എല്‍.ജി.ബി.ടി.ക്യു പ്ലസ് വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരെ പിന്തുണക്കാനുമായുള്ള യൂറോപ്യന്‍ ടീമുകളുടെ തീരുമാനത്തിന് റെഡ് കാര്‍ഡ് കാണിച്ചുകൊണ്ട് ഫിഫ രംഗത്ത് വന്നിരുന്നു.
വണ്‍ ലവ് ക്യാമ്പെയ്‌നിന്റെ ഭാഗമായി മഴവില്‍ ബാന്‍ഡ് ധരിച്ച് കളത്തിലിറങ്ങിയാല്‍ അടുത്ത നിമിഷം തന്നെ യെല്ലോ കാര്‍ഡ് കണിക്കുമെന്നായിരുന്നു ഫിഫയുടെ ശാസനം.
ഈ തീരുമാനത്തിന് പിന്നാലെ തങ്ങള്‍ മഴവില്‍ ആം ബാന്‍ഡ് ധരിക്കില്ലെന്ന് വ്യക്തമാക്കി യൂറോപ്യന്‍ ടീമുകളുടെ ക്യാപ്റ്റന്‍മാരും രംഗത്തെത്തിയിരുന്നു. ഫിഫയുടെ തീരുമാനത്തോട് അമര്‍ഷം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഹാരി കെയ്ന്‍ അടക്കമുള്ള നായകന്‍മാര്‍ ഈ നീക്കത്തില്‍ നിന്നും പിന്‍വലിഞ്ഞത്.
ഇംഗ്ലണ്ട്, വെയ്ല്‍സ്, ബെല്‍ജിയം, ഹോളണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, ഡെന്‍മാര്‍ക് ടീമുകളുടെ നായകന്‍മാരായിരുന്നു ‘വണ്‍ ലവ്’ ആം ബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങുമെന്ന് പ്രഖ്യാപിച്ചത്.
എന്നാല്‍ ഇറാനെതിരായ മത്സരത്തില്‍ വണ്‍ ലവ് ആം ബാന്‍ഡിന് പകരം മറ്റൊരു ആം ബാന്‍ഡായിരുന്നു ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ ധരിച്ചത്. ‘നോ ഡിസ്‌ക്രിമിനേഷന്‍ (No Discrimination)’ എന്നെഴുതിയ ആം ബാന്‍ഡാണ് താരം ധരിച്ചത്. ആരോടും വിവേചനം പാടില്ലെന്ന സന്ദേശമുയര്‍ത്തിയാണ് താരം കളത്തിലിറങ്ങിയത്.
Instead of the ‘One Love’ armband, England captain Harry Kane is wearing one that says ‘No Discrimination’ for their opening World Cup game. pic.twitter.com/f5FSZK1ngE
ഒരര്‍ത്ഥത്തിലെല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ തങ്ങള്‍ ആ ക്യാമ്പെയ്‌നുമായി മുന്നോട്ട് പോകുമെന്ന നിലപാട് തന്നെയാണ് ഇതിലൂടെ ഇംഗ്ലണ്ട് സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, 2022 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇറാനെ തരിപ്പണമാക്കി ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയിരുന്നു. രണ്ടിനെതിരെ ആറ് ഗോളിനാണ് ഇംഗ്ലണ്ട് ഏഷ്യന്‍ ശക്തികളെ തകര്‍ത്തുവിട്ടത്.
35ാം മിനിട്ടില്‍ ജൂഡ് ബെല്ലിങ്ഹാം തുടങ്ങിവെച്ച വെടിക്കെട്ട് ഇംഗ്ലണ്ട് അവസാന നിമിഷം വരെ തുടര്‍ന്നു.
ഇംഗ്ലണ്ടിനായി ബുക്കോയോ സാക്ക ഇരട്ട ഗോള്‍ നേടിയപ്പോള്‍ റഹീം സ്‌റ്റെര്‍ലിങ്, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജാക്ക് ഗ്രെലിഷ് എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.
മത്സരത്തിന്റെ 65ാം മിനിട്ടിലാണ് ഇറാന്‍ ആദ്യ ഗോള്‍ നേടിയത്. മെഹ്ദി തരേമിയാണ് ഇറാനായി ഗോള്‍ നേടിയത്. ആഡ് ഓണ്‍ സമയത്ത് ലഭിച്ച പെനാല്‍ട്ടിയും താരം ഇറാനായി വലയിലാക്കിയതോടെയാണ് ഇറാന്‍ രണ്ട് ഗോളിലെത്തിയത്.