| Monday, 21st November 2022, 8:17 pm

ഫിഫ കണ്ണുരുട്ടി; മഴവില്‍ ആം ബാന്‍ഡ് ധരിക്കുന്നതില്‍ നിന്നും പിന്‍മാറി യൂറോപ്യന്‍ ക്യാപ്റ്റന്‍മാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

വണ്‍ ലവ് ക്യാമ്പെയ്‌നിന്റെ ഭാഗമായി മഴവില്‍ ആം ബാന്‍ഡ് ധരിച്ച് കളിക്കുന്നതില്‍ നിന്നും പിന്മാറി ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ അടക്കമുള്ള ക്യാപ്റ്റന്‍മാര്‍. ഇംഗ്ലണ്ട് അടക്കം ഏഴ് യൂറോപ്യന്‍ ടീമുകളുടെ ക്യാപ്റ്റന്‍മാരാണ് മഴവില്‍ ബാന്‍ഡ് ധരിക്കുന്നതില്‍ നിന്നും പിന്‍മാറിയത്.

എല്‍.ജി.ബി.ടി.ക്യു പ്ലസ് വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരെ പിന്തുണക്കാനുമായിട്ടാണ് വണ്‍ ലവ് ക്യാമ്പെയ്ന്‍ ഏറ്റെടുത്തിരിക്കുന്നത്. നേരത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമുകളും അവരുടെ ലോഗോ മഴവില്‍ നിറമാക്കി മാറ്റിക്കൊണ്ട് വണ്‍ ലവ് ക്യാമ്പെയ്‌നില്‍ പങ്കാളികളായിരുന്നു.

ഈ ക്യാമ്പെയ്‌നനിന്റെ ഭാഗമായി മഴവില്‍ നിറത്തിലുള്ള ആം ബാന്‍ഡ് ധരിച്ചാവും ടീമിന്റെ ക്യാപ്റ്റന്‍മാര്‍ കളത്തിലിറങ്ങുക എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. മഴവില്‍ നിറത്തിലുള്ള ഹൃദയ ചിഹ്നത്തില്‍ 1 (വണ്‍) എന്നെഴുതിയ ബാന്‍ഡാണ് ക്യാമ്പെയ്‌നിന്റെ ഭാഗമായി മുന്നോട്ട് വെച്ചിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ഈ തീരുമാനങ്ങളില്‍ നിന്ന് പിന്‍മാറുകയാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് അടക്കമുള്ള ടീമുകളുടെ ക്യാപ്റ്റന്‍മാര്‍.

ഇംഗ്ലണ്ട്, വെയ്ല്‍സ്, ബെല്‍ജിയം, ഹോളണ്ട്, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി, ഡെന്‍മാര്‍ക് ടീമുകളുടെ നായകന്‍മാരായിരുന്നു ‘വണ്‍ ലവ്’ ആം ബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങുമെന്ന് പ്രഖ്യാപിച്ചത്.

എന്നാല്‍ സംഭവം വിവാദമായതോടെ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഫിഫ രംഗത്തെത്തി. ഇതോടെയാണ് നായകന്‍മാര്‍ തീരുമാനം പിന്‍വലിച്ചത്.

‘വണ്‍ ലവ്’ ആംബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങിയാല്‍ മത്സരം തുടങ്ങി അടുത്ത നിമിഷം തന്നെ മഞ്ഞ കാര്‍ഡ് കാണിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഫ നിലപാടെടുത്തതോടെയാണ് ഇവരുടെ പിന്‍മാറ്റം.

ഏഴ് ടീമുകളും സംയുക്ത പ്രസ്താവന നടത്തിയാണ് പിന്‍മാറ്റം പ്രഖ്യാപിച്ചത്. ഫിഫയുടെ തീരുമാനത്തില്‍ കടുത്ത നിരാശയുണ്ടെന്നും ടീമുകള്‍ അറിയിച്ചു.

ഫിഫയുടെ നിയമപ്രകാരം ആം ബാന്‍ഡുകളിലും മറ്റും അവരവരുടേതായ ഡിസൈന്‍ ഉള്‍പ്പെടുത്തുന്നതില്‍ നിന്നും ടീമുകളെ വിലക്കിയിട്ടുണ്ട്. ഗവേണിങ് ബോഡി നല്‍കുന്ന എക്യുപ്‌മെന്റുകളായിരിക്കണം ടീം ഉപയോഗിക്കേണ്ടത് എന്നാണ് ചട്ടം.

പല യൂറോപ്യന്‍ ടീമുകളും വണ്‍ ലവ് ബാന്‍ഡുമായി മുന്നോട്ട് പോയപ്പോള്‍ അതിനെതിരെ നില്‍ക്കുന്ന നിലപാടായിരുന്നു ഫ്രാന്‍സ് നായകന്‍ ഹ്യൂഗോ ലോറിസ് കൈക്കൊണ്ടത്. ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റും വിഷയത്തില്‍ സമാന നിലപാടായിരുന്നു കൈക്കൊണ്ടത്.

Content highlight: Harry Kane withdraws from wearing One Love band

We use cookies to give you the best possible experience. Learn more