ചരിത്രത്തിലെ ആദ്യ താരമാവാനും, രണ്ടാമത്തെ താരമാവാനും ബാബറിന്റെ വജ്രായുധത്തിന് വേണ്ടത് വെറും ഒരു വിക്കറ്റ്
Cricket
ചരിത്രത്തിലെ ആദ്യ താരമാവാനും, രണ്ടാമത്തെ താരമാവാനും ബാബറിന്റെ വജ്രായുധത്തിന് വേണ്ടത് വെറും ഒരു വിക്കറ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 11th June 2024, 11:50 am

ഐ.സി.സി ടി-20 ലോകകപ്പില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാന്‍ കാനഡയെയാണ് നേരിടുന്നത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ യു.എസ്.എയോട് സൂപ്പര്‍ ഓവറില്‍ അഞ്ച് റണ്‍സിനും രണ്ടാം മത്സരത്തില്‍ ഇന്ത്യയോട് ആറ് റണ്‍സിനും പരാജയപ്പെട്ട പാകിസ്ഥാന് അടുത്ത റൗണ്ടിലേക്ക് മുന്നേറണമെങ്കില്‍ വിജയം അനിവാര്യമാണ്.

നസാവു ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഈ മത്സരത്തില്‍ ഒരു വിക്കറ്റ് നേടാന്‍ പാകിസ്ഥാന്‍ സ്റ്റാര്‍ പേസര്‍ ഹാരിസ് റൗഫിന് സാധിച്ചാല്‍ ഇന്റര്‍നാഷണല്‍ ടി-20യില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റുകള്‍ നേടുന്ന താരമായി മാറാന്‍ റൗഫിന് സാധിക്കും. മെന്‍ ഇന്‍ ഗ്രീനിന് വേണ്ടി 70 മത്സരങ്ങളില്‍ നിന്നും 99 വിക്കറ്റുകള്‍ ആണ് റൗഫ് നേടിയിട്ടുള്ളത്.

ടി-20യില്‍ ഏറ്റവും വേഗത്തില്‍ നേടിയ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് അഫ്ഗാന്‍ നായകന്‍ റാഷിദ് ഖാനാണ്. മൂന്നു മത്സരങ്ങളില്‍ നിന്നാണ് അഫ്ഗാന്‍ നായകന്‍ ഈ നേട്ടത്തിലെത്തിയത്. 63 മത്സരങ്ങളില്‍ നിന്നും 100 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്ദു ഹസരങ്കയാണ് രണ്ടാമതുള്ളത്.

ഇന്റര്‍നാഷണല്‍ ടി-20യില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റുകള്‍ നേടിയ പേസര്‍ അയര്‍ലാന്‍ഡിന്റെ മാര്‍ക്ക് അഡയറാണ്. 72 മത്സരങ്ങളില്‍ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ കാനഡയ്‌ക്കെതിരെയുള്ള ഈ മത്സരത്തില്‍ ഹാരിസ് റൗഫിന് ഒരു വിക്കറ്റ് നേടാന്‍ സാധിച്ചാല്‍ 71 മത്സരങ്ങളില്‍ നിന്നും ഈ നേട്ടത്തില്‍ എത്തുന്ന ആദ്യ പേസറായി മാറാന്‍ സാധിക്കും.

ഇതിന് പിന്നാലെ മറ്റൊരു ചരിത്രം നേട്ടവും താരത്തിന് സ്വന്തമാക്കാന്‍ സുവര്‍ണ്ണാവസരം ഉണ്ട്. ശതാബ് കാനു ശേഷം പാകിസ്ഥാന് വേണ്ടി ഇന്റര്‍നാഷണല്‍ ടി-20യില്‍ 100 വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരമാവാനും റൗഫിന് സാധിക്കും.

Content Highlight: Harris Rouf waiting for a new Milestone against Canada