2023 ഏകദിന ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ വമ്പന്‍ തോല്‍വികള്‍ വഴങ്ങിയാണ് പുറത്തായത്. ടീമിലെ ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും ടൂര്‍ണമെന്റിലൂടെ ഉടനീളം മികവ് പുലര്‍ത്താന്‍ കഴിഞ്ഞില്ലായിരുന്നു. അത്തരത്തില്‍ ഇംഗ്ലണ്ടിന്റെ മികച്ച ബാറ്റര്‍ ആയിരുന്നിട്ടും ഹാരി ബ്രൂക്കിന് രാജ്യാന്തര ഏകദിനത്തില്‍ ശ്രദ്ധ നേടാന്‍ കഴിഞ്ഞില്ല.
എന്നിരുന്നാലും ഇംഗ്ലണ്ടിന്റെ ദേശീയ സെലക്ടര്‍മാര്‍ ഇപ്പോഴും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ട്. കൂടാതെ 2027 ഏകദിന ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായി അദ്ദേഹം മാറുമെന്നും വിശ്വസിക്കുന്നു. ചരിത്രത്തില്‍ 2023ലെ ലോകകപ്പ് ഇംഗ്ലണ്ടിനെ വലിയ പാഠങ്ങളാണ് പഠിപ്പിച്ചത്. ആഗോള ടൂര്‍ണമെന്റില്‍ വിരാട് കോഹ്‌ലിയില്‍ നിന്നും ഹെന്‍ട്രിച്ച് ക്ലാസിനില്‍ നിന്നും ഹാരി ബ്രൂക്ക് ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്നും പങ്കുവെച്ചു.
‘വിരാട് കോഹ്‌ലി ഇപ്പോള്‍ എക്കാലത്തെയും മികച്ച ഏകദിന ക്രിക്കറ്റര്‍ ആണ്. അദ്ദേഹം ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ സിംഗിള്‍സും ഡബിള്‍സും എടുക്കുന്ന രീതി ഗംഭീരമാണ്. ലോകകപ്പിലെ കോഹ്‌ലിയുടെ പ്രകടനങ്ങള്‍ അവിശ്വസനീയമായിരുന്നു,’അദ്ദേഹം പറഞ്ഞു.
2023 ലോകകപ്പില്‍ 11 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ചുറികളടക്കം 765 റണ്‍സാണ് കോഹ്‌ലി നേടിയത്. ബൗണ്ടറികള്‍ അടിക്കാതെ തന്നെ മികച്ച രീതിയില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാെന്ന് അദ്ദേഹം കാണിച്ചു തന്നിട്ടുണ്ട്.
കൂടാതെ ലോകകപ്പില്‍ കോഹ്‌ലി സച്ചിന്റെ എക്കാലത്തെയും റെക്കോഡ് ആയ 49 ഏകദിന സെഞ്ച്വറി മറികടക്കുകയും മറ്റ് ഒട്ടനവധി റെക്കോഡുകള്‍ കരസ്ഥമാക്കുകയും ചെയ്തിരുന്നു.
2023 ലോകകപ്പില്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ സെഞ്ച്വറി നേടി ഹെറിച്ച് ക്ലാസണ്‍ ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
‘ക്ലാസണ്‍ ഗെയിം ആഴത്തില്‍ എടുക്കുന്നു. ദുര്‍ബലരായ ബൗളര്‍മാരെ തിരിച്ചറിഞ്ഞു അവര്‍ക്കെതിരെ കൃത്യമായി കളിക്കുന്നു,’ഹാരി ബ്രൂക് കൂട്ടിച്ചേര്‍ത്തു.
2024 നടക്കാനിരിക്കുന്ന ടി-ട്വന്റി ലോകകപ്പില്‍ മികവ് പുലര്‍ത്താനും തിരിച്ചുവരാനും ആണ് ഇംഗ്ലണ്ട് താരം ഉദ്ദേശിക്കുന്നത്. നിലവില്‍ ഹാരിയെ 2024ല്‍ നടക്കാനിരിക്കുന്ന ഐ.പി.എല്‍ താര ലേലത്തിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിട്ടയച്ചിരിക്കുകയാണ്.
Content Highlight: Harry Brook says Virat Kohli is the best ODI player