ഓരോ ഗോളിലും റെക്കോഡ്; ഹാരി കെയ്ന്‍ കുതിക്കുന്നു
Football
ഓരോ ഗോളിലും റെക്കോഡ്; ഹാരി കെയ്ന്‍ കുതിക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 21st December 2023, 9:17 am

ബുണ്ടസ്‌ലീഗയില്‍ ബയേണ്‍ മ്യൂണിക്കിന് മിന്നും ജയം. വോള്‍സ്ബര്‍ഗിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജര്‍മന്‍ വമ്പന്മാര്‍ തകര്‍ത്തുവിട്ടത്. മത്സരത്തില്‍ ഒരു ഗോള്‍ നേടി മികച്ച പ്രകടനമാണ് ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി കെയ്ന്‍ നടത്തിയത്. ഈ തകര്‍പ്പന്‍ പ്രകടനത്തില്‍ പിന്നാലെ ഒരുപിടി അവിസ്മരണീയ നേട്ടങ്ങളാണ് ഇംഗ്ലീഷ് നായകനെ തേടിയെത്തിയിരിക്കുന്നത്.

യൂറോപ്പ്യന്‍ ഓള്‍ കോമ്പറ്റീഷനുകളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്താന്‍ ഹാരി കെയ്‌ന് സാധിച്ചു. 21 മത്സരങ്ങളില്‍ നിന്നും 25 ഗോളുകളും ഏട്ട് അസിസ്റ്റുകളും നേടി 32 ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ ആണ് കെയ്ന്‍ നേടിയത്. തുടര്‍ച്ചയായ എട്ട് സീസണുകളിലും 25+ ഗോളുകള്‍ നേടാനും ഹാരി കെയ്‌ന് സാധിച്ചു. ക്ലബ്ബിലും അന്താരാഷ്ട്ര തലത്തിലും 52 ഗോളുകളാണ് കെയ്ന്‍ ഈ വര്‍ഷം നേടിയിട്ടുള്ളത്.

അടുത്തിടെ ബയേണ്‍ മ്യൂണിക്കിനായി ഏറ്റവും വേഗത്തില്‍ 20 ബുണ്ടസ്‌ലീഗ ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും ഹാരി കെയ്ന്‍ സ്വന്തമാക്കിയിരുന്നു.വെറും 14 ബുണ്ടസ് ലീഗ മത്സരങ്ങളില്‍ നിന്നുമാണ് കെയ്ന്‍ 20 ഗോളുകള്‍ നേടിയത്.

ഈ സീസണിലാണ് ഹാരി കെയ്ന്‍ ടോട്ടന്‍ഹാം ഹോട്സ്പറില്‍ നിന്നുമാണ് ബയേണ്‍ മ്യൂണിക്കിലെത്തുന്നത്. ബവേറിയന്‍സിനായി 21 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ ഹാരി കെയ്ന്‍ 25 ഗോളുകളും എട്ട് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

വോള്‍സ്ബര്‍ഗിന്റെ ഹോം ഗ്രൗണ്ടായ ഫോക്‌സ്വാഗണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 33ാം മിനിട്ടില്‍ ജമാല്‍ മുസിയാലയാണ് ബയേണിന്റെ ആദ്യ ഗോള്‍ നേടിയത്. 43ാം മിനിട്ടില്‍ ഹാരി കെയ്‌നിലൂടെ ബയേണ്‍ രണ്ടാം ഗോള്‍ നേടി. എന്നാല്‍ ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മാക്‌സിമിലിയന്‍ അര്‍നോള്‍ഡിലൂടെ വോള്‍സ്ബര്‍ഗ് മറുപടി ഗോള്‍ നേടി.

രണ്ടാം പകുതിയില്‍ ആതിഥേയര്‍ സമനില ഗോളിനായി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 2-1ന്റെ തകര്‍പ്പന്‍ ജയം സന്ദര്‍ശകര്‍ സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ ബുണ്ടസ്‌ലീഗയില്‍ 15 മത്സരങ്ങളില്‍ നിന്നും 12 വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയും അടക്കം 38 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബയേണ്‍.

ബുണ്ടസ് ലീഗയില്‍ ജനുവരി 13ന് ഹോഫനൈഹിമെനെതിരെയാണ് ബയേണിന്റെ അടുത്ത മത്സരം.

Content Highlight: Harry Kane continues peak form in Bundesliga.