| Monday, 27th February 2023, 5:02 pm

താക്കീതല്ലിത് വെല്ലുവിളി, ബാബറിനെയും വിരാടിനെയും രണ്ട് തവണ രക്ഷപ്പെട്ട വില്യംസണെയും വീഴ്ത്തും; പാക് പേസറുടെ വൈറല്‍ വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

പാക് നായകന്‍ ബാബര്‍ അസമിനെയും മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെയും പുറത്താക്കുമെന്ന മുന്നറിയിപ്പുമായി പാക് പേസര്‍ ഹാരിസ് റൗഫ്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ഖലന്ദേഴ്‌സിന്റെ താരമാണ് റൗഫ്.

ടീമിന്റെ പ്രാക്ടീസ് സെഷനിടെ താരം പി.എസ്.എല്ലിലെ പെഷവാര്‍ സാല്‍മിയുടെ നായകന്‍ കൂടിയായ ബാബര്‍ അസമിനോട് താരത്തെ പുറത്താക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. ഈ വീഡിയോ ഖലന്ദേഴ്‌സ് തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ റൗഫിന്റെ മുന്നറിയിപ്പിനെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.

‘എന്തുതന്നെ ആയിക്കൊള്ളട്ടെ എനിക്ക് നിങ്ങളുടെ വിക്കറ്റെടുക്കണം. നിങ്ങളും വിരാട് കോഹ്‌ലിയും മാത്രമാണ് ഇതുവരെ ഒഴിവായിപ്പോയിട്ടുള്ളത്. കെയ്ന്‍ വില്യംസണ്‍ സ്ലിപ്പില്‍ നിന്നും രണ്ട് തവണ രക്ഷപ്പെട്ടു. ഈ മൂന്ന് നാല് താരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ എന്റെ മനസിലുള്ളത്,’ എന്നായിരുന്നു ഹാരിസ് റൗഫ് പറഞ്ഞത്.

ഇതിന് മറുപടിയായി ‘അടുത്ത പ്രാക്ടീസ് സെഷനില്‍ നമുക്ക് നോക്കാം’ എന്നായിരുന്നു ബാബറിന്റെ മറുപടി. അങ്ങനെയല്ല, ഒരു മാച്ചില്‍ തന്നെ നിങ്ങളെ പുറത്താക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് റൗഫ് പറഞ്ഞപ്പോള്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു പാക് നായകന്റെ പ്രതികരണം.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന പെഷവാര്‍ സാല്‍മി – ലാഹോര്‍ ഖലന്ദേഴ്‌സ് മത്സരത്തില്‍ ഖലന്ദേഴ്‌സ് നായകന്‍ ഷഹീന്‍ ഷാ അഫ്രിദിയായിരുന്നു ബാബറിനെ പുറത്താക്കിയത്. ബാബറിന് പുറമെ മറ്റ് നാല് സാല്‍മി താരങ്ങളെയും ഷഹീന്‍ പുറത്താക്കിയിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഖലന്ദേഴ്‌സ് നിശ്ചിത ഓവറില്‍ 241 റണ്‍സ് നേടിയിരുന്നു. ഫഖര്‍ സമാന്റെയനും അബ്ദുള്ള ഷെഫീഖിന്റെയും ഇന്നിങ്‌സാണ് ഖലന്തേഴ്‌സിന് വമ്പന്‍ സ്‌കോര്‍ നല്‍കിയത്.

ഫഖര്‍ സമാന്‍ 45 പന്തില്‍ നിന്നും പത്ത് സിക്സറും മൂന്ന് ബൗണ്ടറിയുമായി 96 റണ്‍സ് നേടിയപ്പോള്‍ ഷഫീഖ് 41 പന്തില്‍ നിന്നും 75 റണ്‍സ് നേടി പുറത്തായി. നാലാമന്‍ സാം ബില്ലിങ്സും മികച്ച പ്രകടനമാണ് ടീമിനായി കാഴ്ചവെച്ചത്. 23 പന്തില്‍ പുറത്താവാതെ 47 റണ്‍സാണ് താരം സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സാല്‍മിക്ക് തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടമാിരുന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ സലീം അയ്യൂബും ടോം കോലറും ചേര്‍ന്ന് ഒരു ചെറുത്ത് നില്‍പിന് ശ്രമിച്ചെങ്കിലും വിജയം മാത്രം അകന്നുനിന്നു. 40 റണ്‍സിനായിരുന്നു സാല്‍മിയുടെ പരാജയം.

നാല് മത്സരത്തില്‍ നിന്നും മൂന്ന് വിജയവുമായി ആറ് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ഖലന്ദേഴ്‌സ്.

Content Highlight: Harris Rauf says he wants to dismiss Virat Kohli and Babar Azam

We use cookies to give you the best possible experience. Learn more