| Wednesday, 11th April 2018, 3:47 pm

ഹാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍ -ഭൂരഹിതരെ ചതിച്ചതാരാണ്

എ പി ഭവിത

ഹാരിസണ്‍ പ്ലാന്റേഷന്റെ കൈവശമുള്ള 38000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി തടഞ്ഞതോടെ സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിച്ചുവെന്ന വിമര്‍ശനം ശക്തമാകുകയാണ്. സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട കോടതി പൊതുജനങ്ങളുടെ സമ്മര്‍ദ്ദത്തിന് അടിപ്പെട്ട് തീരുമാനമെടുക്കരുതെന്ന് വിമര്‍ശിച്ചു.

സര്‍ക്കാറിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് മുന്‍ റവന്യു പ്ലീഡര്‍ സുശീലാ ഭട്ടാണ്. ഒന്നുമറിയാത്ത ഗവമെന്റ് പ്ലീഡര്‍മാരെക്കൊണ്ട് കേസ് വാദിപ്പിച്ച് മനപൂര്‍വ്വം തോറ്റുകൊടുക്കുകയായിരുന്നുവെന്നാണ് സുശീലാ ഭട്ടിന്റെ ആരോപണം. ഭൂമി തിരിച്ചു പിടിക്കാന്‍ ഇനി സര്‍ക്കാറിന് കഴിയില്ലെന്നും ഭൂരഹിതരുടെ അവസ്ഥ അതുപോലെ തുടരുമെന്നും വിമര്‍ശിച്ചു.

ഹാരിസണ്‍ പ്ലാന്റേഷന്റെ കൈവശമുള്ള 38000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി തടഞ്ഞതിനെതിരെയും റവന്യു വകുപ്പിന്റെ അനാസ്ഥക്കെതിരെയും പ്രതിഷേധവുമായി ദളിത് സംഘടനകളും രംഗത്തെത്തി. കേരളസര്‍ക്കാരിന്റെ റവന്യു വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐയും, നിയമ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എ.കെ ബാലനും, ഹാരിസണ് വേണ്ടി വിവിധകാലങ്ങളില്‍ നിയമ സഹായം ചെയ്ത ജഡ്ജിമാരും സര്‍ക്കാര്‍ അഭിഭാഷകരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കുന്നതെന്നും ഭൂഅധികാര സംരക്ഷണ സമിതി ആരോപിച്ചു.

എസ്റ്റേറ്റുകളില്‍ പലതും വ്യാജമായി നിര്‍മ്മിച്ച രേഖകളിലാണ് പ്രവര്‍ത്തിക്കുന്നത് ഇത് വിവിധ അന്വേഷണ റിപ്പോര്‍ട്ടുകളിലൂടെ തെളിയിക്കപ്പെട്ടതാണെന്നും ഉടമകള്‍ക്കെതിരെ 49 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച് വരുന്നതടക്കം മറച്ചു വെച്ചുകൊണ്ടാണ് രാജമാണിക്യം റിപ്പോര്‍ട്ട് പ്രകാരം ഭൂമി തിരിച്ചെടുക്കുന്ന നടപടി ഹൈക്കോടതി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടതെന്നും ഭുഅധികാര സമിതി ആരോപിച്ചു.

ഭൂപരിഷ്‌ക്കരണ സാധ്യതകള്‍ അട്ടിമറിച്ച് ദളിത് -ആദിവാസികളെയും തോട്ടം തൊഴിലാളികളെയും അരലക്ഷത്തോളം ജാതികോളങ്ങളില്‍ തളച്ചിടുന്ന നടപടി സി.പി.ഐ നേതൃത്വം റവന്യൂ വകുപ്പിലൂടെ തുടരുകയാണെന്നും സമിതി കുറ്റപ്പെടുത്തി.

ഹാരിസണ്‍സ് പ്ലാന്റ് കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടി നിര്‍ത്തിവെക്കണമെന്ന ഹൈക്കോടതി വിധി ജനങ്ങള്‍ക്കും പാവപ്പെട്ടവന്റെ താല്‍പര്യങ്ങള്‍ക്കുമെതിരാണെന്നായിരുന്നു ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് എം.എല്‍.എ പറഞ്ഞത്. ഹാരിസണ്‍ കേസിലെ വിധി കോടതിയോടുള്ള ജനങ്ങളുടെ ബഹുമാനം വര്‍ദ്ധിപ്പിക്കുന്നതല്ലെന്നും സ്വരാജ് പറഞ്ഞു.

