ബുണ്ടസ്ലീഗയില്‍ ഡാര്‍മ്സ്റ്റാട്‌നെ ഗോള്‍ മഴയില്‍ മുക്കി ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്. ഡാര്‍മ്സ്റ്റാട്‌നെ എതിരില്ലാത്ത ഏട്ട് ഗോളുകള്‍ക്കാണ് ബയേണ്‍ തകര്‍ത്തത്.
മത്സരത്തില്‍ ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ തകര്‍പ്പന്‍ ഹാട്രിക് സ്വന്തമാക്കി. കെയ്‌നിന്റെ സീസണിലെ രണ്ടാം ഹാട്രിക് ആണിത്. 51′, 69′, 88′ എന്നീ മിനിറ്റുകളിലായിരുന്നു താരത്തിന്റ മൂന്ന് ഗോളുകള്‍ പിറന്നത്.
ഈ മികച്ച പ്രകടനത്തിലൂടെ മറ്റൊരു നേട്ടത്തിലെത്താനും കെയ്‌നിന് സാധിച്ചു. നിലവില്‍ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളില്‍ 15 ലധികം ഗോള്‍ കോണ്ട്രിബൂഷന്‍ ഉള്ള ഒരേയൊരു താരം ഇംഗ്ലണ്ടിന്റെ നായകനാണ്.
ബയേണ്‍ മ്യൂണിക്കിനായി 13 മത്സരങ്ങളില്‍ നിന്നും 14 ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് കെയ്ന്‍ നേടിയിട്ടുള്ളത്.
ബയേണിന്റെ ഹോം ഗ്രൗണ്ടായ അലിയന്‍സ് അറീനയില്‍ നടന്ന മത്സരത്തില്‍ നാലാം മിനിട്ടില്‍ ജോഷുവ കിമ്മിച്ചാണ് ഗോളടി മേളക്ക് തുടക്കം കുറിച്ചത്. ആദ്യ പകുതിയില്‍ 21, 41 മിനിട്ടുകളില്‍ ഡാര്‍മ്സ്റ്റാടിന്റെ രണ്ട് താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
രണ്ടാം പകുതിയില്‍ ഒന്‍പത് പേരുമായാണ് സന്ദര്‍ശകര്‍ കളിച്ചത്. ഇത് കൃത്യമായി മുതലെടുക്കാന്‍ ബയേണ്‍ മ്യൂണികിന് സാധിച്ചു. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഏഴ് ഗോളുകള്‍ ആണ് എതിരാളികളുടെ പോസ്റ്റിലേക്ക് ബയേണ്‍ അടിച്ചുകയറ്റിയത്.
ഹാരി കെയ്ന്‍ 51′, 69′, 88′, ലിയോറി സനെ 56′, 54′, ജമാല്‍ മുസിയാല 60′, 76′, തോമസ് മുള്ളര്‍ 71′ എന്നിവരാണ് ഗോള്‍ നേടിയത്.
ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 8-0ത്തിന്റെ തകര്‍പ്പന്‍ ജയം ബയേണ്‍ മ്യൂണിക് സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ ഒന്‍പത് മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും രണ്ട് സമനിലയുമടക്കം 23 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബയേണ്‍ മ്യൂണിക്.
Content Highlight: Harry Kane score hatric and Bayern Munic won in Bundesliga.