ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയില്‍ ത്രീ ലയണ്‍സ് തങ്ങളുടെ അപ്രമാദിത്വം തുടരുകയാണ്. ആദ്യ മത്സരത്തിലേതെന്ന പോലെ ടോസ് നേടിയ ന്യൂസിലാന്‍ഡ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ഏഴ് ഓവര്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. 12 പന്തില്‍ നിന്നും രണ്ട് റണ്‍സുമായി സാക്ക് ക്രോളിയും 21 പന്തില്‍ നിന്നും ഒമ്പത് റണ്‍സുമായി ബെന്‍ ഡക്കറ്റും ആറ് പന്തില്‍ നിന്നും പത്ത് റണ്‍സുമായി ഒല്ലി പോപ്പും പുറത്തായി.
21 റണ്‍സിന് മൂന്ന് എന്ന നിലയില്‍ നിന്നും ഇംഗ്ലണ്ടിനെ ജോ റൂട്ടും യുവതാരം ഹാരി ബ്രൂക്കും കൈപിടിച്ചുയര്‍ത്തുകയായിരുന്നു. 21ന് മൂന്ന് എന്ന നിലയില്‍ നിന്നും ഒന്നാം ദിവസം കളിയവസാനിപ്പിക്കുമ്പോള്‍ 315ന് മൂന്ന് എന്ന നിലയിലേക്കാണ് ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കൊണ്ടുചെന്നെത്തിച്ചത്.
ഫാബ് ഫോറില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായിക്കൊണ്ടാണ് റൂട്ട് തന്റെ 29ാം സെഞ്ച്വറി കുറിച്ചത്. 182 പന്തില്‍ നിന്നും 101 റണ്‍സ് നേടിയാണ് റൂട്ട് കരുത്തുകാട്ടിയത്.
169 പന്തില്‍ നിന്നും 24 ബൗണ്ടറിയും അഞ്ച് സിക്‌സറുമായി പുറത്താകാതെ 184 റണ്‍സാണ് ബ്രൂക്ക് നേടിയത്.
ഇതോടെ ഒരു വമ്പന്‍ നേട്ടവും താരത്തെ തേടിയെത്തിയിരിക്കുകയാണ്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ആദ്യ ഒമ്പത് ഇന്നിങ്‌സിന് ശേഷം ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡാണ് ബ്രൂക്കിനെ തേടിയെത്തിയിരിക്കുന്നത്.
ഒമ്പതാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടരവെയാണ് താരത്തെ തേടി ഈ വമ്പന്‍ റെക്കോഡ് എത്തിയിരിക്കുന്നത്. ക്രിക്കറ്റ് ലെജന്‍ഡുകളായ സുനില്‍ ഗവാസ്‌കറിനെയടക്കം മറികടന്നുകൊണ്ടാണ് ബ്രൂക്ക് ഈ നേട്ടം സ്വന്തമാക്കിയത്. ഇക്കൂട്ടത്തില്‍ 100+ ശരാശരിയും നേടിക്കൊണ്ടാണ് ബ്രൂക്ക് തരംഗമാവുന്നത്.
ഏറ്റവുമധികം ടെസ്റ്റ് റണ്ണുകള്‍ (ഒമ്പത് ഇന്നിങ്‌സിന് ശേഷം)
(താരം, റണ്‍സ്, ആവറേജ്, മികച്ച സ്‌കോര്‍, സെഞ്ച്വറികളുടെ എണ്ണം എന്നീ ക്രമത്തില്‍)
ഹാരി ബ്രൂക്ക് – 807 – 100.88 – 184*-4
വിനോദ് കാംബ്ലി – 798 -99.75 -227 – 4
ഹെര്‍ബെര്‍ട്ട് സട്ക്ലിഫ് – 780 – 97.50 – 176 – 4
സുനില്‍ ഗവാസ്‌കര്‍ – 778 – 129.66- 220 -4
എവര്‍ട്ടണ്‍ വീക്‌സ് – 777 – 86.33 – 194 – 14
ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് പരമ്പരയിലെ ആദ്യ മത്സരത്തിലും ബ്രൂക്ക് മികച്ച പ്രകടനമായിരുന്നു നടത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 81 പന്തില്‍ നിന്നും 89 റണ്‍സ് നേടിയ ബ്രൂക്ക് രണ്ടാം ഇന്നിങ്‌സില്‍ 41 പന്തില്‍ നിന്നും 54 റണ്‍സും നേടിയിരുന്നു. ഹാരി ബ്രൂക്കിനെ തന്നെയായിരുന്നു കളിയിലെ താരമായി തെരഞ്ഞെടുത്തതും.
Content Highlight: Harry Brook becomes highest rungetter after 9 innings