ഈ പ്രായത്തില്‍ ഫുട്‌ബോളില്‍ അവരെന്താണ് ചെയ്യുന്നത്? മെസിയെയും റോണോയെയും കുറിച്ച് ഹാരി കെയ്ന്‍
Football
ഈ പ്രായത്തില്‍ ഫുട്‌ബോളില്‍ അവരെന്താണ് ചെയ്യുന്നത്? മെസിയെയും റോണോയെയും കുറിച്ച് ഹാരി കെയ്ന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 22nd September 2023, 5:20 pm

ആധുനിക ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നീ താരങ്ങളെ പ്രശംസിച്ച് ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി കെയ്ന്‍. പ്രായത്തെ മറികടക്കുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവെക്കുന്നതെന്നും രണ്ട് പേരും തനിക്ക് വലിയ പ്രചോദനമാണെന്നും കെയ്ന്‍ പറഞ്ഞു. ഇ.എസ്.പി.എന്നിനോട് സംസാരിക്കുമ്പോഴാണ് കെയ്ന്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ഈ പ്രായത്തിലും അവരെന്താണ് ചെയ്യുന്നത്? മുപ്പതുകളിലും ഇരുപത് വയസുകാരുടെ പ്രകടനമാണ്. എനിക്ക് 30 വയസാകുമ്പോള്‍ മനസും ശരീരവുമെല്ലാം അത് പോലെ കീപ്പ് ചെയ്യാന്‍ കഴിയുമോ എന്നാണ് ഞാന്‍ ആലോചിക്കുന്നത്. ഞാന്‍ ആഗ്രഹിക്കുന്നിടത്തോളം കാലം ഇതുപോലെ കളിക്കാന്‍ കഴിയണമെന്നുണ്ട്. മെസിയും റോണോയും ശരിക്കും എന്നെ പ്രചോദിപ്പിക്കുന്നുണ്ട്,’ കെയ്ന്‍ പറഞ്ഞു.

സമ്മര്‍ സീസണിലെ ഏറ്റവും വലിയ ട്രാന്‍സ്ഫറിലാണ് ഇംഗ്ലണ്ട് സൂപ്പര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ ടോട്ടന്‍ഹാമുമായുള്ള ദീര്‍ഘകാല ബന്ധം അവസാനിപ്പിച്ച് ജര്‍മന്‍ ക്ലബായ ബയേണ്‍ മ്യൂണിക്കിലെത്തുന്നത്. ഗോളുകള്‍ അടിച്ച് കൂട്ടുമ്പോഴും കരിയറില്‍ ഇതുവരെ ഒരു കിരീടം നേടാനായില്ലെന്ന കുറവ് നികത്താനായിരുന്നു താരത്തിന്റെ ഈ കൂടുമാറ്റം.

19 വര്‍ഷത്തിന് ശേഷം ടോട്ടന്‍ഹാം വിടുമ്പോള്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന രണ്ടാമത്തെ കളിക്കാരനെന്ന (213 ഗോളുകള്‍) പേരെടുത്തപ്പോഴും താരത്തിന് ടീമിനൊപ്പം ഒരു ട്രോഫി നേടാനായിരുന്നില്ല. വലിയ വെല്ലുവിളികള്‍ സ്വീകരിച്ചാണ് താരം ജര്‍മന്‍ ക്ലബ്ബിലേക്ക് ചേക്കേറുന്നത്.

ബയേണ്‍ മ്യൂണിക്കിലെത്തിയതിന് ശേഷം ഗോള്‍ വേട്ട ആരംഭിച്ചിരിക്കുകയാണ് കെയ്ന്‍. ബയേണിനൊപ്പം കളിച്ച മത്സരത്തില്‍ 300ാം ഗോള്‍ നേട്ടം സ്വന്തമാക്കാന്‍ കെയ്നിന് സാധിച്ചിരുന്നു. ക്ലബ്ബ് കരിയറില്‍ താരം നേടിയ 280 ഗോളുകളും ടോട്ടന്‍ഹാമിന് വേണ്ടിയായിരുന്നു. ഒമ്പതെണ്ണം മില്‍വാളിനും അഞ്ചെണ്ണം ലീട്ടന്‍ ഓറിയന്റിനും നാലെണ്ണം ബയേണിനും രണ്ടെണ്ണം ലെസ്റ്ററിനും വേണ്ടിയായിരുന്നു.

Content Highlights: Harry Kane praises Messi and Cristiano