ഹാരിസണ് സന്തോഷമുണ്ടാക്കുന്ന തീര്‍പ്പ് കല്‍പിക്കുമ്പോള്‍ സംരക്ഷിക്കപ്പെടുന്നത് ആരുടെ താല്‍പര്യമാണ്; എം.സ്വരാജ്
Kerala
ഹാരിസണ് സന്തോഷമുണ്ടാക്കുന്ന തീര്‍പ്പ് കല്‍പിക്കുമ്പോള്‍ സംരക്ഷിക്കപ്പെടുന്നത് ആരുടെ താല്‍പര്യമാണ്; എം.സ്വരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th April 2018, 5:19 pm

കോഴിക്കോട്: ഹാരിസണ്‍സ് പ്ലാന്റ് കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടി നിര്‍ത്തിവെക്കണമെന്ന ഹൈക്കോടതി വിധി  ജനങ്ങള്‍ക്കും പാവപ്പെട്ടവന്റെ താല്‍പര്യങ്ങള്‍ക്കുമെതിരാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് എം.എല്‍.എ. ഹാരിസണ്‍ കേസിലെ വിധി കോടതിയോടുള്ള ജനങ്ങളുടെ ബഹുമാനം വര്‍ദ്ധിപ്പിക്കുന്നതല്ല സ്വരാജ് പറഞ്ഞു.

“ഒരു സെന്റ് ഭൂമി പോലുമില്ലാത്ത ലക്ഷങ്ങള്‍ ജീവിക്കുന്ന നാട്ടില്‍, തലചായ്ക്കാന്‍ ഒരു കൂരയില്ലാതെ തെരുവിലുറങ്ങുന്ന മനുഷ്യരുടെ മുന്നില്‍ ,
38,000 ഏക്കര്‍ ഭൂമി കൈവശം വെയ്ക്കുന്നവര്‍ കുറ്റവാളികളാണ്. ആ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞ തോട്ടമാകുമ്പോള്‍ വ്യവസ്ഥാപിത നിയമമനുസരിച്ചും അത് തെറ്റാണ് . ആ തെറ്റിന് മേല്‍ നടപടി സ്വീകരിക്കേണ്ടവര്‍ നടപടിക്രമങ്ങളുടെ തലനാരിഴ കീറി ഹാരിസണ് സന്തോഷമുണ്ടാക്കുന്ന തീര്‍പ്പ് കല്‍പിക്കുമ്പോള്‍ സംരക്ഷിക്കപ്പെടുന്നത് ആരുടെ താല്‍പര്യമാണ്”. ഫേസ്ബുക്കിലിട്ട കുറിപ്പില്‍ സ്വരാജ് ചോദിച്ചു.


Read Also :ഭൂമി ഏറ്റെടുത്ത് പാവങ്ങള്‍ക്ക് കൊടുക്കാന്‍ സര്‍ക്കാര്‍ റോബിന്‍ഹുഡാണോ’; ഹാരിസണ്‍സ് ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി


സ്വമേധയാ കേസെടുക്കാനും അന്വേഷണത്തിന് ഉത്തരവിടാനും അധികാരമുള്ളവരുടെ കണ്‍മുന്നില്‍ അനീതിയും നിയമ ലംഘനവും നടക്കുമ്പോള്‍ അധികാരം അനീതിക്കൊപ്പമാവുന്നത് ദു:ഖകരമാണെന്നും അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

പാട്ടക്കാലാവധി കഴിഞ്ഞ, അന്യായമായി കൈവശം വെയ്ക്കുന്ന പതിനായിരക്കണക്കിന് എക്കര്‍ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ ഈ നാട്ടിലെ ഭൂരഹിതരായ ദരിദ്രരാണ്. തങ്ങള്‍ക്കവകാശപ്പെട്ട ഭൂമിയില്‍ അവകാശം സ്ഥാപിക്കാന്‍ മറ്റാരുടേയും അനുവാദത്തിന് കാത്തു നില്‍ക്കേണ്ടതില്ലെന്ന് ദരിദ്രരായ ജനങ്ങള്‍ തിരിച്ചറിയും. ചിലതരം വിധികള്‍ നിയമവാഴ്ചയെത്തന്നെ ദുര്‍ബലപ്പെടുത്തിയേക്കും. സ്വരാജ് കൂട്ടിച്ചേര്‍ത്തു.


Read Also : ഹാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍ -ഭൂരഹിതരെ ചതിച്ചതാരാണ്


300 പേജുകള്‍ വരുന്ന വിധിന്യായമാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ചത്. പൊതുജനങ്ങളുടെ സമ്മര്‍ദ്ദമോ സമരങ്ങളോ കാരണം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തെറ്റായ നടപടികള്‍ ഉണ്ടാകരുതെന്ന പരാമര്‍ശവും കോടതി നടത്തിയിട്ടുണ്ട്.

അതേസമയം വിധി സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതാണെന്ന് മുന്‍ റവന്യൂ പ്ലീഡര്‍ സുശീലാ ഭട്ട് പ്രതികരിച്ചു. ഇനി ഒരുതുണ്ട് ഭൂമിപോലും സര്‍ക്കാരിന് തട്ടിപ്പുകാരില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ സാധിക്കില്ലെന്നും സുശീലാ ഭട്ട് പറഞ്ഞു.