| Saturday, 7th September 2024, 3:56 pm

ഫുട്ബോളിൽ ഇനിമുതൽ ഞാൻ അദ്ദേഹത്തെ പോലെയായിരിക്കും കളിക്കുക: ഹാരി കെയ്ൻ

സ്പോര്‍ട്സ് ഡെസ്‌ക്

2024 യുവേഫ നേഷന്‍സ് ലീഗിലെ ആദ്യ മത്സരത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് ഇംഗ്ലണ്ട് ടീം. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ അയര്‍ലാന്‍ഡിനെതിരെയാണ് ഇംഗ്ലീഷ് പട കളത്തിലിറങ്ങുന്നത്.

അടുത്തിടെ അവസാനിച്ച യൂറോകപ്പിന്റെ ഫൈനലില്‍ സ്‌പെയ്‌നിനോട് ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ യൂറോകപ്പിലേറ്റ തിരിച്ചടികളില്‍ നിന്നും കരകയറാനായിരിക്കും ത്രീ ലയണ്‍സ് യുവേഫ നേഷന്‍സ് ലീഗില്‍ ലക്ഷ്യം വെക്കുക.

ആവേശകരമായ ഈ മത്സരത്തിനു മുന്നോടിയായി തന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം എന്താണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി കെയ്ന്‍.

പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെപോലെ ഓരോ മത്സരങ്ങളിലും ഗോളടിക്കുകയാണ് തന്റെ മുന്നിലുള്ള ലക്ഷ്യമെന്നാണ് കെയ്ന്‍ പറഞ്ഞത്.

‘റൊണാള്‍ഡോ ഒരു മാതൃകയാണ്. അദ്ദേഹം എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരം എന്നതില്‍ മാത്രമല്ല, മികച്ച രീതിയില്‍ എത്രനേരം അദ്ദേഹത്തിന് കളിക്കാന്‍ ആകും എന്നതും കൂടിയാണ്. മാനസികമായും ശാരീരികമായും മികച്ച പ്രകടനമാണ് ഇപ്പോള്‍ നടത്തുന്നത്. ഇതുപോലെ എനിക്കും ഇത് സാധ്യമാവുമെന്ന് ഞാന്‍ കരുതുന്നു.

മെസി, ലെവന്‍ഡോസ്‌കി, ബെന്‍സിമ എന്നീ താരങ്ങളെല്ലാം 30ുകളുടെ മധ്യത്തില്‍ എത്തുമ്പോഴും അവരുടെ കളി മികവ് വളരെ ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്. അതുപോലെ എല്ലാ ആഴ്ചയിലും നടക്കുന്ന ഓരോ മത്സരങ്ങളിലും സ്‌കോര്‍ ചെയ്യാനാണ് ഞാന്‍ ലക്ഷ്യവെക്കുന്നത്. അതാണ് എന്റെ മുന്നിലുള്ള ലക്ഷ്യമെന്ന് റൊണാള്‍ഡോ എനിക്ക് കാണിച്ചു തന്നു,’ ഹാരി കെയ്ന്‍ പറഞ്ഞു.

ഇംഗ്ലണ്ട് ടീമിനൊപ്പമുഉള്ള തന്റെ നൂറാം മത്സരത്തിനാണ് ഹാരി കെയ്ന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ 99 മത്സരങ്ങളില്‍ നിന്നും 66 തവണയാണ് ബയേണ്‍ മ്യൂണിക് സ്ട്രൈക്കര്‍ എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. താരത്തിന്റെയും മിന്നും പ്രകടനം ഐറിഷ് ടീമിനെതിരെയും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

അതേസമയം യുവേഫ നേഷന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ ക്രോയേഷ്യക്കെതിരെ ഗോള്‍ നേടിയതിനു പിന്നാലെ ഒരു ചരിത്രനേട്ടവും റൊണാള്‍ഡോ കൈപ്പിടിയിലാക്കിയിരുന്നു. ഫുട്‌ബോള്‍ കരിയറില്‍ 900 ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്കാണ് റൊണാള്‍ഡോ ചുവടുവെച്ചത്. ഫുട്‌ബോളില്‍ 900 ഗോളുകള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി മാറാനും റൊണാള്‍ഡോക്ക് സാധിച്ചു.

Content Highlight: Harry Kane Talks About Cristaino Ronaldo

We use cookies to give you the best possible experience. Learn more