ആധുനിക ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരിയറില്‍ ഒട്ടുമിക്ക നേട്ടങ്ങളും പേരിലാക്കി റെക്കോഡിട്ടവരാണ്. എന്നാല്‍ ഇരുവരും നേടിയിട്ടില്ലാത്ത റെക്കോഡില്‍ കയ്യൊപ്പ് പതിപ്പിച്ചിരിക്കുകയാണ് ടോട്ടന്‍ഹാം സ്പഴ്‌സിന്റെ ഇംഗ്ലണ്ട് താരം ഹാരി കെയന്‍.
യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളില്‍ തുടര്‍ച്ചയായ ഒമ്പത് സീസണുകളില്‍ 20 ഗോള്‍ നേടുന്ന രണ്ടാമത്തെ താരമായി പേരെടുത്തിരിക്കുകയാണ് ഇപ്പോള്‍ കെയ്ന്‍. കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരെ നടന്ന മത്സരത്തില്‍ ഗോള്‍ നേടിയതോടെയാണ് താരം പുതിയ റെക്കോഡ് പേരിലാക്കിയത്.
ബാഴ്‌സലോണ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് ഈ നേട്ടം പേരിലാക്കിയ ആദ്യ താരം. ഇരുപത്തിയഞ്ചില്‍ പരം ഗോളുകളാണ് യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളില്‍ തുടര്‍ച്ചയായ ഒമ്പത് സീസണുകളില്‍ നിന്ന് താരം അക്കൗണ്ടിലാക്കിയത്.
അതേസമയം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് തിരശീല വീണില്ലായിരുന്നെങ്കില്‍ താരത്തിന് ഇത്രതന്നെ ഗോള്‍ പേരിലാക്കാമായിരുന്നു. ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും അല്‍ നസറിലുമായി 11 ഗോളുകളാണ് റൊണാള്‍ഡോ അക്കൗണ്ടിലാക്കിയത്.
നിലവില്‍ 17 ഗോളുകള്‍ സ്വന്തമാക്കിയ മെസിക്ക് ഈ സീസണില്‍ റെക്കോഡ് നേട്ടത്തിനൊപ്പമെത്താനാകുമോയെന്നാണ് ഉറ്റുനോക്കുകയാണ് ആരാധകര്‍. എന്നിരുന്നാലും, 2021-22 സീസണില്‍ പാരീസ് സെന്റ് ഷെര്‍മാങ്ങിനായി 11 ഗോളുകള്‍ മാത്രമാണ് അദ്ദേഹം നേടിയത്.
ഈ സീസണില്‍ മികച്ച ഫോമിലാണ് കെയ്ന്‍ ടോട്ടന്‍ഹാമില്‍ തുടരുന്നത്. സ്പഴ്‌സിനായി ഇതുവരെ 268 ഗോള്‍ നേടിക്കൊണ്ട് ക്ലബ്ബിലെ ഉയര്‍ന്ന ഗോള്‍ സ്‌കോററായി മാറാന്‍ താരത്തിന് സാധിച്ചു.
2017 കലണ്ടര്‍ വര്‍ഷത്തില്‍ ക്ലബ്ബിനും ഇംഗ്ലണ്ടിനുമായി 56 ഗോളുകള്‍ അക്കൗണ്ടിലാക്കി മെസിയെയും റൊണാള്‍ഡോയെയും മറികടക്കാനും ഹാരി കെയ്‌ന് സാധിച്ചിരുന്നു.
Content Highlights: Harry Kane breaks new record in club football