| Thursday, 4th July 2024, 11:09 am

യൂറോകപ്പിനിടയില്‍ ക്രിക്കറ്റും, ഹാരി കെയ്നിന്റെ കുറ്റി തെറിപ്പിച്ച് ആഴ്സണല്‍ താരം; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

2024 യൂറോപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഇംഗ്ലണ്ട്. ഈ മത്സരത്തിനു മുന്നോടിയായി ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നും സഹതാരമായ ഡെക്ലാന്‍ റൈസും ക്രിക്കറ്റ് കളിക്കുന്ന ഒരു രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ പരിശീലനത്തില്‍ പങ്കെടുത്ത ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റനായ ബെന്‍ സ്റ്റോക്‌സ് ആണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

കെയ്നും റൈസും ക്രിക്കറ്റ് കളിക്കുന്നതാണ് വീഡിയോ കാണാന്‍ കഴിയുക. ആഴ്‌സണല്‍ താരം പത്ത് വാര അകലെ നിന്നും പന്ത് എറിയുകയും കെയ്‌നിനെ ക്‌ളീന്‍ ബൗള്‍ഡ് ആക്കുന്നതുമാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. കെയ്‌നിനെ ബൗള്‍ഡ് ആക്കിയതിന് ശേഷം റൈസ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതായും വീഡിയോയില്‍ കാണാന്‍ സാധിക്കും.

അതേസമയം പ്രീക്വാര്‍ട്ടറില്‍ സ്ലൊവാക്യക്കെതിരെയുള്ള മത്സരത്തില്‍ ആവേശകരമായ വിജയമായിരുന്നു ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നത്. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം അവസാന നിമിഷങ്ങളിലായിരുന്നു ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്.

ഇഞ്ചുറി ടൈമില്‍ ജൂഡ് ബെല്ലിങ്ഹാമും എക്‌സ്ട്രാ ടൈമില്‍ ഹാരി കെയ്നും ആയിരുന്നു ഇംഗ്ലീഷ് പടയ്ക്കു വേണ്ടി ഗോള്‍ നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നു മത്സരങ്ങളില്‍ നിന്നും ഒരു വിജയവും രണ്ട് സമനിലയും അടക്കം അഞ്ച് പോയിന്റോടെ ഒന്നാം സ്ഥാനക്കാരായാണ് സൗത്ത് ഗേറ്റും കൂട്ടരും അടുത്ത റൗണ്ടിലേക്ക് മുന്നേറിയിരുന്നത്.

മറുഭാഗത്ത് നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തിയാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്. ഗ്രൂപ്പ് എയില്‍ ആതിഥേയനായ ജര്‍മനിക്ക് താഴെ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തുകൊണ്ടായിരുന്നു സ്വിറ്റ്‌സര്‍ലാന്‍ഡ് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഒരു വിജയവും രണ്ട് സമനിലയുമായിരുന്നു ടീം നേടിയത്.

അതുകൊണ്ട് തന്നെ ജൂലൈ ആറിന് മെര്‍കൂര്‍ സ്പീല്‍ അറീനയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ മത്സരം തീപാറുമെന്ന് ഉറപ്പാണ്.

Content Highlight: Harry Kane and Declan Rice Practice Video Viral On Social Media

We use cookies to give you the best possible experience. Learn more