2023 ലോകകപ്പില്‍ പാകിസ്ഥാന്‍ തങ്ങളുടെ അവസാന മത്സരം കളിക്കുകയാണ്. സെമി പ്രതീക്ഷകള്‍ പൂര്‍ണമായും അസ്തമിച്ച പാകിസ്ഥാന്‍, അവസാന മത്സത്തില്‍ ജയത്തോടെ നാട്ടിലേക്ക് മടങ്ങാനാണ് ഒരുങ്ങുന്നത്.
എന്നാല്‍ പടുകൂറ്റന്‍ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് പാകിസ്ഥാന് മുമ്പില്‍ വെച്ചിരിക്കുന്നത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സാണ് നേടിയത്.
പാക് നിരയിലെ സൂപ്പര്‍ ബൗളര്‍മാരെല്ലാം മികച്ച രീതിയില്‍ അടിവാങ്ങിക്കൂട്ടിയിരുന്നു. ഷഹീന്‍ ഷാ അഫ്രിദി പത്ത് ഓവറില്‍ 72 റണ്‍സ് വഴങ്ങിയപ്പോള്‍ 74 റണ്‍സാണ് മുഹമ്മദ് വസീം ജൂനിയര്‍ വിട്ടുകൊടുത്തത്. പത്ത് ഓവര്‍ പന്തെറിഞ്ഞ് 64 റണ്‍സാണ് സ്റ്റാര്‍ പേസര്‍ ഹാരിസ് റൗഫ് വഴങ്ങിയത്.
ഇംഗ്ലണ്ടിനെതിരെ മികച്ച രീതിയില്‍ പന്തെറിയാന്‍ സാധിക്കാതെ വന്നതോടെ ഒരു മോശം റെക്കോഡും ഹാരിസ് റൗഫിനെ തേടിയെത്തിയിരിക്കുകയാണ്. ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ബൗളര്‍ എന്ന മോശം റെക്കോഡാണ് റൗഫിന് വഴങ്ങേണ്ടി വന്നത്.
2023 ലോകകപ്പിലെ ഒമ്പത് മത്സരത്തില്‍ നിന്നും 533 റണ്‍സാണ് റൗഫ് വിട്ടുകൊടുത്തിരിക്കുന്നത്. 43, 64, 43, 83, 53, 62, 36, 85, 64 എന്നിങ്ങനെയാണ് റൗഫ് റണ്‍സ് വഴങ്ങിയിരിക്കുന്നത്.
2019ല്‍ 526 റണ്‍സ് വഴങ്ങിയ ഇംഗ്ലണ്ട് സ്റ്റാര്‍ ബൗളര്‍ ആദില്‍ റഷീദിന്റെ പേരിലുള്ള മോശം റെക്കോഡാണ് റൗഫ് ഇപ്പോള്‍ സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയത്.
അതേസമയം, ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്താന്‍ റൗഫിന് സാധിച്ചിരുന്നു. ജോണി ബെയര്‍സ്‌റ്റോ, ഹാരി ബ്രൂക്ക്, മോയിന്‍ അലി എന്നിവരുടെ വിക്കറ്റുകളാണ് റൗഫ് നേടിയത്.