| Saturday, 26th November 2022, 11:37 am

അഞ്ച് കോടിയുടെ 'മഴവില്‍ വാച്ച്' അണിഞ്ഞ് ഹാരി കെയ്ന്‍; ചിത്രങ്ങള്‍ വൈറലാകുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ വിലക്കിയ ‘വണ്‍ ലവ്’ ആം ബാന്‍ഡിന് പകരം മഴവില്ലിന്റെ നിറമുള്ള ഡയമണ്ട് റിസ്റ്റ് വാച്ച് ധരിച്ച് ഇംഗ്ലണ്ട് താരം ഹാരി കെയ്ന്‍. എല്‍.ജി.ബി.ടി.ക്യൂ പ്ലസ് വിഭാഗക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് വ്യത്യസ്തമായ പ്രതിഷേധവുമായാണ് ഹാരി കെയ്ന്‍ രംഗത്തെത്തിയിരിക്കുന്നത്.

വണ്‍ ലവ് ക്യാമ്പെയ്നിന്റെ ഭാഗമായി മഴവില്‍ ബാന്‍ഡ് ധരിച്ച് കളത്തിലിറങ്ങരുതെന്ന് യൂറോപ്യന്‍ രാജ്യങ്ങളോട് ഫിഫ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫിഫയുടെ ഈ തീരുമാനത്തോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ടായിരുന്നു കെയ്‌നിന്റെ പ്രവൃത്തി.

ഇറാന് എതിരെയുള്ള മത്സരത്തിനായി എത്തിയപ്പോഴാണ് കെയ്ന്‍ മഴവില്‍ വാച്ച് ധരിച്ചത്. ഡ്രസിങ് റൂമിലേക്ക് സഹതാരങ്ങള്‍ക്കൊപ്പം നടന്ന് നീങ്ങുമ്പോള്‍ കെയ്‌നിന്റെ കയ്യിലെ വാച്ച് മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പതിയുകയായിരുന്നു.

ലക്ഷ്വറി വാച്ച് നിര്‍മാതാക്കളായ റോളക്‌സിന്റെ ഡേടോണ റെയിന്‍ബോ വാച്ചാണ് താരം അണിഞ്ഞിരുന്നത്. 18 കാരറ്റ് റോസ് ഗോള്‍ഡിലാണ് വാച്ച് നിര്‍മിച്ചിരിക്കുന്നത്. ഡയമണ്ടുകളടക്കം അമൂല്യങ്ങളായ കല്ലുകള്‍ വാച്ചില്‍ പതിപ്പിച്ചിട്ടുണ്ട്. ഏകദേശം അഞ്ച് കോടി രൂപയാണ് വാച്ചിന്റെ വില.

വിവാദങ്ങളുടെയും പ്രതിഷേധങ്ങളുടെയും വേലിയേറ്റത്തിനാണ് ഖത്തര്‍ ലോകകപ്പ് സാക്ഷ്യം വഹിക്കുന്നത്. മനുഷ്യാവകാശം പറഞ്ഞ് യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ നയങ്ങളില്‍ വിട്ടുവീഴ്ച്ചയില്ലാതെ ഖത്തറും മുന്നോട്ടു പോകുന്നതാണ് ലോകകപ്പിന്റെ ആദ്യ ആഴ്ച്ചയില്‍ കണ്ടത്. ഇപ്പോഴിതാ വ്യത്യസ്ത പ്രതിഷേധങ്ങളുമായി രംഗത്തെത്തുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍.

മഴവില്‍ നിറങ്ങളാണ് എല്‍.ജി.ബി.ടി.ക്യൂ പ്ലസ് വിഭാഗക്കാര്‍ക്കുള്ള പിന്തുണ അറിയിക്കാന്‍ ഉപയോഗിക്കുന്നത്. ഖത്തറിന്റെ നിര്‍ദേശപ്രകാരം ഫിഫ ഇത് വിലക്കിയിരുന്നു.

വണ്‍ ലവ് ആംബാന്‍ഡ് കെട്ടി വന്നാല്‍ മഞ്ഞക്കാര്‍ഡ് നല്‍കുമെന്ന് പറഞ്ഞതോടെയാണ് ടീമുകള്‍ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങിയത്. എന്നാല്‍ കെയ്ന്‍ ഈ വാച്ച് മനപൂര്‍വം അണിഞ്ഞതാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ടീമുകള്‍ക്ക് വിലക്കുണ്ടെങ്കിലും വിവിധ രാജ്യങ്ങളുടെ മന്ത്രിമാര്‍ വണ്‍ ലവ് ബാന്‍ഡ് അണിഞ്ഞാണ് വിവിധ വേദികളില്‍ കളി കാണാനെത്തുന്നത്. നയതന്ത്ര പരിരക്ഷ ഉള്ളതിനാല്‍ മന്ത്രിമാരെ തടയാന്‍ ഖത്തറിനോ ഫിഫയ്ക്കോ സാധ്യവുമല്ല.

Content Highlights: Harry Kane spotted wearing rainbow wrist watch at Qatar, pictures go viral

We use cookies to give you the best possible experience. Learn more