അടിച്ചുകൂട്ടിയ ഗോളുകൾക്ക് കയ്യും കണക്കുമില്ല, എന്നിട്ടും അത് മാത്രം അകലെ; ഇനിയുമെത്ര നാൾ കാത്തിരിക്കണം?
Football
അടിച്ചുകൂട്ടിയ ഗോളുകൾക്ക് കയ്യും കണക്കുമില്ല, എന്നിട്ടും അത് മാത്രം അകലെ; ഇനിയുമെത്ര നാൾ കാത്തിരിക്കണം?
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 9th May 2024, 2:41 pm

ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ് ഫൈനലില്‍. ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് റയല്‍ ഫൈനലിലേക്ക് മുന്നേറിയത്.

ബയേണിന്റെ തട്ടകമായ അലിയന്‍സ് അറീനയില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ഇരു ടീമുകളും രണ്ടു ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞിരുന്നു. ഇപ്പോള്‍ റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ ജയത്തോടെ 4-3 എന്ന അഗ്രിഗേറ്റ് സ്‌കോറിലാണ് റയല്‍ ഫൈനലിലേക്ക് മുന്നേറിയത്.

നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു സീസണില്‍ ബയേണ്‍ മ്യൂണിക്കിന് ഒരു കിരീടം പോലും നേടാന്‍ സാധിക്കാതെ പോകുന്നത്. യുവേഫ ചാമ്പ്യന്‍സ് ലീഗ്, ബുണ്ടസ് ലീഗ, ഡി.എഫ്. ബി പോക്കല്‍ എന്നീ ടൂര്‍ണമെന്റുകളിലാണ് ബയേണിന് കിരീടം നഷ്ടമായത്.

ഇതിനോടൊപ്പം എടുത്തു പറയേണ്ട മറ്റൊരു വസ്തുതയാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി കെയ്‌ന്റേത്. തന്റെ ഫുട്‌ബോള്‍ കരിയറില്‍ കിരീടം ഇല്ലാത്ത ഒരു സീസണ്‍ കൂടിയാണ് കടന്നുപോകുന്നത്.

ഇംഗ്ലീഷ് വമ്പന്‍മാരായ ടോട്ടന്‍ ഹാം ഹോട്‌സ്പറില്‍ നിന്നും ഈ സീസണിലാണ് ഇംഗ്ലണ്ട് നായകന്‍ ജര്‍മന്‍ വമ്പന്മാരുടെ തട്ടകത്തിലെത്തുന്നത്. തുടക്കത്തില്‍ തന്നെ മിന്നും ഫോമിലാണ് ഹാരി കെയ്ന്‍ കളിച്ചത്. ഈ സീസണിൽ 45 മത്സരങ്ങളില്‍ നിന്നും 44 ഗോളുകളും ആണ് 12 അസിസ്റ്റുകളുമാണ് കെയ്‌നിന്റെ അക്കൗണ്ടില്‍ ഉള്ളത്.

ബയേണ്‍ മ്യൂണിക്കിനൊപ്പം 56 ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ ആണ് ഹാരി കെയ്ന്‍ നടത്തിയത്. യൂറോപ്പില്‍ മറ്റൊരു താരത്തിനും ഇത്രയധികം ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ ഈ സീസണല്‍ നടത്താന്‍ സാധിച്ചിട്ടില്ല.

അതേസമയം മത്സരത്തില്‍ 68ാം മിനിട്ടില്‍ അല്‍ഫോണ്‍സോ ഡേവിസിലൂടെ ബയേണ്‍ ആണ് ആദ്യം ലീഡ് നേടിയത്. അവസാനനിമിഷം പകരക്കാരനായി ഇറങ്ങിയ ജോസേലുവിന്റെ ഇരട്ട ഗോളിലൂടെ റയല്‍ മാഡ്രിഡ് മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. 88, 90+1 എന്നീ മിനിട്ടുകളില്‍ ആയിരുന്നു ജോസേലുവിന്റെ ഗോളുകള്‍ പിറന്നത്.

ബുണ്ടസ് ലീഗയില്‍ മെയ് 12ന് വോള്‍സ്ബര്‍ഗിനെതിരെയാണ് ബയേണ്‍ മ്യൂണിക്കിന്റെ അടുത്ത മത്സരം. ബയേണിന്റെ തട്ടകമായ അലിയന്‍സ് അറീനയാണ് വേദി.

Conternt Highlight: Harry Kane are still searching a tittle in his carrier