹാഗ് ക്യാപ്റ്റൻ സ്ഥാനം നൽകിയത്.
Content Highlight: Harry Magueire reacts against Manchester united coach Eric ten hag.