പുതിയ സീസണിന് മുന്നോടിയായുള്ള പ്രീ സീസണ്‍ മത്സരത്തില്‍ ഇംഗ്ലീഷ് വമ്പന്‍മാരായ ടോട്ടന്‍ഹാം ഹോട്ട്‌സ്പറിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക് പരാജയപ്പെടുത്തിയിരുന്നു. ഈ വിജയത്തിന് പിന്നാലെ വിസിറ്റ്മാള്‍ട്ട കപ്പ് എന്ന് പേരുള്ള ഈ കിരീടം ബയേണ്‍ സ്വന്തമാക്കിയിരുന്നു.
മത്സരത്തില്‍ ബയേണിനായി ദയോട്ട് ഔപമെക്കാനോ (16), സെര്‍ജി നാബ്രി (31), തോമസ് മുള്ളര്‍ (44) എന്നിവരാണ് ഗോളുകള്‍ നേടിയത്. ടോട്ടന്‍ഹാമിനായി ഡെജന്‍ കുലുസെവ്‌സ്‌കി (1, 61) ഇരട്ടഗോളും നേടി.
മത്സരം വിജയിച്ചതിനു പിന്നാലെ ജര്‍മന്‍ വമ്പന്മാര്‍ കിരീടം ഉയര്‍ത്തിയപ്പോഴുള്ള ഇംഗ്ലണ്ട് സൂപ്പര്‍താരം ഹാരി കെയ്‌നിന്റെ പ്രവര്‍ത്തിയാണ് ഏറെ ശ്രദ്ധേയമായത്. മത്സരം നടന്ന ടോട്ടന്‍ഹാമിന്റെ ഹോമിലെ ആരാധകര്‍ക്ക് മുന്നില്‍ ട്രോഫി ഉയര്‍ത്താന്‍ ഹാരി കെയ്ന്‍ വി സമ്മതിക്കുകയായിരുന്നു.
തന്റെ പഴയ ടീമിനെ തോല്‍പ്പിച്ചുകൊണ്ട് ബയേണ്‍ കിരീടം ഉയര്‍ത്തിയപ്പോള്‍ തന്റെ പഴയ തട്ടകത്തോടുള്ള ബഹുമാനസൂചകമായാണ് കെയ്ന്‍ കിരീടം ഉയര്‍ത്താന്‍ വിസമ്മതിച്ചത്.
Harry Kane, who was captain of Bayern Munich, refused to lift the pre-season trophy against his former club Tottenham today 🤍🏆 pic.twitter.com/I7uiGW0FRq
— Football on TNT Sports (@footballontnt) August 10, 2024
2009 മുതല്‍ 2023 വരെയാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരം ടോട്ടന്‍ഹാമിന് വേണ്ടി കളിച്ചിരുന്നത്. സ്പര്‍സിനായി 213 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. ടോട്ടല്‍ ഹാമിനായി മൂന്നു ഫൈനലുകള്‍ കളിച്ച താരത്തിന് ഒരു കിരീടം പോലും നേടാന്‍ സാധിക്കാതെ പോവുകയായിരുന്നു.
കഴിഞ്ഞ സീസണിലാണ് ഹാരി കെയ്ന്‍ ബയേണിലേക്ക് കൂടു മാറിയത്. ജര്‍മന്‍ വമ്പന്മാര്‍ക്കൊപ്പം ആദ്യ സീസണില്‍ തന്നെ തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടും താരത്തിന് കിരീടം നേടാന്‍ സാധിക്കാതെ പോവുകയായിരുന്നു.
കഴിഞ്ഞ സീസണില്‍ ബുണ്ടസ് ലീഗയില്‍ സാബി അലോണ്‍സയുടെ കീഴില്‍ ബയര്‍ ലെവര്‍കൂസന്‍ ആയിരുന്നു കിരീടം നേടിയത്. നീണ്ട 12 വര്‍ഷത്തിനുശേഷം ഇതാദ്യമായി ആയിരുന്നു ബയേണ്‍ ഒരു സീസണില്‍ കിരീടം നേടാതെ പോകുന്നത്.
അടുത്തിടെ അവസാനിച്ച യൂറോകപ്പിന്റെ ഫൈനല്‍ വരെ മുന്നേറാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു. എന്നാല്‍ കലാശ പോരാട്ടത്തില്‍ സ്‌പെയ്‌നിന് മുമ്പില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടുകൊണ്ട് ഇംഗ്ലണ്ടിന് കിരീടം നഷ്ടമാവുകയായിരുന്നു.
മറ്റൊരു സീസണ്‍ കൂടി മുന്നിലെത്തി നില്‍ക്കുമ്പോള്‍ ബയേണിനൊപ്പം ഹാരി കെയ്ന്‍ ഈ സീസണില്‍ കിരീടം ചൂടുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
Content Highlight: Harry Kane Refuse To Lift Trophy In Tottenham Hotspur Home Ground