ബ്രൂക്കിനെ നിര്‍ഭാഗ്യം ചതിച്ചപ്പോള്‍ ലോട്ടറിയടിച്ചത് ഓസീസിന്; വിചിത്രമായ രീതിയില്‍ പുറത്തായി ബ്രൂക്ക്; വീഡിയോ
THE ASHES
ബ്രൂക്കിനെ നിര്‍ഭാഗ്യം ചതിച്ചപ്പോള്‍ ലോട്ടറിയടിച്ചത് ഓസീസിന്; വിചിത്രമായ രീതിയില്‍ പുറത്തായി ബ്രൂക്ക്; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th June 2023, 1:52 pm

ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ റൈവല്‍റിയുടെ 73ാം എഡിഷന് കഴിഞ്ഞ ദിവസം എഡ്ജ്ബാസ്റ്റണില്‍ തുടക്കമായിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യ പന്ത് മുതല്‍ തന്നെ അറ്റാക് ചെയ്ത് കളിച്ച ഇംഗ്ലണ്ട് തുടര്‍ന്നും ബാസ്‌ബോള്‍ ശൈലിയില്‍ തന്നെ അടി തുടര്‍ന്നു. ഇംഗ്ലണ്ടിന്റെ അറ്റാക്കിങ് ക്രിക്കറ്റ് തന്നെയായിരുന്നു കഴിഞ്ഞ ദിവസത്തെ ചര്‍ച്ചാ വിഷയം.

ഇതിനൊപ്പം തന്നെ ജോ റൂട്ടിന്റെ സെഞ്ച്വറിയും ഹാരി ബ്രൂക്കിന്റെ പുറത്താവലും ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നു. വിചിത്രമായ രീതിയിലാണ് ബ്രൂക്കിന് തന്റെ വിക്കറ്റ് നഷ്ടമായത്. റൂട്ടിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തവെയാണ് നിര്‍ഭാഗ്യം ബ്രൂക്കിനെ വേട്ടയാടിയത്.

നഥാന്‍ ലയണ്‍ എറിഞ്ഞ 38ാം ഓവറിലെ രണ്ടാം പന്തിലായിരുന്നു ബ്രൂക്ക് പുറത്തായത്. ലയണ്‍ എറിഞ്ഞ ഷോര്‍ട്ട് ലെങ്ത് ഡെലിവറി ബാക്ക് ഫൂട്ടിലേക്കിറങ്ങി ഡിഫന്‍ഡ് ചെയ്യാന്‍ ശ്രമിച്ച ബ്രൂക്കിന് പിഴച്ചു. പന്ത് തുടയില്‍ തട്ടിയതോടെ താരത്തിന് കണക്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല.

ബ്രൂക്കിന്റെ കാലില്‍ തട്ടിയ പന്ത് ഉയര്‍ന്നുപൊങ്ങിയതോടെ ക്യാച്ചിനായി ഓസീസ് താരങ്ങള്‍ കോള്‍ ചെയ്തു. എന്നാല്‍ പന്ത് എങ്ങോട്ടാണ് പോയതെന്ന് ആര്‍ക്കും ഒരു പിടിയും ഉണ്ടായിരുന്നില്ല.

ഇതിനിടെ പന്ത് താഴേക്കെത്തി ബ്രൂക്കിന്റെ കാലിന് പിന്നില്‍ പതിക്കുകയും വിക്കറ്റില്‍ കൊള്ളുകയുമായിരുന്നു. വീണുകിട്ടിയ വിക്കറ്റ് ലയണും സഹതാരങ്ങളും ആഘോഷമാക്കിയപ്പോള്‍ തലകുനിച്ച് നടക്കാന്‍ മാത്രമായിരുന്നു ബ്രൂക്കിന് സാധിച്ചത്.

ടീം സ്‌കോര്‍ 175ല്‍ നില്‍ക്കവെയാണ് നാലാം വിക്കറ്റായി ബ്രൂക്ക് മടങ്ങിയത്. 37 പന്തില്‍ നിന്നും 32 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

അതേസമയം, ആദ്യ ദിവസം തന്നെ ഇംഗ്ലണ്ട് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. ടീം സ്‌കോര്‍ 393ല്‍ നില്‍ക്കവെയായിരുന്നു ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. 152 പന്തില്‍ നിന്നും പുറത്താകാതെ 118 റണ്‍സ് നേടിയ ജോ റൂട്ടിന്റെയും 78 പന്തില്‍ നിന്നും 78 റണ്‍സ് നേടിയ ജോണി ബെയര്‍സ്‌റ്റോയുടെയും ഇന്നിങ്‌സാണ് ഇംഗ്ലണ്ടിന് തുണയായത്.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഓസീസ് നാല് ഓവരില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 14 റണ്‍സ് എന്ന നിലയിലാണ്. എട്ട് റണ്‍സുമായി വാര്‍ണറും നാല് റണ്‍സുമായി ഉസ്മാന്‍ ഖവാജയുമാണ് ക്രീസില്‍.

 

Content Highlight: Harry Brook’s weird dismissal