ബെംഗളൂരുവിനെ വിറപ്പിച്ച പഞ്ചാബ് സിംഹം; തോൽവിയിലും ഇവൻ നേടിയത് തലയെടുപ്പിന്റെ റെക്കോഡ്, മുന്നിൽ വിൻഡീസ് സൂപ്പർ താരം മാത്രം
Cricket
ബെംഗളൂരുവിനെ വിറപ്പിച്ച പഞ്ചാബ് സിംഹം; തോൽവിയിലും ഇവൻ നേടിയത് തലയെടുപ്പിന്റെ റെക്കോഡ്, മുന്നിൽ വിൻഡീസ് സൂപ്പർ താരം മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 26th March 2024, 10:10 am

2024 ഐ.പി.എല്ലില്‍ സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ നാല് വിക്കറ്റുകള്‍ക്കാണ് റോയല്‍ ചലഞ്ചേഴ്സ് പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബെംഗളൂരു നാല് പന്തുകളും നാലു വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

തോറ്റെങ്കിലും പഞ്ചാബ് ബൗളിങ്ങില്‍ തകര്‍പ്പന്‍ പ്രകടനമാണ് സ്പിന്നര്‍ ഹര്‍പ്രീത് ബ്രാര്‍ നടത്തിയത്. നാലു ഓവറില്‍ വെറും 13 റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റുകളാണ് താരം നേടിയത്. 3.25 എക്കോണമിയിലാണ് ബ്രാര്‍ പന്തെറിഞ്ഞത്. രജത് പടിതാറിനെയും ഗ്ലെന്‍ മാക്‌സ്വെല്ലിനെയും ക്ലീന്‍ ബൗള്‍ഡ് ആക്കികൊണ്ടായിരുന്നു താരം കരുത്തുകാട്ടിയത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു അവിസ്മരണീയ നേട്ടമാണ് ബ്രാര്‍ സ്വന്തമാക്കിയത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം നടത്തുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് ബ്രാര്‍ സ്വന്തം പേരില്‍ കുറിച്ചത്.

ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ സാമുവല്‍ ബദരിയാണ്. 2017 മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മത്സരത്തിലായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ബൗളിങ്. നാല് ഓവറില്‍ ഒമ്പത് റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റുകളാണ് വിന്‍ഡീസ് സ്പിന്നര്‍ നേടിയത്. 2.3 ആണ് താരത്തിന്റെ എക്കോണമി.

അതേസമയം പഞ്ചാബ് ബാറ്റിങ്ങില്‍ നിരയില്‍ നായകന്‍ ശിഖര്‍ ധവാന്‍ 37 പന്തില്‍ 45 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ബെംഗളൂരു ബൗളിങ്ങില്‍ ഗ്ലെന്‍ മാക്സ്വെല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.

റോയല്‍ ചലഞ്ചേഴ്സിനായി വിരാട് കോഹ്‌ലി 49 പന്തില്‍ 77 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം നടത്തി. 11 ഫോറുകളും രണ്ട് സിക്‌സും ആണ് വിരാട് നേടിയത്. അവസാനം ഇറങ്ങി മനിപാല്‍ ലോമോർ, ദിനേശ് കാര്‍ത്തിക്കും തകര്‍ത്തടിച്ചപ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ആവേശകരമായ വിജയം സ്വന്തമാക്കുകയായിരുന്നു. കാര്‍ത്തിക് 10 പന്തില്‍ 28 റണ്‍സും ലോമോർ എട്ട് പന്തില്‍ 17 റണ്‍സും നേടി.

Content Highlight: Harpreet Brar great performance against rcb