| Saturday, 13th January 2024, 3:03 pm

ലെവയുടെ റെക്കോഡും വീഴാൻ സമയമായി; ഇംഗ്ലണ്ടുകാരൻ തേരോട്ടം തുടരുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ബുണ്ടസ്‌ലീഗയില്‍ ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം. ഹോഫെനൈമിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബയേണ്‍ പരാജയപ്പെടുത്തിയത്.

ജര്‍മന്‍ താരം ജമാല്‍ മ്യൂസിയാല ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി കെയ്‌നിന്റെ വകയായിരുന്നു ബയേണിന്റെ മൂന്നാം ഗോള്‍.

ഹാരി കെയ്ന്‍ നേടിയ ഈ ഗോളിന് പിന്നാലെ ഒരു റെക്കോഡ് നേട്ടത്തിലെത്താനും ഹാരി കെയ്‌ന് സാധിച്ചു. ബുണ്ടസ്‌ലീഗ സീസണിന്റെ ആദ്യപകുതിയില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ റെക്കോഡിനൊപ്പമാണ് ഹാരി കെയ്ന്‍ എത്തിയത്.

16 ബുണ്ടസ്‌ലീഗ മത്സരങ്ങളില്‍ നിന്നും 22 ഗോളുകളും അഞ്ചു അസിസ്റ്റുകളുമാണ് ഹാരി കെയ്ന്‍ നേടിയത്. ബയേണ്‍ മ്യൂണിക്കിനായി ഈ സീസണിലെ മുഴുവന്‍ മത്സരങ്ങളിലായി 26 ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് ഇംഗ്ലീഷ് നായകന്‍ നേടിയത്.

ബയേണ്‍ മ്യൂണിക്കിന്റെ ഹോം ഗ്രൗണ്ടായ അലിയന്‍സ് അറീനയില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ആതിഥേയര്‍ കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 3-1-4-2 എന്ന ശൈലിയും ആയിരുന്നു സന്ദര്‍ശകര്‍ പിന്തുടര്‍ന്നത്.

മത്സരത്തിന്റെ 18ാം മിനിട്ടി ല്‍ ജമാല്‍ മുസിയാലയിലൂടെയാണ് ബയേണ്‍ ഗോളടി മേളം തുടങ്ങിയത്. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ ഹോം ടീം ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ 70ാം മിനിട്ടില്‍ മുസിയാല മത്സരത്തില്‍ തന്റെ രണ്ടാം ഗോള്‍ നേടി. ഒടുവില്‍ 90ാം മിനിട്ടില്‍ ഹാരി കെയ്ന്‍ ബയേണിനായി മൂന്നാം ഗോള്‍ നേടി. 74ാം മിനിട്ടില്‍ ഹോഫെനെയിം താരം ഗ്രിസ്ച്ചാ പ്രൊമേല്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായത് വലിയ തിരിച്ചടിയാണ് സന്ദര്‍ശകര്‍ക്ക് നല്‍കിയത്.

ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ തകര്‍പ്പന്‍ വിജയം ബയേണ്‍ സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ ബുണ്ടസ്‌ലീഗയില്‍ 16 മത്സരങ്ങളില്‍ നിന്നും 13 വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയും അടക്കം 41 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബവേറിയന്‍സ്.

ബുണ്ടസ്‌ലീഗയില്‍ ജനുവരി 21ന് വെര്‍ഡെറിനെതിരെയാണ് ബയേണിന്റെ അടുത്ത മത്സരം. ബയേണിന്റെ തട്ടകമായ അലിയന്‍സ് അറീനയാണ് വേദി.

Content Highlight: Harry Kane equals Robert Lewandowski record in Bundesliga.

We use cookies to give you the best possible experience. Learn more