തമിഴിലെ മികച്ച സംഗീതസംവിധായകരില്‍ ഒരാളാണ് ഹാരിസ് ജയരാജ്. എ.ആര്‍. റഹ്‌മാന്റെ അസിസ്റ്റന്റായാണ് ഹാരിസ് തന്റെ സംഗീതജീവിതം ആരംഭിച്ചത്. 2001ല്‍ പുറത്തിറങ്ങിയ മിന്നലേ എന്ന ചിത്രത്തിലൂടെയാണ് ഹാരിസ് സ്വതന്ത്ര സംഗീതസംവിധായകനായത്. ആദ്യചിത്രത്തിലൂടെ തന്നെ മികച്ച സംഗീത സംവിധായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ഹാരിസ് സ്വന്തമാക്കി.
ഇന്നും ഹാരിസിന്റെ പല പാട്ടുകളും പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുന്നവയാണ്. തമിഴിലെ പല താരങ്ങളുമായും ഒന്നിച്ചിട്ടുണ്ടെങ്കിലും വിജയ്‌യുമായി വെറും രണ്ട് സിനിമകള്‍ മാത്രമേ ഹാരിസ് ചെയ്തിട്ടുള്ളൂ. എന്നാല്‍ 2002 മുതല്‍ തന്നോട് സംഗീതം ചെയ്യാന്‍ വിജയ് ആവശ്യപ്പെടാറുണ്ടെന്ന് പറയുകയാണ് ഹാരിസ് ജയരാജ്. 2002ല്‍ പുറത്തിറങ്ങിയ യൂത്ത് എന്ന ചിത്രത്തില്‍ തന്നോട് സംഗീതം ചെയ്യാന്‍ വിജയ് ആവശ്യപ്പെട്ടെന്ന് ഹാരിസ് പറഞ്ഞു.
എന്നാല്‍ ആ സിനിമ തനിക്ക് വര്‍ക്കാകാത്തതിനാല്‍ ഒഴിവാക്കിയെന്നും അതിന് ശേഷം വന്ന വിജയ്‌യുടെ 10 സിനിമകള്‍ താന്‍ റിജക്ട് ചെയ്‌തെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു. കാവലന്‍, വേലായുധം എന്നീ സിനിമകള്‍ക്ക് സംഗീതം ചെയ്യാന്‍ അതിന്റെ നിര്‍മാതാക്കളടക്കം തന്നെ സമീപിച്ചെന്നും എന്നാല്‍ തനിക്ക് ആ കഥകള്‍ വര്‍ക്കായില്ലെന്നും ഹാരിസ് പറഞ്ഞു. നന്‍പന്‍ എന്ന ചിത്രത്തിന്റെ കഥ തനിക്ക് ഇഷ്ടമായെന്നും ഇത്രയും കാലം തേടിനടന്നത് അത്തരമൊരു സബ്ജക്ടായിരുന്നെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു.
അതിലെ പാട്ടുകളെല്ലാം ഹിറ്റായെന്നും നന്‍പന് പിന്നാലെ തുപ്പാക്കിയും താന്‍ ചെയ്‌തെന്നും ഹാരിസ് പറയുന്നു. ആ ചിത്രത്തില്‍ വിജയ്‌യെക്കൊണ്ട് പാടിച്ചുവെന്നും ഹാരിസ് പറഞ്ഞു. ഒരുപാട് കാലത്തിന് ശേഷം പാടുന്നതിനാല്‍ വിജയ് കുറച്ച് നെര്‍വസായിരുന്നെന്നും എന്നാല്‍ ആ പാട്ട് ഗംഭീര ഹിറ്റായെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു. എസ്.എസ്. മ്യൂസിക്കിനോട് സംസാരിക്കുകയായിരുന്നു ഹാരിസ് ജയരാജ്.
‘2002 മുതല്‍ വിജയ് തന്നെ സമീപിക്കാറുണ്ടായിരുന്നു. യൂത്ത് എന്ന പടത്തിന് വേണ്ടിയാണ് ആദ്യം സമീപിച്ചത്. പക്ഷേ, ആ കഥ എനിക്ക് വര്‍ക്കാകാത്തതുകൊണ്ട് ഒഴിവാക്കിവിട്ടു. പിന്നീട് 10 സിനിമകളെങ്ങാണ്ട് ഞാന്‍ റിജക്ട് ചെയ്തു. ആ ലിസ്റ്റില്‍ വേലായുധവും കാവലനും ഉള്‍പ്പെടും. ആ പടത്തിന്റെ പ്രൊഡ്യൂസേഴ്‌സാണ് എന്നെ സമീപിച്ചത്. രണ്ട് കഥയിലും എനിക്ക് ചെയ്യാന്‍ ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് ഒഴിവാക്കി.
അങ്ങനെയിരിക്കുമ്പോഴാണ് നന്‍പന്‍ എന്റെയടുത്തേക്ക് വരുന്നത്. ഇത്രയും കാലം തേടി നടന്നത് ഇങ്ങനെയൊരു കഥയായിരുന്നു. ആ പടം ചെയ്തു. പിന്നീട് വിജയ്‌യുടെ തുപ്പാക്കിക്കും ഞാനായിരുന്നു മ്യൂസിക്. ആ പടത്തില്‍ വിജയ്‌യെക്കൊണ്ട് പാട്ട് പാടിച്ചു. ഒരുപാട് കാലത്തിന് ശേഷം പാടുന്നതുകൊണ്ട് വിജയ് കുറച്ച് നെര്‍വസായിരുന്നു. പക്ഷേ, ആ പാട്ട് വലിയ ഹിറ്റായി,’ ഹാരിസ് ജയരാജ് പറഞ്ഞു.
Content Highlight: Harris Jayaraj says he rejected 10 films of Vijay