“ഒരു സെന്റ് ഭൂമി പോലുമില്ലാത്ത ലക്ഷങ്ങള്‍ ജീവിക്കുന്ന നാട്ടില്‍, തലചായ്ക്കാന്‍ ഒരു കൂരയില്ലാതെ തെരുവിലുറങ്ങുന്ന മനുഷ്യരുടെ മുന്നില്‍, 38,000 ഏക്കര്‍ ഭൂമി കൈവശം വെയ്ക്കുന്നവര്‍ കുറ്റവാളികളാണ്. ആ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞ തോട്ടമാകുമ്പോള്‍ വ്യവസ്ഥാപിത നിയമമനുസരിച്ചും അത് തെറ്റാണ്. ആ തെറ്റിന് മേല്‍ നടപടി സ്വീകരിക്കേണ്ടവര്‍ നടപടിക്രമങ്ങളുടെ തലനാരിഴ കീറി ഹാരിസണ് സന്തോഷമുണ്ടാക്കുന്ന തീര്‍പ്പ് കല്‍പിക്കുമ്പോള്‍ സംരക്ഷിക്കപ്പെടുന്നത് ആരുടെ താല്‍പര്യമാണെന്നും സ്വരാജ് ചോദിച്ചു.

സ്വമേധയാ കേസെടുക്കാനും അന്വേഷണത്തിന് ഉത്തരവിടാനും അധികാരമുള്ളവരുടെ കണ്‍മുന്നില്‍ അനീതിയും നിയമ ലംഘനവും നടക്കുമ്പോള്‍ അധികാരം അനീതിക്കൊപ്പമാവുന്നത് ദു:ഖകരമാണെന്നും അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഈ കേസില്‍ സര്‍ക്കാര്‍ വാദം കുറഞ്ഞുപോയെന്നോ ഏതെങ്കിലും നിയമപ്രശ്‌നം വിട്ടുപോയെന്നോ മനഃപൂര്‍വ്വം തോറ്റെന്നോ കരുതുന്നില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍ പറഞ്ഞു. സത്യസന്ധമായ ഇടപെടല്‍ ആണ് അന്തിമവാദ സമയത്ത് കേസ് നടത്തിപ്പില്‍ ഉണ്ടായിരുന്നത് എന്നാണ് എന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെവരെ ചെയ്ത നിയവിരുദ്ധ നടപടികള്‍ റദ്ദായി. ഭാവിയില്‍ ഹാരിസന്റെ ഭൂമി നിയമപരമായ നടപടികളിലൂടെ ഏറ്റെടുക്കുന്നതിനു ഈ വിധി തടസ്സമാകില്ല. 1971 ല്‍ കണ്ണന്‍ ദേവന്റെ 1,20,000 ഏക്കര്‍ ഏറ്റെടുത്ത നിയമത്തിന്റെ മാതൃക നമുക്ക് മുന്നിലുണ്ട്. ഇച്ഛാശക്തി ഉണ്ടെങ്കില്‍ അത് സര്‍ക്കാരിന് ചെയ്യാമെന്നും ഹരീഷ് പറഞ്ഞു. വിധിപകര്‍പ്പ് മുഴുവനായി വായിച്ചാല്‍ മാത്രമേ ശരിതെറ്റുകള്‍ വിലയിരുത്താന്‍ ആകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജമാണിക്യം റിപ്പോര്‍ട്ടും അട്ടിമറികളും-

2013 ഏപ്രില്‍ 25നാണ് ഡോ.രാജമാണിക്യം ഐ.എ.എസിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചത്. 1947 ന് മുന്‍പ് വിദേശ കമ്പനികള്‍ കൈവശം വച്ചിരിക്കുന്നതും സ്വാതന്ത്യം ലഭിച്ചതിന് ശേഷവും ഇന്ത്യന്‍ കമ്പനികളുടെ പേരിലും അനധികൃതമായി കൈവശപ്പെടുത്തിയതുമായി തോട്ടംഭൂമിയുടെ ഉടമസ്ഥത പരിശോധിക്കുക, അനധികൃത കൈയ്യേറ്റങ്ങള്‍ക്കെതിരെ കേരള ഭൂസംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതിനുമായാണ് സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചത്.

5,20,000 ഏക്കര്‍ തോട്ടംഭൂമി കമ്പനികള്‍ വ്യാജ അധാരം നിര്‍മ്മിച്ചും അനധികൃതമായും നിയമവിരുദ്ധമായും കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തി. ടാറ്റ,ഹാരിസണ്‍, ആംഗ്ലോ അമേരിക്കന്‍ കമ്പനി ലിമിറ്റഡ്, ട്രാവന്‍കൂര്‍ റബ്ബര്‍ കമ്പനി ,പീരുമേട് ടീ കമ്പനി എന്നിവയാണ് സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയുടെ 58 ശതമാനവും കൈവശപ്പെടുത്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭൂനിയമങ്ങളും കമ്മീഷന്‍ റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടി ഹാരിസണ്‍ കമ്പനി രാജ്യത്തിന്റെ പരമാധികാരത്തെ തന്നെ ചോദ്യം ചെയ്തു കൊണ്ടാണ് ഭൂമി കൈവശം വെച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. നിയമ നിര്‍മ്മാണത്തിലൂടെ ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കുകയും കാര്‍ഷികാവശ്യങ്ങള്‍ക്ക് വിനിയോഗിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിച്ചു.

റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനായി 2015 ഡിസെബര്‍ 30 ന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള റവന്യു സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിലെ 38,051 ഏക്കര്‍ വരുന്ന ഭൂമി ഏറ്റെടുത്തു. ഇതില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ 30019 ഏക്കറും ഉള്‍പ്പെടും. എന്നാല്‍ എല്‍.ഡി.എഫ് ഗവണ്‍മെന്റ് അധികാരത്തിലെത്തിയതിന് ശേഷം കേസുകള്‍ അട്ടിമറിക്കുന്നതായി ആരോപണമുയര്‍ന്നു. കേസുകളില്‍ സര്‍ക്കാറിന് അനുകൂലമായി വിധികള്‍ നേടിയ പബ്ലിക് പ്രോസിക്യുട്ടര്‍ സുശീല.ആര്‍.ഭട്ടിനെ മാറ്റിയത് വിമര്‍ശനത്തിന് ഇടയാക്കി. പിന്നാലെ തോട്ടം ഭൂമി ഏറ്റെടുക്കണമെന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയമവകുപ്പിനോട് ആവശ്യപ്പെട്ടു. രാജമാണിക്യം റിപ്പോര്‍ട്ടിന് നിയമ സാധുതയില്ലെന്ന് നിയമവകുപ്പ് സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി.


Dont Miss ദളിത് വിദ്യാര്‍ത്ഥിയുടെ പി.എച്ച്.ഡിക്ക് അയിത്തം; വിദ്യാര്‍ത്ഥിയെ അകാരണമായി പുറത്താക്കി കാസര്‍ഗോഡ് കേന്ദ്രസര്‍വ്വകലാശാല


ജനുവരി മുപ്പതിനാണ് കേസില്‍ വാദം തുടങ്ങിയത്. കമ്പനികളുടെ ഹര്‍ജിയും കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും നല്‍കിയ ഹര്‍ജികളും കൂട്ടത്തിലുണ്ടായിരുന്നു. ഭൂമി ഏറ്റെടുത്ത നടപടി ശരിയാണെന്ന് സിംഗിള്‍ ബഞ്ച് നേരത്തെ വിധിച്ചിരുന്നു. കമ്പനികള്‍ക്ക് അനുകൂലമായുണ്ടായ വിധികള്‍ പരിശോധിക്കാനും പുതുവല്‍ പട്ടയഭൂമിയും സര്‍ക്കാര്‍ ഭൂമിയുടെ കമ്പനിയുടെ കൈവശമെത്തിയതും കൂടി പരിശോധിക്കാന്‍ ഡിവിഷന്‍ ബഞ്ചിന് വിടുകയായിരുന്നു.

പാട്ടമായും ഗ്രാന്റായും ലഭിച്ച ഭൂമിയാണെന്നാണ് ഹാരിസണ്‍ വാദിച്ചത്. ഭൂമി വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന രാജമാണിക്യം റിപ്പോര്‍ട്ടിലെ നിര്‍ദേശവും ഇടതു സര്‍ക്കാര്‍ അവഗണിച്ചത് പ്രതിപക്ഷം ചോദ്യം ചെയ്തു. കമ്പനിക്കെതിരായി വിജിലന്‍സും ക്രൈംബ്രാഞ്ചും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മന്ത്രിമാര്‍ പരസ്യമായി കമ്പനിക്കനുകൂലമായ നിലപാട് സ്വീകരിച്ചതും ഈ വിധിയെ സംശയത്തിന്റെ നിഴലിലാക്കുന്നു.

കേരളത്തിലെ ഭൂമി പ്രശ്‌നങ്ങളില്‍ നിര്‍ണ്ണായകമാകുമായിരുന്ന കേസ് സര്‍ക്കാര്‍ അട്ടിമറിച്ചു എന്ന ആരോപണം ഇടതുപക്ഷത്തിന് തലവേദനയാകും. രണ്ട് മുതര്‍ന്ന നേതാക്കള്‍ കേസില്‍ കക്ഷി ചേര്‍ന്നതോടെ പ്രതിപക്ഷം ശക്തമായ നിലപാട് സ്വീകരിച്ചു എന്ന പ്രതീതി സൃഷ്ടിക്കാനും കഴിഞ്ഞു.

എ പി ഭവിത

ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.

We use cookies to give you the best possible experience. Learn more