| Saturday, 2nd September 2023, 11:09 am

എനിക്ക് അദ്ദേഹത്തിന്റെ ലെവലിലെത്തണം; അല്ലെങ്കില്‍ അതിനെക്കാള്‍ ഉയരത്തില്‍: ഹാരി കെയ്ന്‍

സ്പോര്‍ട്സ് ഡെസ്‌ക്

സമ്മര്‍ സീസണിലെ ഏറ്റവും വലിയ ട്രാന്‍സ്ഫറിലാണ് ഇംഗ്ലണ്ട് സൂപ്പര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ ടോട്ടന്‍ഹാമുമായുള്ള ദീര്‍ഘകാല ബന്ധം അവസാനിപ്പിച്ച് ജര്‍മന്‍ ക്ലബായ ബയേണ്‍ മ്യൂണിക്കിലെത്തുന്നത്. ഗോളുകള്‍ അടിച്ച് കൂട്ടുമ്പോഴും കരിയറില്‍ ഇതുവരെ ഒരു കിരീടം നേടാനായില്ലെന്ന കുറവ് നികത്താനായിരുന്നു താരത്തിന്റെ ഈ കൂടുമാറ്റം.

19 വര്‍ഷത്തിന് ശേഷം ടോട്ടന്‍ഹാം വിടുമ്പോള്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന രണ്ടാമത്തെ കളിക്കാരനെന്ന (213 ഗോളുകള്‍) പേരെടുത്തപ്പോഴും താരത്തിന് ടീമിനൊപ്പം ഒരു ട്രോഫി നേടാനായിരുന്നില്ല. വലിയ വെല്ലുവിളികള്‍ സ്വീകരിച്ചാണ് താരം ജര്‍മന്‍ ക്ലബ്ബിലേക്ക് ചേക്കേറുന്നത്.

ഇപ്പോള്‍ ബയേണ്‍ മ്യൂണിക്കിന്റെ മുന്‍ സൂപ്പര്‍ താരം റോബേര്‍ട്ട് ലെവന്‍ഡോസ്‌കിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് കെയ്ന്‍. ബയേണ്‍ മ്യൂണിക്കിന്റെ ഗോളടി യന്ത്രം എന്നറിയപ്പെട്ടിരുന്ന ലെവന്‍ഡോസ്‌കി കഴിഞ്ഞ സീസണിലാണ് ബാഴ്സലോണയിലെത്തിയത്.

ബയേണില്‍ ലെവന്‍ഡോസ്‌കി കാഴ്ചവെച്ച പ്രകടനത്തിന്റെ ലെവലിലേക്ക് തനിക്കെത്തണമെന്നാണ് കെയ്ന്‍ പറഞ്ഞത്. അല്ലെങ്കില്‍ അദ്ദേഹത്തെക്കാള്‍ ഉയര്‍ന്ന നിലവിലേക്കെത്തണമെന്നും കെയ്ന്‍ പറഞ്ഞു. താരത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ച് സ്‌പോര്‍ട്‌സ് മാധ്യമമായ ഗോള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘എനിക്ക് ലെവന്‍ഡോസ്‌കിയുടെ ലെവലില്‍ എത്തണം. അല്ലെങ്കില്‍ അതിനെക്കാള്‍ മുകളില്‍,’ കെയ്ന്‍ പറഞ്ഞു.

ബയേണ്‍ മ്യൂണിക്കിലെത്തിയതിന് ശേഷം ഗോള്‍ വേട്ട ആരംഭിച്ചിരിക്കുകയാണ് കെയ്ന്‍. അരങ്ങേറ്റ മത്സരത്തില്‍ ഒരു ഗോള്‍ നേടിയ കെയ്ന്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബയേണിനായി ഇരട്ട ഗോളുകള്‍ നേടി ടീമിന്റെ ജയം ഉറപ്പിച്ചിരുന്നു. ഓഗ്‌സ്ബര്‍ഗിനെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ബയേണ്‍ വിജയിച്ചത്.

മത്സരത്തിന്റെ 32ാം മിനിട്ടില്‍ സെല്‍ഫ് ഗോളിലൂടെ ബയേണ്‍ ലീഡെടുക്കുകയായിരുന്നു. 40ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ കെയ്ന്‍ ബയേണിന്റെ ലീഡ് ഇരട്ടിയാക്കി.

ആദ്യ പകുതി 2-0 എന്ന സ്‌കോറില്‍ അവസാനിച്ചു. രണ്ടാം പകുതിയില്‍ കെയ്ന്‍ തന്റെ രണ്ടാം ഗോള്‍ നേടി. 69ാം മിനിട്ടില്‍ അല്‍ഫോണോസ് ഡേവിസിന്റെ പാസില്‍ നിന്നായിരുന്നു കെയ്‌നിന്റെ രണ്ടാം ഗോള്‍ പിറന്നത്. കളിച്ച രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവുമായി ആറ് പോയിന്റുകളാണ് ബയേണ്‍ മ്യൂണിക്കിന്റെ അക്കൗണ്ടിലുള്ളത്.

Content Highlights: Harry Kane is targeting greatness of Robert Lewandowski at Bayern Munich

Latest Stories

We use cookies to give you the best possible experience. Learn more