ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ജോ റൂട്ടിന് മറികടന്ന് സൂപ്പര്‍ താരം ഹാരി ബ്രൂക്ക് ഒന്നാം സ്ഥാനത്ത്. കരിയറിലെ ഏറ്റവും മികച്ച റേറ്റിങ്ങുമായാണ് ബ്രൂക്ക് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.
ഇംഗ്ലണ്ടിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ബ്രൂക്ക് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഹാരി ബ്രൂക്ക് ടെസ്റ്റ് ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാം റാങ്കിലെത്തുന്നത്.
ബ്രൂക്കിന്റെ ബാറ്റിങ് പാര്‍ട്ണറായ ജോ റൂട്ട് ഒരു സ്ഥാനം നഷ്ടപ്പെടുത്തി രണ്ടാം റാങ്കിലെത്തി. 897 എന്ന റേറ്റിങ്ങാണ് റൂട്ടിന് നിലവിലുള്ളത്. ഒന്നാമതുള്ള ബ്രൂക്കിനെക്കാള്‍ വെറും ഒറ്റ റേറ്റിങ് മാത്രമാണ് ഇംഗ്ലണ്ടിന്റെ ഗോള്‍ഡന്‍ ചൈല്‍ഡിന് കുറവുള്ളത്.
പട്ടികയില്‍ കിവീസ് സൂപ്പര്‍ താരം കെയ്ന്‍ വില്യസണ്‍ മൂന്നാം റാങ്കും ഇന്ത്യന്‍ യുവതാരം യശസ്വി ജെയ്‌സ്വാള്‍ നാലാം സ്ഥാനവും നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യന്‍ മര്‍ദകന്‍ ട്രാവിസ് ഹെഡ് ആറ് റാങ്കുകള്‍ മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി.
കാമിന്ദു മെന്‍ഡിസ് ഏഴില്‍ നിന്നും ആറിലേക്ക് കയറിയപ്പോള്‍ പ്രോട്ടിയാസ് നായകന്‍ തെംബ ബാവുമ മൂന്ന് റാങ്ക് മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി.
കിവീസ് സൂപ്പര്‍ താരം ഡാരില്‍ മിച്ചലും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തും മൂന്ന് സ്ഥാനങ്ങള്‍ നഷ്ടപ്പെടുത്തി യഥാക്രമം എട്ട്, ഒമ്പത് സ്ഥാനത്തെത്തി. സൗദ് ഷക്കീലാകട്ടെ തന്റെ പത്താം സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു.
(ഐ.സി.സി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക)
ഇപ്പോള്‍ റാങ്കിങ്ങില്‍ തന്നെ മറികടന്ന് ഒന്നാമതെത്തിയ ഹാരി ബ്രൂക്കിന്റെ പ്രകടനത്തെ പ്രശംസിച്ച് ജോ റൂട്ട് കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച താരമെന്നാണ് റൂട്ട് തന്റെ പ്രിയപ്പെട്ട സഹതാരത്തെ കുറിച്ച് പറഞ്ഞത്.
‘ബ്രൂക്കിയാണ് നിലവില്‍ ഈ ലോകത്തിലെ ഏറ്റവും മികച്ച താരം. അവന്റെ പ്രകടനം കാണുന്നത് തന്നെ രസമാണ്. അവന്‍ മറ്റ് ബാറ്റര്‍മാരുടെ സമ്മര്‍ദം ഇല്ലാതാക്കുന്നു. എറൗണ്ട് ദി വിക്കറ്റ് ഷോട്ടുകള്‍ പായിക്കാനും അവന് സാധിക്കും. അവന് സിക്സറടിക്കാനും തലയ്ക്ക് മേലെ പന്ത് സ്‌കൂപ്പ് ചെയ്യാനും സാധിക്കും,’ റൂട്ട് പറഞ്ഞു.
ജോ റൂട്ടും ഹാരി ബ്രൂക്കുമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ജോഡി. 77.34 ശരാശരിയില്‍ 1,779 റണ്‍സാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
കരിയറില്‍ ഇതുവരെ 23 മത്സരം കളിച്ച താരം 61.62 ശരാശരിയില്‍ 2,280 റണ്‍സ് നേടിയിട്ടുണ്ട്. എട്ട് സെഞ്ച്വറിയും പത്ത് അര്‍ധ സെഞ്ച്വറിയുമാണ് ബ്രൂക്കിന്റെ സമ്പാദ്യം. ഈ വര്‍ഷം ഒക്ടോബറില്‍ പാകിസ്ഥാനെതിരെ മുള്‍ട്ടാനില്‍ നേടിയ 317 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
അതേസമയം, ന്യൂസിലാന്‍ഡിനെതിരെയും മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.
ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് വിജയിച്ചആദ്യ മത്സരത്തില്‍ 171 റണ്‍സാണ് ബ്രൂക്ക് സ്വന്തമാക്കിയത്. കിവീസ് ഉയര്‍ത്തിയ 104 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സന്ദര്‍ശകര്‍ ബ്രൂക്ക് കളത്തിലിറങ്ങും മുമ്പ് തന്നെ മറികടന്നു.
രണ്ടാം മത്സരത്തിലും സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ബ്രൂക്ക് കയ്യടി നേടിയത്. ആദ്യ ഇന്നിങ്സില്‍ 123 റണ്‍സ് സ്വന്തമാക്കിയ ബ്രൂക്ക് രണ്ടാം ഇന്നിങ്സില്‍ 55 റണ്‍സും സ്വന്തമാക്കി. ഇംഗ്ലണ്ട് 323 റണ്‍സിന്റെ വിജയം സ്വന്തമാക്കിയ മത്സരത്തില്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ബ്രൂക്ക് തന്നെയായിരുന്നു.
Content Highlight: Harry Brook surpassed Joe Root in ICC Men’s test Batting rankings