കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ യോർക്ക്ഷെയറിന് വേണ്ടി സെഞ്ച്വറി നേടി ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി ബ്രൂക്ക്. ലെസ്റ്റണ്‍ഷെയറിനെതിരെയാണ് താരം തകര്‍പ്പന്‍ സെഞ്ച്വറി നേടിയത്.
മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ 69 പന്തില്‍ പുറത്താവാതെ 100 റണ്‍സാണ് ഹാരി ബ്രുക്ക് നേടിയത്. 14 ഫോറുകളും രണ്ട് സിക്‌സുകളും ആണ് ഇംഗ്ലണ്ട് സൂപ്പര്‍താരം അടിച്ചെടുത്തത്. 144.93 പ്രഹരശേഷിയിലായിരുന്നു താരം ബാറ്റ് വീശിയത്. ബ്രൂക്കിന് പുറമേ ആദം ലിത്ത് 100 പന്തില്‍ 101 റണ്‍സ് നേടിയും മികച്ച പ്രകടനം നടത്തി. 17 ഫോറുകളും രണ്ട് സിക്‌സുകളും ആണ് ലിത്ത് നേടിയത്.
അതേസമയം ഈ ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ ഭാഗമായിരുന്നു ഹാരി ബ്രുക്ക്. ലേലത്തില്‍ നാലു കോടിക്കായിരുന്നു ഇംഗ്ലണ്ട് താരത്തെ ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയിരുന്നത്. എന്നാല്‍ ഐ.പി.എല്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വ്യക്തിപരമായ കാരണങ്ങളാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുകയായിരുന്നു ഹാരി ബ്രൂക്ക്.
2023 സീസണില്‍ 13.25 കോടി രൂപക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആയിരുന്നു ബ്രുക്കിനെ സ്വന്തമാക്കിയത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇംഗ്ലണ്ട് താരത്തിന് സാധിച്ചിരുന്നില്ല. ഓറഞ്ച് ആര്‍മിക്ക് വേണ്ടി 11 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയടക്കം 190 റണ്‍സാണ് ബ്രുക്ക് നേടിയത്.
ടി-20യില്‍ 29 മത്സരങ്ങളില്‍ 26 ഇന്നിങ്സില്‍ നിന്നും രണ്ട് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 544 റണ്‍സാണ് ബ്രൂക്കിന്റെ അക്കൗണ്ടിലുള്ളത്.
അതേസമയം നിലവില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന് എത്ര മികച്ച തുടക്കം അല്ല ഐ.പി.എല്ലില്‍ ലഭിച്ചത്.
ആദ്യ അഞ്ച് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഒരു വിജയം മാത്രമാണ് പന്തിനും കൂട്ടര്‍ക്കും സ്വന്തമാക്കാന്‍ സാധിച്ചത്. മറുഭാഗത്ത് ക്യാപ്പിറ്റല്‍സ് നാല് മത്സരങ്ങള്‍ പരാജയപ്പെടുകയും ചെയ്തു. നിലവില്‍ രണ്ടു പോയിന്റ് മാത്രമായി അവസാന സ്ഥാനത്താണ് പന്തും സംഘവും.