കിരീടശാപം മാറ്റാന്‍ ഹാരി കെയ്‌ന് വേണ്ടത് ഒറ്റ ജയം മാത്രം; സ്പാനിഷ് കോട്ട തകര്‍ക്കാന്‍ ഇംഗ്ലണ്ട് നായകന്‍
DSport
കിരീടശാപം മാറ്റാന്‍ ഹാരി കെയ്‌ന് വേണ്ടത് ഒറ്റ ജയം മാത്രം; സ്പാനിഷ് കോട്ട തകര്‍ക്കാന്‍ ഇംഗ്ലണ്ട് നായകന്‍
Sudev A
Thursday, 11th July 2024, 11:14 am

2024 യൂറോ കപ്പിന്റെ സെമിഫൈനലില്‍ നെതര്‍ലാന്‍ഡ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചിരിക്കുകയാണ്. ജൂലൈ 15ന് നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ സ്പെയ്നിനെയാണ് ഇംഗ്ലണ്ട് നേരിടുക. കഴിഞ്ഞ യൂറോ കപ്പിന്റെ ഫൈനലില്‍ ഇറ്റലിക്കെതിരെ വീണുപോയ ഇംഗ്ലീഷ് പടക്ക് കിരീടം തിരിച്ചുപിടിക്കാനുള്ള അവസരം കൂടിയാണ് മുന്നിലെത്തി നില്‍ക്കുന്നത്.

ഇപ്പോഴിതാ മറ്റൊരു ഫൈനല്‍ കൂടി മുന്നില്‍ വന്നെത്തിനില്‍ക്കുമ്പോള്‍ ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്നിന്റെ ഫുട്ബോള്‍ കരിയറിലെ കിരീട വരള്‍ച്ചയ്ക്ക് അന്ത്യം കുറിക്കുമോ എന്നാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

തന്റെ ഫുട്ബോള്‍ കരിയറില്‍ രാജ്യാന്തരതലത്തിലും ക്ലബ്ബ് തലത്തിലും ഒരു കിരീടം പോലും നേടിയെടുക്കാന്‍ ഹാരി കെയ്ന് സാധിച്ചിട്ടില്ല. ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടന്‍ഹാം ഹോട്സ്പറിനായി അവിസ്മരണീയമായ ഒരു കരിയര്‍ കെട്ടിപ്പടുത്തുയര്‍ത്തിയ കെയ്ന് കിരീടം മാത്രം അകലെ നില്‍ക്കുകയായിരുന്നു.

2009 മുതല്‍ 2023 വരെയാണ് ഹാരി കെയ്ന്‍ സ്പര്‍സിന് വേണ്ടി ബൂട്ട് കെട്ടിയത്. ടോട്ടന്‍ഹാമിനായി 213 ഗോളുകളാണ് ഇംഗ്ലീഷ് നായകന്‍ അടിച്ചുകൂട്ടിയത്. ടോട്ടന്‍ഹാമിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരില്‍ ഒരാളും കൂടിയാണ് കെയ്ന്‍.

എന്നാല്‍ സ്പര്‍സ് ജേഴ്സിയില്‍ ഒരു കിരീടം നേടാനുള്ള ഭാഗ്യം കെയ്ന് ലഭിക്കാതെ പോവുകയായിരുന്നു. ടോട്ടന്‍ഹാമിനൊപ്പം മൂന്ന് ഫൈനലുകളില്‍ ആണ് ഹാരി കെയ്ന്‍ കളിച്ചത്. 2015ല്‍ കാരബാവോ കപ്പിന്റെ ഫൈനലില്‍ ചെല്‍സിക്കെതിരെയായിരുന്നു കെയ്ന്‍ ആദ്യ ഫൈനലില്‍ സ്പര്‍സിന് വേണ്ടി പന്ത് തട്ടുന്നത്.

തുടര്‍ന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2019 ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ ലിവര്‍പൂളിന്റെ മുന്നിലും ടോട്ടന്‍ഹാം പരാജയപ്പെടുകയായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കാരബാവോ കപ്പിന്റെ ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടും പരാജയപ്പെട്ട് കെയ്നിന്റെയും കൂട്ടരുടെയും കിരീട പ്രതീക്ഷകള്‍ അവസാനിക്കുകയായിരുന്നു.

