ഗോളടിമേളം തുടര്‍ന്ന് ഹാരി കെയ്ന്‍; ബുണ്ടസ്ലീഗയില്‍ വീണ്ടും ചരിത്രം കുറിച്ച് ഇംഗ്ലീഷ് നായകന്‍
DSport
ഗോളടിമേളം തുടര്‍ന്ന് ഹാരി കെയ്ന്‍; ബുണ്ടസ്ലീഗയില്‍ വീണ്ടും ചരിത്രം കുറിച്ച് ഇംഗ്ലീഷ് നായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 18th December 2023, 5:15 pm

ബുണ്ടസ്ലീഗയില്‍ ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം. സ്റ്റുഗര്‍ട്ടിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ജര്‍മന്‍ വമ്പന്‍മാരുടെ വിജയം. ബയേണ്‍ മ്യൂണിക്കിനായി ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി കെയ്ന്‍ ഇരട്ടഗോള്‍ നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ റെക്കോഡ് നേട്ടമാണ് ഹാരി കെയ്ന്‍ സ്വന്തമാക്കിയത്.

ബയേണ്‍ മ്യൂണിക്കിനായി ഏറ്റവും വേഗത്തില്‍ 20 ബുണ്ടസ്ലീഗ ഗോളുകള്‍ നേടുന്ന ആദ്യ തരാമെന്ന റെക്കോഡാണ് ഇംഗ്ലണ്ട് നായകന്‍ സ്വന്തമാക്കിയത്. വെറും 14 ബുണ്ടസ്ലീഗ മത്സരങ്ങളില്‍ നിന്നുമാണ് കെയ്ന്‍ 20 ഗോളുകള്‍ എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചുകയറ്റിയത്.

ഈ സീസണിലാണ് ഹാരി കെയ്ന്‍ ടോട്ടന്‍ഹാം ഹോട്‌സ്പറില്‍ നിന്നുമാണ് ബയേണ്‍ മ്യൂണിക്കിലെത്തുന്നത്. ജര്‍മന്‍ വമ്പന്‍മാരൊപ്പം മിന്നും ഫോമിലാണ് ഇംഗ്ലണ്ട് താരം കളിച്ചത്. ബവേറിയന്‍സിനായി 21 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ ഹാരി കെയ്ന്‍ 24 ഗോളുകളും എട്ട് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

ബയേണ്‍ മ്യൂണിക്കിന്റെ ഹോം ഗ്രൗണ്ടായ അലിയന്‍സ് അറീനയില്‍ നടന്ന മത്സരത്തില്‍ രണ്ടാം മിനിട്ടില്‍ ആയിരുന്നു കെയ്‌നിന്റെ ആദ്യ ഗോള്‍ പിറന്നത്. ഒടുവില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ ബയേണ്‍ ഒരു ഗോളിന് മുന്നിട്ടുനില്‍ക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ 55ാം മിനിട്ടില്‍ ഹാരി കെയ്ന്‍ രണ്ടാം ഗോള്‍ നേടി. 63ാം മിനിട്ടില്‍ കിം മിന്‍ ജായിയിലൂടെ ബയേണ്‍ മൂന്നാം ഗോള്‍ നേടിയതോടെ മത്സരം പൂര്‍ണമായും ബയേണ്‍ സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ 14 മത്സരങ്ങളില്‍ നിന്നും 35 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബയേണ്‍ മ്യൂണിക്. ബുണ്ടസ്ലീഗയില്‍ ഡിസംബര്‍ 21ന് വോള്‍സ്ബര്‍ഗിനെതിരെയാണ് ജര്‍മന്‍ വമ്പന്‍മാരുടെ അടുത്ത മത്സരം.

Content Highlight: Harry Kane create history in Bundesliga