| Sunday, 26th November 2023, 12:07 pm

ജര്‍മനിയില്‍ മിന്നും ഫോമിലാണെങ്കിലും, വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ ഉണ്ട്; വെളിപ്പെടുത്തലുമായി ഹാരി കെയ്ന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി കെയ്ന്‍ മിന്നും ഫോമിലാണ് കളിക്കുന്നത്. എന്നാല്‍ കെയ്ന്‍ ജര്‍മനിയില്‍ നേരിടുന്ന ജീവിത പ്രശ്‌നങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ബയേണ്‍ മ്യൂണിക്കില്‍ എത്തിയിട്ട് മൂന്ന് മാസം ആയിട്ടും തന്റെ കുട്ടികള്‍ക്ക് പോവാനായി സ്‌കൂളുകള്‍ ശരിയായിട്ടില്ലെന്നും കുട്ടികള്‍ക്ക് പഠിക്കാന്‍ ആവശ്യമായ സ്‌കൂളുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങളിലാണെന്നുമാണ് കെയ്ന്‍ വെളിപ്പെടുത്തിയത്.

‘ഫുട്‌ബോളിനെ മാറ്റി നിര്‍ത്തിയാല്‍ എനിക്ക് വ്യക്തിപരമായ ചില കാര്യങ്ങള്‍ ഇവിടെ ശ്രദ്ധിക്കാനുണ്ട്. എന്റെ കുട്ടികള്‍ക്ക് പഠിക്കാനുള്ള സ്‌കൂളുകള്‍ കണ്ടെത്താനും ഇവിടെ നന്നായി ജീവിക്കാന്‍ ശ്രമിക്കാനും അല്പം സമയം എടുക്കും. അതിനായി കളിക്കളത്തിലെ പ്രകടനങ്ങള്‍ തമ്മില്‍ ഒരു സന്തുലിതാവസ്ഥ കൊണ്ടുവരണം,’ ഹാരി കെയ്ന്‍ ഫോര്‍ ഫോര്‍ ടുവിനോട് പറഞ്ഞു.

ഈ സീസണില്‍ ഇംഗ്ലീഷ് വമ്പന്‍മാരായ ടോട്ടന്‍ഹാം ഹോട്‌സ്പറില്‍ നിന്നുമാണ് ഹാരി കെയ്ന്‍ ബയേണ്‍ മ്യൂണിക്കില്‍ എത്തുന്നത്. ബയേണ്‍ മ്യൂണിക്കിനായി മിന്നും ഫോമിലാണ് താരം കളിച്ചത്. ചാമ്പ്യന്‍സ് ലീഗിലും ബുണ്ടസ്ലീഗയിലും എതിരാളികളുടെ പോസ്റ്റിലേക്ക് ഗോളടിച്ചുകൂട്ടുകയാണ് കെയ്ന്‍.

ജര്‍മന്‍ വമ്പന്‍മാരോടൊപ്പം 16 മത്സരങ്ങളില്‍ നിന്നും 22 ഗോളുകളും ഏഴ് അസിസ്റ്റുകളും ആണ് കെയ്ന്‍ സ്വന്തമാക്കിയത്. ബുണ്ടസ്ലീഗ ചരിത്രപരമായ നേട്ടം സ്വന്തമാക്കാനും ഇംഗ്ലീഷ് നായകന് സാധിച്ചു.

ബുണ്ടസ്ലീഗയിലെ ആദ്യ 12 മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടമാണ് കെയ്ന്‍ സ്വന്തമാക്കിയത്. കെയ്നിന്റെ ഈ മിന്നും ഫോം വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക് നല്‍കുന്നത്.

ബുണ്ടസ്ലീഗയില്‍ 12 മത്സരങ്ങളില്‍ നിന്നും 32 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബയേണ്‍.

Content Highlight: Harry Kane reveals the personal problems in Bayern munich.

We use cookies to give you the best possible experience. Learn more