പാനായിക്കുളം കേസില്‍ പ്രതിയ്ക്ക് ജാമ്യം അനുവദിച്ചതിന്റെ പേരില്‍ വേട്ടയാടപ്പെട്ടു: വെളിപ്പെടുത്തലുമായി മുന്‍ ജഡ്ജി
Kerala News
പാനായിക്കുളം കേസില്‍ പ്രതിയ്ക്ക് ജാമ്യം അനുവദിച്ചതിന്റെ പേരില്‍ വേട്ടയാടപ്പെട്ടു: വെളിപ്പെടുത്തലുമായി മുന്‍ ജഡ്ജി
അനസ്‌ പി
Saturday, 20th April 2019, 11:52 am

കോഴിക്കോട്: പാനായിക്കുളം കേസില്‍ പതിനേഴാം പ്രതിയ്ക്ക് ന്യായമായ കാരണങ്ങളാല്‍ ജാമ്യം അനുവദിച്ചതിന് സിമി അനുഭാവിയെന്ന് ആരോപിച്ച് പീഡിപ്പിക്കപ്പെട്ടതായി പറവൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റായിരുന്ന മുഹമ്മദ് താഹയുടെ വെളിപ്പെടുത്തല്‍. പാനായിക്കുളം കേസിലെ മുഴുവന്‍ ആരോപണവിധേയരെയും ഹൈക്കോടതി വെറുതെ വിടുകയും കീഴ്ക്കോടതി നടപടികളെ വിമര്‍ശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് 2009ല്‍ കേസിന്റെ തുടക്കത്തില്‍ പതിനേഴാം പ്രതിയ്ക്ക് ജാമ്യം അനുവദിച്ചതിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടതായി മുന്‍ മജിസ്ട്രേറ്റിന്റെ വെളിപ്പെടുത്തല്‍.

വിദ്യാര്‍ത്ഥിയായിരിക്കെ കേസില്‍ പതിനേഴാം പ്രതിയാക്കപ്പെട്ട നിസാമിന് ജാമ്യം അനുവദിച്ചത് അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു. എന്നാല്‍ മൃദു സിമി സമീനമുള്ളത് കൊണ്ട് പ്രതിയ്ക്ക് ജാമ്യം അനുവദിച്ചെന്ന് ആരോപിച്ച് മുഹമ്മദ് താഹയെ കോഴിക്കോടേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു.

കേസില്‍ നിസാമടക്കമുള്ളവരെ വിചാരണക്കോടതി നേരത്തെ വിട്ടയച്ചിരുന്നു. ഇപ്പോള്‍ പാനായിക്കുളം കേസിലെ മുഴുവന്‍ പ്രതികളെയും വിട്ടയച്ചതോടെ തന്റെ നിരപരാധിത്വം ഒരിക്കല്‍ കൂടി വ്യക്തമായെന്ന് മുഹമ്മദ് താഹ പറയുന്നു.

”അന്ന് ആ പയ്യനെയും കൊണ്ട് എന്റെ അടുത്ത് വന്നത് അന്ന് മലപ്പുറത്തെ ഡി.വൈ.എസ്.പിയായിരുന്ന ശശികുമാരന്‍ നായരായിരുന്നു. അദ്ദേഹമായിരുന്നു സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ചുമതല. എന്നെ അറസ്റ്റ് ചെയ്തിട്ട് ഇതുവരെ ഒരു തുള്ളിവെള്ളം പോലും തന്നില്ലെന്ന് നിസാം എന്നോട് പറഞ്ഞു. ആദ്യം ഈ പയ്യന് ഇത്തിരി വെള്ളം കൊടുക്കാന്‍ ഞാന്‍ ഡി.വൈ.എസ്.പിയോട് പറയുകയുണ്ടായി. അത് ആ ഡി.വൈ.എസ്.പിക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല.

നിസാമിനെതിരെ ഒരു തെളിവും പൊലീസിന്റെ ഭാഗത്തില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും നിസാമിന്റെ അഭിഭേഷകന്‍ പറയുകയുണ്ടായി. നിസാം വിദ്യാര്‍ത്ഥിയാണെന്നും അടുത്തയാഴ്ച പരീക്ഷയാണെന്നും അഭിഭാഷകന്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസിനോട് കേസ് ഡയറി ആവശ്യപ്പെട്ടപ്പോള്‍ തയ്യാറായിട്ടില്ലെന്ന മറുപടിയാണ് കിട്ടിയത്. എന്നാല്‍ അഞ്ച് മണിയ്ക്ക് തന്നെ ഡയറി ഹാജരാക്കാന്‍ ഞാന്‍ ഡി.വൈ.എസ്.പിയ്ക്ക് നിര്‍ദേശം നല്‍കി. രാത്രി മുഴുവന്‍ കേസ് ഡയറി നന്നായി പരിശോധിച്ചു നോക്കി. ഒരു പ്രതിയുടെ മേല്‍ ആരോപിച്ചിട്ടുള്ള കുറ്റകൃത്യം നിലനില്‍ക്കാനുള്ള സാഹചര്യമുണ്ടോയെന്ന് കേസ് ഡയറി കണ്ടാല്‍ മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ നിസാമിനെ ഒരു തരത്തിലും ശിക്ഷിക്കാനുള്ള സാഹചര്യമില്ലെന്ന് വ്യക്തമായി. തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. ഇതാണ് ഞാന്‍ മൃദുസമീപനം സ്വീകരിച്ചെന്ന് വരുത്തി തീര്‍ത്തത്.”

