| Monday, 10th July 2023, 3:00 pm

റെക്കോഡിനേക്കാള്‍ വലിയ വിജയവും വിജയത്തേക്കാള്‍ വിലയുള്ള റെക്കോഡും; ഗ്രാന്‍ഡായി 1K ക്ലബ്ബിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഓസീസിനെ മൂന്ന് വിക്കറ്റിന് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ഹെഡിങ്‌ലി ഓവലില്‍ നടന്ന മത്സരത്തില്‍ ടെസ്റ്റിന്റെ നാലാം ദിവസം തന്നെ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തിന് പിന്നാലെ പരമ്പരയില്‍ 2-1 എന്ന നിലയിലേക്ക് ഉയരാനും വിജയ സാധ്യതകള്‍ സജീവമാക്കി നിര്‍ത്താനും ത്രീ ലയണ്‍സിന് സാധിച്ചു.

രണ്ടാം ഇന്നിങ്‌സില്‍ സൂപ്പര്‍ താരം ഹാരി ബ്രൂക്കിന്റെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് ഇംഗ്ലണ്ട് വിജയിച്ചുകയറിയത്. 93 പന്തില്‍ ഒമ്പത് ബൗണ്ടറിയുടെ അകമ്പടിയോടെ 75 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഈ അര്‍ധ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഇംഗ്ലണ്ടിന്റെ വിജയം മാത്രമല്ല, ഒപ്പം ഒരു തകര്‍പ്പന്‍ നേട്ടവും ഹാരി ബ്രൂക്കിനെ തേടിയെത്തിയിരുന്നു. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 1,000 ടെസ്റ്റ് റണ്‍സ് തികയ്ക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് ബ്രൂക്ക് കരുത്ത് കാട്ടിയത്.

1,058 പന്തില്‍ നിന്നുമാണ് ബ്രൂക്ക് 1,000 റണ്‍സ് മാര്‍ക്ക് പിന്നിട്ടത്. ബാസ്‌ബോള്‍ ക്രിക്കറ്റിന്റെ മനോഹാരിത കൂടിയാണ് ബ്രൂക്കിന്റെ ഇന്നിങ്‌സിലൂടെ ക്രിക്കറ്റ് ലോകം കണ്ടത്. ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം കോളിന്‍ ഗ്രാന്‍ഡ്‌ഹോമിനെ പിന്നിലാക്കിയാണ് ബ്രൂക്ക് ഒന്നാം സ്ഥാനത്തേക്ക് നടന്നുകയറിയത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 1,000 റണ്‍സ് പിന്നിട്ട താരങ്ങള്‍ (നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍)

(താരം – രാജ്യം – 1,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ നേരിട്ട പന്തുകള്‍ എന്നീ ക്രമത്തില്‍)

ഹാരി ബ്രൂക്ക് – ഇംഗ്ലണ്ട് – 1,058

കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം – ന്യൂസിലാന്‍ഡ് – 1,140

ടിം സൗത്തി – ന്യൂസിലാന്‍ഡ് – 1,167

ബെന്‍ ഡക്കറ്റ് – ഇംഗ്ലണ്ട് – 1,168

ഇംഗ്ലണ്ടിനായി കളിച്ച 10 മത്സരങ്ങളിലെ 17 ഇന്നിങ്‌സില്‍ നിന്നും 1,028 റണ്‍സാണ് റെഡ്‌ബോള്‍ ഫോര്‍മാറ്റില്‍ ബ്രൂക്കിന്റെ സമ്പാദ്യം. ഇംഗ്ലണ്ടിനായി നാല് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും തികച്ച ബ്രൂക്കിന്റെ ഉയര്‍ന്ന സ്‌കോര്‍ 186 ആണ്.

64.25 എന്ന മികച്ച ശരാശരിയിലും 94.31 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലുമാണ് ഇംഗ്ലണ്ടിന്റെ യുവതാരം റണ്ണടിച്ചുകൂട്ടുന്നത്.

വേഗത്തില്‍ ആയിരം റണ്‍സ് തികച്ചതിന്റെ റെക്കോഡിനൊപ്പം മറ്റൊരു റെക്കോഡും ബ്രൂക്കിനെ തേടിയെത്തിയിരുന്നു. ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിനായി ഏറ്റവും വേഗത്തില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനക്കാരനായാണ് ബ്രൂക്ക് റെക്കോഡിട്ടത്. ഗാരി ബല്ലാന്‍സിനൊപ്പമാണ് താരം മൂന്നാം സ്ഥാനം പങ്കിടുന്നത്.

ഹെര്‍ബെര്‍ട്ട് സട്ക്ലിഫ് (12 ഇന്നിങ്‌സ്), ലെന്‍ ഹട്ടണ്‍ (16 ഇന്നിങ്‌സ്) എന്നിവരാണ് ബ്രൂക്കിനേക്കാള്‍ വേഗത്തില്‍ ത്രീ ലയണ്‍സിനായി ആയിരം റണ്‍സ് മാര്‍ക് തികച്ചത്.

Content highlight: Harry Brook became the fastest player to complete 1000 runs

Latest Stories

We use cookies to give you the best possible experience. Learn more