ബുണ്ടസ്ലീഗയില്‍ ബയേണ്‍ മ്യൂണികിന് തകര്‍പ്പന്‍ ജയം. ഹേയ്‌ഡെന്‍ഹീമിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബയേണിന്റെ വിജയം.
ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി കെയ്ന്‍ മിന്നും ഫോം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ഇരട്ട ഗോള്‍ നേടികൊണ്ടായിരുന്നു താരത്തിന്റ മിന്നും പ്രകടനം.
ഈ മികച്ച പ്രകടനത്തോടെ പുതിയ ചരിത്രപരമായ ഒരു നേട്ടവും കെയ്‌നിനെ തേടിയെത്തി. ബുണ്ടസ്ലീഗ ചരിത്രത്തില്‍ ഒരു സീസണില്‍ ആദ്യ 11 ദിവസ മത്സരങ്ങളില്‍ നിന്നും 17 ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് ഇംഗ്ലണ്ട് നായകന്‍ സ്വന്തമാക്കിയത്.
മത്സരത്തിന്റെ 14′, 44′ മിനിറ്റുകളിലാണ് കെയ്‌ന്റെ ഗോളുകള്‍ പിറന്നത്. പതിനാലാം മിനിട്ടില്‍ കെയ്ന്‍ പെനാല്‍ട്ടി ബോക്‌സില്‍ നിന്നും ഒരു ബുള്ളറ്റ് ഷോട്ട് എതിരാളികളുടെ പോസ്റ്റിലേക്ക് പായിക്കുകയായിരുന്നു. നാല്പത്തിനാലാം മിനിട്ടില്‍ കോര്‍ണറിലൂടെ ഒരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയായിരുന്നു കെയ്ന്റെ രണ്ടാം ഗോള്‍.
ഈ സീസണില്‍ ബയേണ്‍ മ്യൂണിക്കിനായി 16 മത്സരങ്ങളില്‍ നിന്നും 21 ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.
ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടന്‍ഹാം ഹോട്‌സ്പറില്‍ നിന്നുമാണ് ഹാരി കെയ്ന്‍ ബയേണ്‍ മ്യൂണിക്കില്‍ എത്തുന്നത്. ബയേണില്‍ സ്വപ്നതുല്യമായ തുടക്കമാണ് കെയ്‌ന് ലഭിച്ചത്. ബുണ്ടസ്ലീഗയിലെ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്താനും ഇംഗ്ലീഷ് താരത്തിന് സാധിച്ചു.
ബയേണിന്റെ ഹോം ഗ്രൗണ്ടായ ആലിയന്‍സ് അറീനയില്‍ നടന്ന മത്സരത്തില്‍ ഹാരി കെയ്ന്‍ ആണ് ഗോള്‍ മേളക്ക് തുടക്കം കുറിച്ചത്. 44ാം മിനിട്ടില്‍ താരം ലീഡ് രണ്ടാക്കി ഉയര്‍ത്തി. 74ാം മിനിട്ടില്‍ റാഫേല്‍ ഗോരലാരോയും 85ാം മിനിട്ടില്‍ ചുപ്പോ മൊട്ടങ്ങും ഗോള്‍ നേടിയതോടെ ബയേണ്‍ മ്യൂണിക് മത്സരം പൂര്‍ണ്ണമായും പിടിച്ചെടുക്കുകയായിരുന്നു.
ഈ ജയത്തോടെ ബുണ്ടസ്ലീഗയില്‍ 11 മത്സരങ്ങളില്‍ നിന്നും 9 വിജയവും രണ്ട് സമനിലയും അടക്കം 29 പോയിന്റുമായി ഒന്നാം സ്ഥാനത്ത് എത്താനും കെയ്നും കൂട്ടര്‍ക്കും സാധിച്ചു.
ബുണ്ടസ്ലീഗയില്‍ നവംബര്‍ 25ന് എഫ്.സി കോളനുമായാണ് ബയേണിന്റെ അടുത്ത മത്സരം.
Content Highlight: Harry Kane create a record the first player in Bundesliga history to score 17 goals in first 11 matches.