”നീതി ചെയ്തതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട ഒരുപാട് മനുഷ്യരുണ്ട്. എനിക്ക് വേണമെങ്കില്‍ നിസാമിന് ജാമ്യം നിഷേധിച്ചു കൊണ്ട് സുരക്ഷിതനാവാമയിരുന്നു. പക്ഷെ ഒരു ദൈവ വിശ്വാസിയായത് കൊണ്ട് അങ്ങനെ ചെയ്തില്ല.” മുഹമ്മദ് താഹ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ദിവസങ്ങള്‍ക്കകം ഒരു കാരണവും വ്യക്തമാക്കാതെ മുഹമ്മദ് താഹയെ കോഴിക്കോടേത്ത് സ്ഥലം മാറ്റുകയായിരുന്നു. കോഴിക്കോടേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട് ഒന്നോ രണ്ടോ മാസം കഴിഞ്ഞ ശേഷമാണ് പാനായിക്കുളം കേസിലെ പതിനേഴാം പ്രതിയ്ക്ക് ജാമ്യം അനുവദിച്ചത് സിമി അനുഭാവമുള്ളത് കൊണ്ടാണെന്നും ജൂഡീഷ്യല്‍ ഓഫീസറായിരിക്കാന്‍ യോഗ്യതയില്ലെന്നും വിശദീകരിച്ച് കൊണ്ട് താഹയ്ക്ക് മെമ്മോ വന്നത്.

”നേരത്തെ മറ്റ് 16 പ്രതികള്‍ക്കും ജാമ്യം ഹൈക്കോടതിയാണ് കൊടുത്തത് എന്നും മജിസ്ട്രേറ്റുമാര്‍ ഒന്നും ഒരു പ്രതിക്കും ജാമ്യം കൊടുത്തിരുന്നില്ല എന്നുമാണ് കുറ്റപത്രം തയാറാക്കിയ അന്നത്തെ വിജിലന്‍സ് രജിസ്ട്രാറും പിന്നീട്ട് ഹൈക്കോടതി ജഡ്ജിയാവുകയും ചെയ്ത വ്യക്തി റിപ്പോര്‍ട്ട് ചെയ്തത്”

എന്നാല്‍ സി.ആര്‍.പി.സി 437 മജിസ്ട്രേറ്റിന് വിവേചനാധികാരം നല്‍കുന്നുണ്ട്. ആരോപണവിധേയന്‍ കുറ്റക്കാരനല്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ ജാമ്യം കൊടുക്കാനുള്ള അവകാശം മജിസ്ട്രേറ്റിനുണ്ട്.

തുടര്‍ന്ന് ഹൈക്കോടതിയ്ക്ക് മുഹമ്മദ് താഹ വിശദീകരണം നല്‍കിയിരുന്നു. ”ജുഡീഷ്യല്‍ ഉത്തരവില്‍ തെറ്റുണ്ടെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്യാതെ ഉത്തരവ് പുറപ്പെടുവിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്നത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള കടന്നു കയറ്റമാണെന്ന് ഞാന്‍ ഹൈക്കോടതിയ്ക്ക് മറുപടി നല്‍കി.” മുഹമ്മദ് താഹ ഡൂള്‍ന്യൂസിനോട് പറഞ്ഞു. പിന്നീട് ആരോപണം തെറ്റെന്ന് ബോധ്യപ്പെട്ട് അദ്ദേഹത്തിനെതിരായ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.

2006 ആഗസ്ത് 15ന് സ്വാതന്ത്ര്യ സമരത്തില്‍ ‘മുസ്ലിംകളുടെ പങ്ക്’ എന്ന പേരില്‍ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ നിരോധിത സംഘടനയായ സിമിയുടെ ക്യാമ്പാണെന്ന് ആരോപിച്ചായിരുന്നു കേസെടുത്തിരുന്നത്. സിമിയുടെ ലക്ഷ്യങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുകയും ഇന്ത്യന്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ച് ഇന്ത്യയെ മുസ്ലിം രാഷ്ട്രമാക്കി മാറ്റാന്‍ ആഹ്വാനം നടത്തിയെന്നാരോപിച്ച് 16 മുസ്ലിം യുവാക്കള്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരുന്നത്.

ആര്‍.എസ്.എസ് ചിന്താഗതിയുള്ള ജഡ്ജിമാരും ഹൈക്കോടതിയിലുണ്ടെന്ന് മുഹമ്മദ് താഹ പറയുന്നു.

ഗൂഢാലോചന നടത്താന്‍ പാനായിക്കുളത്ത് യോഗം ചേര്‍ന്നുവെന്നാണ് ആരോപിച്ചത്. നോട്ടീസടിച്ച് ഓഡിറ്റോറിയത്തില്‍ പരസ്യമായി നടത്തിയ യോഗം എങ്ങനെയാണ് ഗൂഢാലോചനയാവുക. യഥാര്‍ത്ഥത്തില്‍ ഈ നിരപരാധികളായ യുവാക്കളുടെ മേല്‍ കുറ്റം ചുമത്തിയതിലാണ് ഗൂഢാലോചനയുള്ളത്.

ഇത്തരം വ്യാജകേസുകള്‍ കെട്ടിച്ചമച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിലവില്‍ ധാരാളം വകുപ്പുകളുണ്ട്. നമ്പി നാരായണന്റെ പോരാട്ടം ഇതിന് ഉദാഹരണമാണ്. കോടതിയാണ് അദ്ദേഹത്തിന് നഷ്ടപരിഹാരം കൊടുക്കാന്‍ പറഞ്ഞതെന്നും മുഹമ്മദ് താഹ പറയുന്നു.

 

അനസ്‌ പി
ഡൂള്‍ന്യൂസ്, സബ്എഡിറ്റര്‍