ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തേയും ഏകദിനമത്സരം നടന്നുകൊണ്ടിരിക്കുകയാണ്. സിറ്റ് യുണീക്ക് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഓസീസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
നിലവില്‍ മത്സരം തുടരുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ഓപ്പണര്‍ ഫില്‍ സാള്‍ട്ട് 27 പന്തില്‍ 45 റണ്‍സ് നേടി പുറത്തായപ്പോള്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് ബെന്‍ ഡക്കറ്റാണ്. 91 പന്തില്‍ നിന്ന് 13 ഫോറും രണ്ട് സിക്‌സും അടക്കം 107 റണ്‍സ് നേടിയാണ് തിളങ്ങിയത്.
തിരിച്ചടിയെന്നോണം വണ്‍ ഡൗണ്‍ ബാറ്റര്‍ വില്‍ ജാക്‌സിനെ ആരോണ്‍ ഹാര്‍ഡ്‌ലി പൂജ്യം റണ്‍സിന് കൂടാരം കയറ്റിയതോടെ ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് കളത്തില്‍ എത്തി ഇടിവെട്ട് പ്രകടനം നടത്തി. 52 പന്തില്‍ നിന്ന് 3 ഫോറും ഏഴ് സിക്‌സും അടക്കം 72 റണ്‍സാണ് താരം നേടിയത്.
138.46 എന്ന പ്രഹര ശേഷിയിലായിരുന്നു താരം ബാറ്റ് വീശിയത്. ഇതോടെ ഏകദിനത്തില്‍ ഒരു മിന്നും റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഒരു ബൈലാട്രല്‍ ഏകദിന സീരീസില്‍ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റനാകാനാണ് താരത്തിന് സാധിച്ചത്. ഈ റെക്കോഡില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ മറികടക്കാനാണ് താരത്തിന് സാധിച്ചത്.
മാത്രമല്ല ഓസ്‌ട്രേലിയക്കെതിരായ ഒരു ബൈലാട്രല്‍ ഏകദിന സീരീസില്‍ 300ല്‍ അധികം റണ്‍സ് നേടുന്ന ആദ്യ ഇംഗ്ലണ്ട് ക്യാപ്റ്റനാകാനും ബ്രൂക്കിന് സാധിച്ചിരിക്കുകയാണ്. ഓസീസിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ട്രാവിസ് ഹെഡാണ്.
നിലവില്‍ നാല് ഓവര്‍ എറിഞ്ഞ ഹെഡ് 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് നേടിയത്. ആരോണ്‍ ഹാര്‍ഡ്‌ലി, ആദം സാംപ എന്നിവര്‍ രണ്ട് വിക്കറ്റും നേടി. ആദില്‍ റഷീദും മാത്യു പോട്ടുമാണ് ഇംഗ്ലണ്ടിന് വേണ്ടി ക്രീസിലുള്ളത്.
Content Highlight: Harry Brook In Record Achievement At ODI Cricket