 

ഒടുവില്‍ 2023ല്‍ ഇംഗ്ലീഷ് ക്ലബ്ബിനൊപ്പമുള്ള നീണ്ട 14 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിലേക്ക് കൂടുമാറുകയായിരുന്നു കെയ്ന്‍. തന്റെ ആദ്യ സീസണില്‍ തന്നെ ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഹാരി കെയ്ന്‍ ജര്‍മനിയില്‍ മിന്നും പ്രകടനങ്ങള്‍ നടത്തിയത്.

ബവേറിയന്‍സിനൊപ്പം തന്റെ ആദ്യ സീസണില്‍ തന്നെ 44 ഗോളുകളും 12 അസിസ്റ്റുകളും ആണ് ഇംഗ്ലണ്ട് സൂപ്പര്‍ താരം നേടിയെടുത്തത്. ടീമിനുവേണ്ടി ഇത്രയധികം മികച്ച സംഭാവനകള്‍ ചെയ്തിട്ടും ഈ സീസണില്‍ ബയേണിന് കിരീടം നേടാന്‍ സാധിക്കാതെ പോവുകയായിരുന്നു.

ബുണ്ടസ്‌ലീഗയില്‍ ബയേണ്‍ മ്യൂണിക്കിന്റെ നീണ്ട വര്‍ഷക്കാലത്തെ ആധിപത്യം അവസാനിപ്പിച്ചുകൊണ്ട് സാബി അലോണ്‍സയുടെ കീഴില്‍ ബയര്‍ ലെവര്‍കൂസനാണ് ചാമ്പ്യന്മാരായത്.

ബുണ്ടസ്‌ലീഗക്ക് പുറമേ ചാമ്പ്യന്‍സ് ലീഗ്, ഡി.എഫ്.ബി പോക്കല്‍ എന്നീ കിരീടങ്ങളും ബയേണിന് നഷ്ടമായി. നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായമാണ് ഒരു കിരീടങ്ങള്‍ പോലും നേടാതെ ബയേണ്‍ ഒരു സീസണ്‍ അവസാനിപ്പിക്കുന്നത്. ഇതോടുകൂടി തന്റെ ആദ്യ സീസണില്‍ തന്നെ ബയേണിനൊപ്പം കിരീടം നേടിയെടുക്കുക എന്നുള്ള സ്വപ്നവും അവസാനിക്കുകയായിരുന്നു.

രാജ്യാന്തര തലത്തിലേക്ക് വരുകയാണെങ്കില്‍ ഇംഗ്ലണ്ടിനൊപ്പവും ട്രോഫിയില്ലാത്ത ഒരു നിര്‍ഭാഗ്യകരമായ ഫുട്ബോള്‍ യാത്ര ആയിരുന്നു കെയ്നിന്റേത്. 2018 ലോകകപ്പ് സെമിഫൈനല്‍, 2019 നാഷണല്‍ സെമിഫൈനല്‍, 2020 യൂറോ കപ്പ് ഫൈനല്‍, 2022 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ എന്നിവിടങ്ങളിലെല്ലാം അവസാനം നിമിഷങ്ങളില്‍ കെയ്ന്‍ കാലിടറി വീഴുകയായിരുന്നു.

ഇപ്പോഴിതാ സ്വന്തം രാജ്യത്തിനൊപ്പം മറ്റൊരു സ്വപ്നതുല്യമായ ഫൈനലിനായി കെയ്ന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. സ്പാനിഷ് കടമ്പ കൂടിക്കടക്കാന്‍ ഇംഗ്ലണ്ട് നായകന് സാധിച്ചാല്‍ ഇംഗ്ലണ്ടിന്റെയും ഹാരി കെയ്നിന്റെയും നീണ്ടകാലത്തെ കിരീട വരള്‍ച്ചക്കായിരിക്കും അന്ത്യം കുറിക്കുക.

 

Content Highlight: Harry Kane’s chances of winning the first title of his football career

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.