|

ബ്രൂക്ക് വീണ്ടും ചതിച്ചു; രണ്ട് വര്‍ഷത്തേക്ക് ബാന്‍ ചെയ്യാന്‍ ബി.സി.സി.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ബാറ്റര്‍ ഹാരി ബ്രൂക്ക് ഐ.പി.എല്‍ നിന്ന് പിന്‍മാറി. തുടര്‍ച്ചയായ രണ്ടാം സീസണിലും താരം ദല്‍ഹി ക്യാപിറ്റല്‍സില്‍ നിന്ന് പിന്‍മാറിയതോടെ ഐ.പി.എല്ലില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് താരത്തെ ബാന്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് ബി.സി.സി.ഐ.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ട് പുറത്തായതിനെത്തുടര്‍ന്ന് ജോസ് ബട്‌ലര്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് രാജിവെച്ചിരുന്നു. ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റനായി ടെസ്റ്റ് ക്യാപ്റ്റന്‍ കൂടിയായ ബെന്‍ സ്റ്റോക്സിനൊപ്പം 26 കാരനായ ബ്രൂക്കും ഫേവറിറ്റുകളില്‍ ഒരാളാണ്.

ഇതോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ ഒരു കുറിപ്പ് എഴുതിയാണ് ബ്രൂക്ക് ഐ.പി.എല്ലില്‍ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് പറഞ്ഞത്. തുടര്‍ച്ചയായ രണ്ടാം സീസണിലും ദല്‍ഹി ക്യാപിറ്റല്‍സ് ബ്രൂക്കിനെ 6.25 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു.

‘വരാനിരിക്കുന്ന ഐ.പി.എല്ലില്‍ നിന്ന് പിന്മാറാനുള്ള വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണ് ഞാന്‍ എടുത്തത്. ദല്‍ഹി ക്യാപിറ്റല്‍സിനോടും അവരെ പിന്തുണയ്ക്കുന്നവരോടും ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റിന് ഇത് വളരെ പ്രധാനപ്പെട്ട സമയമാണ്, വരാനിരിക്കുന്ന പരമ്പരയ്ക്കായി തയ്യാറെടുക്കാന്‍ ഞാന്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധനാണ്,

എന്റെ കരിയറിലെ ഇതുവരെയുള്ള തിരക്കേറിയ കാലഘട്ടത്തിന് ശേഷം എനിക്ക് റീചാര്‍ജ് ചെയ്യാന്‍ സമയം ആവശ്യമാണ്. എല്ലാവര്‍ക്കും മനസിലാകില്ലെന്ന് എനിക്കറിയാം, അവര്‍ അത് മനസിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല, പക്ഷേ എനിക്ക് ശരിയെന്ന് തോന്നുന്നത് ഞാന്‍ ചെയ്യുന്നു, എന്റെ രാജ്യത്തിനായി കളിക്കുക എന്നതാണ് എന്റെ മുന്‍ഗണനയും ശ്രദ്ധയും,’ ഹാരി ബ്രൂക്ക് പറഞ്ഞു.

കഴിഞ്ഞ സീസണില്‍ മുത്തശ്ശിയുടെ മരണത്തെത്തുടര്‍ന്ന് 2024 ഐ.പി.എല്ലില്‍ നിന്ന് ബ്രൂക്ക് പിന്മാറിയിരുന്നു. 2025-27ലെ ഐ.പി.എല്‍ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് പ്ലെയര്‍ റെഗുലേഷനില്‍ പ്രകാരം ഒരു കളിക്കാരന്‍ പിന്മാറിയാല്‍ രണ്ട് വര്‍ഷത്തേക്ക് വിലക്ക് നേരിടേണ്ടിവരുമെന്ന് ബി.സി.സി.ഐ നേരത്തെ പറഞ്ഞിരുന്നു.

2025 ജൂണില്‍ ഇന്ത്യയ്ക്കെതിരായ ഹോം ടെസ്റ്റ് പരമ്പരയും ശേഷം നവംബര്‍ മുതല്‍ ജനുവരി വരെ ഓസ്ട്രേലിയയ്ക്കെതിരായ ആഷസ് പര്യടനവുമാണ് ഇനി ഇംഗ്ലണ്ടിന് മുന്നിലുള്ള പ്രധാന ഇവന്റ്. നിലവില്‍ മോശം പ്രകടനം കാഴ്ചവെക്കുന്ന ഇംഗ്ലണ്ടിന് തിരിച്ചുവരാന്‍ മികച്ച തയ്യാറെടുപ്പുകളുടെ ആവശ്യമുണ്ട്.

അതേ സമയം മാര്‍ച്ച് 22നാണ് ഐ.പി.എല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കുന്നത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയാണ് നേരിടുന്നത്.

Content Highlight: Harry Brook pulls out of I.P.L For second Time, likely to Face A Two-year Ban