റഷ്യന്‍ ലോകകപ്പിനായുള്ള ഇംഗ്ലണ്ട് ടീമിനെ ടോട്ടന്‍ഹാം ഫോര്‍വേര്‍ഡ് ഹാരി കീന്‍ നയിക്കും. ടീമിന്റെ പരിശീലകനായ ഗ്യരത് സൗത്ത്‌ഗേറ്റാണ് കീനിന്റെ പേര് നിര്‍ദേശിച്ചത്. 23 തവണ ഇംഗ്ലണ്ട് ജഴ്‌സിയണിഞ്ഞിട്ടുള്ള ഹാരികീന്‍ കഴിഞ്ഞ സീസണില്‍ ടോട്ടന്‍ഹാമിനായി 30 ഗോളുകള്‍ നേടിയിരുന്നു.
കഴിഞ്ഞ വര്‍ഷം സ്‌കോട്‌ലാന്‍ഡിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കീന്‍ ആദ്യമായി ക്യാപ്റ്റന്റെ ആംബാന്‍ഡ് ധരിച്ചിരുന്നു. പിന്നീട് മൂന്നു മത്സരങ്ങളില്‍ കൂടി അദ്ദേഹത്തിന് ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചിരുന്നു.
വെയ്ന്‍ റൂണിയെ മാറ്റിയതിന് ശേഷം ലിവര്‍പൂള്‍ ക്യാപ്റ്റന്‍ ജോര്‍ദന്‍ ഹെന്‍ഡേഴ്‌സണും ടോട്ടന്‍ഹാം മിഡ്ഫില്‍ഡര്‍ എറിക് ഡയറുമായിരുന്നു ഇംഗ്ലണ്ടിനെ നയിച്ചിരുന്നത്. രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള ഇംഗ്ലണ്ടിന്റെ 22ാമത് സ്ഥിരം ക്യാപ്റ്റനാവുകയാണ് ഇപ്പോള്‍ കീന്‍.
തന്നെ തേടിയെത്തിയിരിക്കുന്നത് വലിയ അംഗീകാരമാണെന്ന് ഹാരികീന്‍ പറഞ്ഞു. വളര്‍ന്നു വരുമ്പോള്‍ ഇംഗ്ലണ്ടിനായി കളിക്കുകയെന്നതായിരുന്നു സ്വപ്‌നം ഇപ്പോള്‍ ക്യാപ്റ്റനായിരിക്കുകയാണെന്നും ഹാരികീന്‍ പറഞ്ഞു.
ജൂണ്‍ 18ന് തുനീഷ്യക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ജിയില്‍ പനാമയെയും ബെല്‍ജിയത്തെയുമാണ് പിന്നീട് ഇംഗ്ലണ്ടിന് നേരിടാനുള്ളത്.