| Monday, 26th August 2024, 9:47 am

ലോക ഫുട്ബോളിൽ ബ്രെയ്ൻ ഉപയോഗിച്ച് കളിക്കുന്ന താരം അദ്ദേഹമാണ്: ഹാരി കെയ്ൻ

സ്പോര്‍ട്സ് ഡെസ്‌ക്

ബുണ്ടസ് ലീഗയിലെ പുതിയ സീസണ്‍ ജയത്തോടെ തുടങ്ങി ബയേണ്‍ മ്യൂണിക്. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ വോള്‍സ്ബര്‍ഗിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബയേണ്‍ പരാജയപെടുത്തിയത്.

മത്സരത്തില്‍ ബയേണിനായി ജര്‍മന്‍ സൂപ്പര്‍താരം തോമസ് മുള്ളര്‍ മികച്ച പ്രകടനമാണ് നടത്തിയത്. മത്സരത്തില്‍ ബയേണിനായി ഒരു പുതിയ നാഴികകല്ലും മുള്ളര്‍ പിന്നിട്ടിരുന്നു. ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിനൊപ്പം 474 മത്സരങ്ങള്‍ എന്ന മൈല്‍സ്റ്റോണിലേക്ക് ജര്‍മന്‍ താരം നടന്നുകയറിയത്.

ഇതോടെ ബയേണിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമായി മാറാനും മുള്ളറിന് സാധിച്ചു. 473 മത്സരങ്ങള്‍ ബയേണിനൊപ്പം കളിച്ച സെപ്പ് മെയ്യറിനെ മറികടന്നുകൊണ്ടാണ് മുള്ളര്‍ ഈ നേട്ടം സ്വന്തമാക്കിയത്.

മത്സരശേഷം മുള്ളറിന്റെ തകര്‍പ്പന്‍ പ്രകടനങ്ങളെ ആശംസിച്ചുകൊണ്ട് സഹതാരം ഹാരി കെയ്ന്‍ സംസാരിച്ചു. ഫുട്‌ബോളിനെക്കുറിച്ച് മികച്ച ബ്രെയ്‌നുള്ള ലോകത്തിലെ ഏറ്റവും വലിയ താരമാണ് മുള്ളറെന്നാണ് കെയ്ന്‍ വിശേഷിപ്പിച്ചത്.

അതേസമയം മത്സരത്തില്‍ ജര്‍മന്‍ വമ്പന്‍മാര്‍ക്ക് വേണ്ടി ജമാല്‍ മുസിയാലയാണ് ആദ്യം ഗോള്‍ നേടിയത്. ആദ്യപകുതി ഏകപക്ഷീയമായ ഒരു ഗോളിന് ബയേണ്‍ മുന്നിട്ടുനിന്നു. രണ്ടാം പകുതിയിലാണ് മത്സരത്തിലെ നാല് ഗോളുകളും പിറന്നത്.

രണ്ടാം പകുതിയില്‍ 47, 55 എന്നീ മിനിട്ടുകളില്‍ ലാവ്‌റൊ മജാര്‍ ഇരട്ട ഗോള്‍ നേടിക്കൊണ്ട് വേള്‍സ്ബര്‍ഗിനെ മുന്നിലെത്തിച്ചു. എന്നാല്‍ 65ാം മിനിട്ടില്‍ ജാകുബ് കാമിറിസ്‌കിയുടെ ഓണ്‍ ഗോളിലൂടെ ബയേണ്‍ ഒപ്പം പിടിച്ചു. ഒടുവില്‍ 82ാം മിനിട്ടില്‍ ജര്‍മന്‍ സൂപ്പര്‍താരം സെര്‍ജെ നാബ്രിയിലൂടെ ബയേണ്‍ വിജയഗോള്‍ നേടുകയായിരുന്നു.

പുതിയ പരിശീലകന്‍ വിന്‍സന്റ് കോമ്പനിയുടെ കീഴില്‍ ആദ്യ മത്സരത്തില്‍ തന്നെ മികച്ച വിജയം സ്വന്തമാക്കിയത് ബയേണ്‍ ആരാധകര്‍ക്ക് ഈ സീസണില്‍ ഏറെ പ്രതീക്ഷകളാണ് നല്‍കുന്നത്. കഴിഞ്ഞ സീസണില്‍ ഒരു കിരീടം പോലും നേടാന്‍ സാധിക്കാതെയായിരുന്നു ജര്‍മന്‍ വമ്പന്‍മാര്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്. നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായിട്ടായിരുന്നു ബയേണ്‍ ഒരു സീസണില്‍ ഒരു കിരീടം പോലും നേടാതെ സീസണ്‍ അവസാനിപ്പിച്ചത്.

സെപ്റ്റംബര്‍ ഒന്നിന് എസ്.സി ഫ്രീബര്‍ഗിനെതിരെയാണ് ബയേണിന്റെ അടുത്ത മത്സരം. ബയേണിന്റെ തട്ടകമായ അലിയന്‍സ് അറീനയാണ് വേദി.

Content Highlight: Harry Kane Praises Thomas Muller

We use cookies to give you the best possible experience. Learn more