ഇംഗ്ലണ്ട്-പാകിസ്ഥാന്‍ റാവല്‍പിണ്ടി ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് പടുകൂറ്റന്‍ സ്‌കോര്‍. 101 ഓവറില്‍ 657 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ ഔട്ടായിരിക്കുകയാണ്.
ടെസ്റ്റിലെ ആദ്യ ദിവസം പുറത്തെടുത്ത അതേ ശൈലി തന്നെയായിരുന്നു രണ്ടാം ദിവസവും ഇംഗ്ലണ്ട് പുറത്തെടുത്തത്. ടെസ്റ്റിലായാലും ആക്രമിച്ചു കളിക്കുക എന്ന ഇംഗ്ലണ്ടിന്റെ ബാസ് ബോള്‍ ശൈലിക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ പാകിസ്ഥാന് സാധിച്ചില്ല.
ഇംഗ്ലണ്ടിന്റെ ആക്രമണോത്സുക ശൈലി വിളിച്ചോതുന്ന പല പ്രകടനവും ആദ്യ ഇന്നിങ്‌സിലുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ദിവസത്തെ ഒരു ഓവറാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.
ഒരു ഓവറില്‍ 27 റണ്‍സ് നേടിയ ഹാരി ബ്രൂക്കിന്റെ പ്രകടനമാണ് രണ്ടാം ദിവസത്തെ ഏറ്റവും വലിയ ഹൈലൈറ്റ്. ആദ്യ ദിവസം തന്നെ ആക്രമിച്ചു കളിച്ച ബ്രൂക് രണ്ടാം ദിവസവും ആതേ രീതി തന്നെ തുടര്‍ന്നു.
പാക് ബൗളര്‍ സാഹിദ് മഹ്‌മൂദിനെയാണ് ബ്രൂക് പഞ്ഞിക്കിട്ടത്. ഓവറിലെ ആദ്യ പന്ത് തന്നെ സിക്‌സറടിച്ചു തുടങ്ങിയ ബ്രൂക് പിന്നീടുള്ള മൂന്ന് പന്തും ഒന്നിന് പുറകെ ഒന്നായി ബൗണ്ടറി കടത്തി.
6,4,4,4,6,3 എന്നിങ്ങനെയാണ് ആ ഓവറില്‍ റണ്‍സ് പിറന്നത്.
ഒടുവില്‍ ടീം സ്‌കോര്‍ 576ല്‍ നില്‍ക്കവെ 116 പന്തില്‍ നിന്നും 153 റണ്‍സ് നേടിയ ബ്രൂക് പുറത്താവുകയായിരുന്നു. 131.9 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.
ആദ്യ ടെസ്റ്റിലെ ഒന്നാം ദിവസവും ഇതേ രീതിയിലുള്ള പ്രകടനമായിരുന്നു ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ പുറത്തെടുത്തത്.
ടെസ്റ്റിന്റെ ആദ്യ ദിവസത്തില്‍ തന്നെ 500 റണ്‍സ് മാര്‍ജിന്‍ പിന്നിട്ടുകൊണ്ടായിരുന്നു ഇംഗ്ലണ്ടിന്റെ കുതിപ്പ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിരുന്നു ഒരു ടീം ആദ്യ ദിവസം തന്നെ 500 റണ്‍സ് പിന്നിടുന്നത്.
കളത്തിലിറങ്ങിയ ഇംഗ്ലണ്ട് ബാറ്റര്‍മാരെല്ലാം തന്നെ ആഞ്ഞടിച്ചപ്പോള്‍ പേരുകേട്ട പാകിസ്ഥാന്‍ ബൗളിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ജോ റൂട്ട് മാത്രമായിരുന്നു പാക് ബൗളേഴ്സിനോട് അല്‍പമെങ്കിലും ‘മാന്യത’ കാട്ടിയത്. 31 പന്തില്‍ നിന്നും 23 റണ്‍സായിരുന്നു റൂട്ട് നേടിയത്.
ഓപ്പണര്‍മാരായ സാക്ക് ക്രോളിയും ബെന്‍ ഡക്കറ്റുമായിരുന്നു വെടിക്കെട്ടിന് തിരികൊളുത്തിയത്. 111 പന്തില്‍ നിന്നും 122 റണ്‍സുമായി ക്രോളിയും 110 പന്തില്‍ നിന്നും 107 റണ്‍സുമായി ഡക്കറ്റും കരുത്ത് കാട്ടി.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ടീം സ്‌കോര്‍ 100 റണ്‍സ് മറികടന്ന മത്സരം കൂടിയായിരുന്നു ഇത്. ബംഗ്ലാദേശിനെ മറികടന്നുകൊണ്ടായിരുന്നു ഇംഗ്ലണ്ട് ഈ റെക്കോഡും സ്വന്തമാക്കിയത്.
233 റണ്‍സായിരുന്നു ഓപ്പണര്‍മാര്‍ ആദ്യ വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. 35.4 ഓവറില്‍ ബെന്‍ ഡക്കറ്റിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ക്രോളിയും കൂടാരം കയറി.
മൂന്നാമനായി ഇറങ്ങിയ ഒല്ലി പോപ്പും ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടിയപ്പോള്‍ റൂട്ടിന് മാത്രമാണ് കാലിടറിയത്. റൂട്ടിന് പിന്നാലെയെത്തിയ ഹാരി ബ്രൂക്കും നൂറടിച്ചപ്പോള്‍ ആദ്യ ദിവസം തന്നെ ഇംഗ്ലണ്ട് സ്‌കോര്‍ പറപറന്നു.
മറുപടി ബാറ്റിങ് ആരംഭിച്ച പാകിസ്ഥാന്‍ രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ മൂന്ന് റണ്‍സ് എന്ന നിലയിലാണ്.
Content Highlight: Harry Brook’s brilliant batting against Pakistan