| Wednesday, 30th August 2023, 6:37 pm

ബയേണിനൊപ്പം കിരീടം നേടുക മാത്രമല്ല; മറ്റൊരു ആഗ്രഹം കൂടി വെളിപ്പെടുത്തി ഹാരി കെയ്ന്‍

സ്പോര്‍ട്സ് ഡെസ്‌ക്

സമ്മര്‍ സീസണിലെ ഏറ്റവും വലിയ ട്രാന്‍സ്ഫറിലാണ് ഇംഗ്ലണ്ട് സൂപ്പര്‍ സ്ട്രൈക്കര്‍ ഹാരി കെയ്ന്‍ ടോട്ടന്‍ഹാമുമായുള്ള ദീര്‍ഘകാല ബന്ധം അവസാനിപ്പിച്ച് ജര്‍മന്‍ ക്ലബായ ബയേണ്‍ മ്യൂണിക്കിലെത്തുന്നത്. ഗോളുകള്‍ അടിച്ച് കൂട്ടുമ്പോഴും കരിയറില്‍ ഇതുവരെ ഒരു കിരീടം നേടാനായില്ലെന്ന കുറവ് നികത്താനായിരുന്നു താരത്തിന്റെ ഈ കൂടുമാറ്റം.

19 വര്‍ഷത്തിന് ശേഷം ടോട്ടന്‍ഹാം വിടുമ്പോള്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന രണ്ടാമത്തെ കളിക്കാരനെന്ന (213 ഗോളുകള്‍) പേരെടുത്തപ്പോഴും താരത്തിന് ടീമിനൊപ്പം ഒരു ട്രോഫി നേടാനായിരുന്നില്ല.

ബയേണിനൊപ്പം കിരീടങ്ങള്‍ നേടുന്നതിനൊപ്പം തന്റെ ഏറ്റവും വലിയ സ്വപ്‌നമായ ബാലണ്‍ ഡി ഓര്‍ കൂടി സ്വന്തമാക്കണമെന്ന് പറഞ്ഞിരിക്കുകയാണ് കെയ്ന്‍. ഗോളുകള്‍ അടിക്കുകയും ടീം ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗും നേടിയാല്‍ ബാലണ്‍ ഡോര്‍ നേടാനുള്ള സാധ്യതയുണ്ടെന്നും കെയ്ന്‍ പറഞ്ഞു. താരത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, ബയേണ്‍ മ്യൂണിക്കിലെത്തിയതിന് ശേഷം ഗോള്‍ വേട്ട ആരംഭിച്ചിരിക്കുകയാണ് കെയ്ന്‍. അരങ്ങേറ്റ മത്സരത്തില്‍ ഒരു ഗോള്‍ നേടിയ കെയ്ന്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബയേണിനായി ഇരട്ട ഗോളുകള്‍ നേടി ടീമിന്റെ ജയം ഉറപ്പിച്ചിരുന്നു. ഓഗ്സ്ബര്‍ഗിനെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ബയേണ്‍ വിജയിച്ചത്.

മത്സരത്തിന്റെ 32ാം മിനിട്ടില്‍ സെല്‍ഫ് ഗോളിലൂടെ ബയേണ്‍ ലീഡെടുക്കുകയായിരുന്നു. 40ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ കെയ്ന്‍ ബയേണിന്റെ ലീഡ് ഇരട്ടിയാക്കി.

ആദ്യ പകുതി 2-0 എന്ന സ്‌കോറില്‍ അവസാനിച്ചു. രണ്ടാം പകുതിയില്‍ കെയ്ന്‍ തന്റെ രണ്ടാം ഗോള്‍ നേടി. 69ാം മിനിട്ടില്‍ അല്‍ഫോണോസ് ഡേവിസിന്റെ പാസില്‍ നിന്നായിരുന്നു കെയ്നിന്റെ രണ്ടാം ഗോള്‍ പിറന്നത്. കളിച്ച രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവുമായി ആറ് പോയിന്റുകളാണ് ബയേണ്‍ മ്യൂണിക്കിന്റെ അക്കൗണ്ടിലുള്ളത്.

Content Highlights: Harry  Kane wants to win Ballon d’or

We use cookies to give you the best possible experience. Learn more