| Monday, 2nd October 2023, 1:16 pm

'ഒരിക്കലും പണത്തിന് വേണ്ടിയായിരുന്നില്ല'; എന്തുകൊണ്ട് ടോട്ടന്‍ഹാം ഉപേക്ഷിച്ചുവെന്ന് കെയ്ന്‍

സ്പോര്‍ട്സ് ഡെസ്‌ക്

സമ്മര്‍ സീസണിലെ ഏറ്റവും വലിയ ട്രാന്‍സ്ഫറിലാണ് ഇംഗ്ലണ്ട് സൂപ്പര്‍ സ്ട്രൈക്കര്‍ ഹാരി കെയ്ന്‍ ടോട്ടന്‍ഹാമുമായുള്ള ദീര്‍ഘകാല ബന്ധം അവസാനിപ്പിച്ച് ജര്‍മന്‍ ക്ലബായ ബയേണ്‍ മ്യൂണിക്കിലെത്തുന്നത്.

19 വര്‍ഷത്തിന് ശേഷം ടോട്ടന്‍ഹാം വിടുമ്പോള്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന രണ്ടാമത്തെ കളിക്കാരനെന്ന (213 ഗോളുകള്‍) പേരെടുത്തപ്പോഴും താരത്തിന് ടീമിനൊപ്പം ഒരു ട്രോഫി നേടാനായിരുന്നില്ല.

വലിയ വെല്ലുവിളികള്‍ സ്വീകരിച്ചാണ് താരം ജര്‍മന്‍ ക്ലബ്ബിലേക്ക് ചേക്കേറുന്നത്. ഗോളുകള്‍ അടിച്ച് കൂട്ടുമ്പോഴും കരിയറില്‍ ഇതുവരെ ഒരു കിരീടം നേടാനായില്ലെന്ന കുറവ് നികത്താനായിരുന്നു താരത്തിന്റെ ഈ കൂടുമാറ്റം.

തന്റെ കൂടുമാറ്റത്തിന് പ്രേരിപ്പിച്ച കാരണങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം. ക്രിസ്റ്റ്യന്‍ ഫാക്കിന് നല്‍കിയ അഭിമുഖത്തിലാണ് കെയ്ന്‍ ക്ലബ്ബ് ട്രാന്‍സ്ഫറിനെ കുറിച്ച് സംസാരിച്ചത്.

‘ഒരുപാട് ആളുകള്‍ ട്രോഫികളെക്കുറിച്ച് പറയുന്നത് കേട്ടു. എന്നാല്‍ അതുമാത്രമല്ല ഞാന്‍ ബയേണ്‍ മ്യൂണിക്കില്‍ എത്താന്‍ കാരണം. ഏറ്റവും മികച്ച ലീഗില്‍ കളിച്ച് ഞാന്‍ കൂടുതല്‍ മെച്ചപ്പെടാനുണ്ട്.

കരിയറില്‍ അടുത്ത സ്റ്റെപ് എടുത്തുവെക്കാനുള്ള അവസരം ഇതാണെന്ന് എനിക്ക് തോന്നി. എനിക്ക് പലതും എക്സ്പിരിയന്‍സ് ചെയ്യണമായിരുന്നു. ഒരുപാട് ടൈറ്റിലുകള്‍, ചാമ്പ്യന്‍സ് ലീഗ് അങ്ങനെ പല നേട്ടങ്ങളും സ്വന്തമാക്കണം. ഞാന്‍ കൂടുതല്‍ ബെറ്ററാകുന്നതിന് ബയേണ്‍ മികച്ച ക്ലബ്ബ് ആണെന്ന് എനിക്ക് തോന്നി,’ കെയ്ന്‍ പറഞ്ഞു.

ബയേണിനൊപ്പം കിരീടങ്ങള്‍ നേടുന്നതിനൊപ്പം തന്റെ ഏറ്റവും വലിയ സ്വപ്നമായ ബാലണ്‍ ഡി ഓര്‍ കൂടി സ്വന്തമാക്കണമെന്ന് പറഞ്ഞിരിക്കുകയാണ് കെയ്ന്‍. ഗോളുകള്‍ അടിക്കുകയും ടീം ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗും നേടിയാല്‍ ബാലണ്‍ ഡി ഓര്‍ നേടാനുള്ള സാധ്യതയുണ്ടെന്നും കെയ്ന്‍ പറഞ്ഞു. താരത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ബയേണ്‍ മ്യൂണിക്കിലെത്തിയതിന് ശേഷം ഗോള്‍ വേട്ട ആരംഭിച്ചിരിക്കുകയാണ് കെയ്ന്‍. ബയേണിനൊപ്പം കളിച്ച മത്സരത്തില്‍ 300ാം ഗോള്‍ നേട്ടം സ്വന്തമാക്കാന്‍ കെയ്‌നിന് സാധിച്ചിരുന്നു. ക്ലബ്ബ് കരിയറില്‍ താരം നേടിയ 280 ഗോളുകളും ടോട്ടന്‍ഹാമിന് വേണ്ടിയായിരുന്നു. ഒമ്പതെണ്ണം മില്‍വാളിനും അഞ്ചെണ്ണം ലീട്ടന്‍ ഓറിയന്റിനും നാലെണ്ണം ബയേണിനും രണ്ടെണ്ണം ലെസ്റ്ററിനും വേണ്ടിയായിരുന്നു.

Content Highlights: Harry Kane reveals the reason why he left Tottenham Hotspur

Latest Stories

We use cookies to give you the best possible experience. Learn more