ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിന് വമ്പന്‍ ജയം. ഡാംസ്റ്റഡിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ജര്‍മന്‍ വമ്പന്മാര്‍ തകര്‍ത്തുവിട്ടത്.
മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനായി ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി കെയ്ന്‍ ഒരു ഗോള്‍ നേടി മിന്നും പ്രകടനമാണ് നടത്തിയത്.
ഇതിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് ഇംഗ്ലീഷ് നായകനെ തേടിയെത്തിയത്. ബുണ്ടസ് ലീഗയിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ഒറ്റ സീസണില്‍ നിന്നും 30+ ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടമാണ് ഹാരി കെയ്ന്‍ സ്വന്തമാക്കിയത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം ഹോട്‌സ്പറിന് വേണ്ടിയാണ് കെയ്ന്‍ ഒരു സീസണില്‍ 30+ ഗോളുകള്‍ നേടിയത്. 250 ഗോളുകളാണ് ഹാരി കെയ്ന്‍ സ്പര്‍സിനായി നേടിയിട്ടുള്ളത്.
ബുണ്ടസ് ലീഗയില്‍ അരങ്ങേറ്റ സീസണില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി മാറാനും ഹാരി കെയ്‌ന് സാധിച്ചു. ഈ സീസണില്‍ ഇതിനോടകം തന്നെ 26 ലീഗ് മത്സരങ്ങളില്‍ നിന്നും 31 ഗോളുകളും ഏഴ് സിസ്റ്റുകളും ആണ് ഈ ഇംഗ്ലണ്ടുകാരന്‍ നേടിയത്. ബയേണ്‍ മ്യൂണിക്കിനായി മുഴുവന്‍ മത്സരങ്ങളില്‍ നിന്നും 37 ഗോളുകളും 10 അസിസ്റ്റുകളുമാണ് കെയ്‌നിന്റെ അക്കൗണ്ടിലുള്ളത്.
അതേസമയം മത്സരത്തില്‍ ബയേണിനായി ജര്‍മന്‍ സൂപ്പര്‍ താരം ജമാല്‍ മുസിയാല ഇരട്ടഗോള്‍ നേടി. 36, 64 എന്നീ മിനിട്ടുകളിലായിരുന്നു മുസിയാലയുടെ ഗോളുകള്‍ പിറന്നത്. കെയ്ന്‍ 45+1, സെര്‍ജി നാബ്രി 74, മത്തിയാസ് ടെല്‍ 90+3 എന്നിവരാണ് ബയേണിന്റെ മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍.
ടിം സ്‌കാര്‍ക്ക് 28, ഓസ്‌ക്കാര്‍ വിഹെല്‍മ്‌സണ്‍ എന്നിവരാണ് ഡാംസ്റ്റഡിന് വേണ്ടി ഗോളുകള്‍ നേടിയത്.
മത്സരത്തില്‍ 76% ബോള്‍ പൊസഷന്‍ കൈവശം വെച്ച ബയേണ്‍ 27 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിർത്തത്.
നിലവില്‍ ബുണ്ടസ് ലീഗയില്‍ 26 മത്സരങ്ങളില്‍ നിന്നും 19 വിജയവും മൂന്ന് സമനിലയും നാല് തോല്‍വിയും അടക്കം 60 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ബയേണ്‍.
ബുണ്ടസ് ലീഗയില്‍ മാര്‍ച്ച് 30ന് ചിരവൈരികളായ ബോറൂസിയ ഡോര്‍ട്മുണ്ടിനെതിരെയാണ് ബയേണിന്റെ അടുത്ത മത്സരം. ബയേണിന്റെ തട്ടകമായ അലിയന്‍സ് അറീനയാണ് വേദി.
Content Hoighlight: Harry Kane create a new Record in Football