അയ്യപ്പ ഭക്തരെ വരവേല്‍ക്കുന്ന മസ്ജിദ്, സ്വാഗതം ചെയ്യുന്ന ക്ഷേത്രം, നഞ്ച് കലക്കുന്ന സംഘപരിവാര്‍; ഒരു ഓര്‍ക്കാട്ടേരി കാഴ്ച
DISCOURSE
അയ്യപ്പ ഭക്തരെ വരവേല്‍ക്കുന്ന മസ്ജിദ്, സ്വാഗതം ചെയ്യുന്ന ക്ഷേത്രം, നഞ്ച് കലക്കുന്ന സംഘപരിവാര്‍; ഒരു ഓര്‍ക്കാട്ടേരി കാഴ്ച
പി.എം ജയന്‍
Thursday, 2nd January 2025, 2:27 pm
പ്രസിദ്ധമായ ശബരിമലയിലെ വാവര്‍ പള്ളി ഉള്‍പ്പെടെ കേരളത്തിലെ  പല ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടും ഓര്‍ക്കാട്ടേരി ശിവക്ഷേത്രത്തില്‍ കാണുന്നതു പോലുള്ള ഇതര മത സൗഹാര്‍ദ മിത്തുകള്‍ നിലവിലുണ്ട്. ചരിത്രപരമായി കെട്ടുപിണഞ്ഞു കിടക്കുന്ന അത്തരമൊരു സൗഹാര്‍ദപൂര്‍ണമായ ഇടത്തിന് വിള്ളലുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സംഘപരിവാറിലെ തീവ്ര വിഭാഗങ്ങളുടെ ബുദ്ധിയില്‍ ഉദിച്ചതാണ് ഇത്തരം കുത്തിത്തിരിപ്പുകള്‍. കേരളത്തിലെ ചെറു അമ്പലങ്ങള്‍ മുതല്‍ പലയിടത്തും ഇവരുടെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

കോഴിക്കോട് ജില്ലയിലെ വടകര ഓര്‍ക്കാട്ടേരിയില്‍ കുന്നുമ്മക്കര റോഡിനോട് ചേര്‍ന്ന് കിടക്കുന്നതാണ് തോട്ടുങ്ങല്‍ ജുമാ മസ്ജിദ്. മൂന്നര പതിറ്റാണ്ടുമാത്രം പഴക്കമുള്ള പള്ളിയാണിത്. 2024 നവംബര്‍ അവസാനത്തോടെ യൂസഫ് അബ്ദുള്ള പ്രസിഡന്റും മൊയ്തു സെക്രട്ടറിയും ഹംസ ട്രഷററുമായ പള്ളി കമ്മിറ്റി ചേര്‍ന്ന് ഒരു തീരുമാനമെടുത്തു.

സമീപത്തെ നെല്ലാച്ചേരി അയ്യപ്പ ഭജനമഠത്തിലെ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് 2024 ഡിസംബര്‍ 1 ന് നടക്കുന്ന ഘോഷയാത്ര കടന്നുപോകുന്നത് തോട്ടുങ്ങല്‍ ജുമാ മസ്ജിദിന് മുന്നിലൂടെയാണ്. വൈകീട്ട് ഘോഷയാത്ര കടന്നുപോകുമ്പോള്‍ അയ്യപ്പ ഭക്തര്‍ക്ക് കുടിവെള്ളവും പഴവും നമ്മുടെ വകയായി കൊടുക്കണം.

”ഇക്കാര്യം കമ്മിറ്റി ഐകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നു” എന്ന് പള്ളികമ്മിറ്റി പ്രസിഡന്റ് യൂസഫ് അബ്ദുള്ള പറയുന്നു.

അങ്ങനെ കുപ്പിവെള്ളവും വാഴപ്പഴവും ശേഖരിച്ച് റോഡിന് ഒരു ഭാഗത്ത് നിലയുറപ്പിച്ച് അതിന് നേതൃത്വം കൊടുത്തു മുസ്‌ലിം സഹോദരങ്ങള്‍. അയ്യപ്പഭക്തര്‍ അതിനോട് സഹകരിക്കുകയും പള്ളികമ്മിറ്റിക്കാരുടെ ഭിക്ഷ സ്വീകരിക്കുകയും ചെയ്തു.

”നൂറുകണക്കിന് അയ്യപ്പഭക്തരില്‍ മിക്കവരും ഞങ്ങളുടെ നാട്ടുകാരും പരിചയക്കാരുമാണ്, ഏവരും ഞങ്ങളുടെ പ്രവര്‍ത്തനത്തെ ഭക്ത്യാദരവോടെയും സ്നേഹത്തോടെയുമാണ് സ്വീകരിച്ചതെന്ന്” യൂസഫ് പറയുന്നു.

കുപ്പിവെള്ളവും പഴങ്ങളുമായി അയ്യപ്പ ഭക്തരെ സ്വീകരിക്കുന്ന ഓര്‍ക്കാട്ടേരി തോട്ടുങ്ങല്‍ മസ്ജിദ് ഭാരവാഹികള്‍

പള്ളിക്കമ്മിറ്റി ഇങ്ങനെയാരു ഉദ്യമത്തിന് മുതിര്‍ന്നപ്പോള്‍ ദേശവാസികളും ഭക്തരുമായ അയ്യപ്പഭജനമഠം പ്രവര്‍ത്തകര്‍ സര്‍വാത്മനാ സ്വാഗതം ചെയ്യുകയായിരുന്നു. വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുള്ള ഭജനമഠത്തിന്റെ കമ്മിറ്റിയുടെ സെക്രട്ടറി കുഞ്ഞിരാമന്‍ യു.കെയും പ്രസിഡന്റ് കൊയിലോത്ത് അനന്തനുമാണ്.

”പള്ളിക്കമ്മിറ്റിയുടെ ആവശ്യം കമ്മിറ്റിയില്‍ ഉന്നയിച്ചപ്പോള്‍ ഏവരും അംഗീകരിക്കുകയായിരുന്നുവെന്ന്” പ്രസിഡണ്ട് കുഞ്ഞിരാമന്‍ യു.കെ പറഞ്ഞു.

”കലുഷിതമായ പുതിയ കാലത്ത് നമ്മുടെ നാട്ടില്‍ ഇത്തരത്തില്‍ മതസൗഹാര്‍ദം തുടര്‍ന്നുപോരുന്നതില്‍ വലിയ സന്തോഷമേ ഉള്ളൂ” എന്നും അദ്ദേഹം പറഞ്ഞു.

thottungal juma masjid

തോട്ടുങ്ങല്‍ ജുമാമസ്ജിദ്‌

ദേശീയ അന്തര്‍ദേശീയ രാഷ്ട്രീയത്തിന്റെ ഘടാഘടിയന്‍ മാനമൊന്നും ഇതിന് കല്‍പിക്കാതെ മസ്ജിദ് കമ്മിറ്റിക്കാരും അയ്യപ്പഭജനമഠക്കാരും പ്രദേശത്തെ ജനതയും അതിനുശേഷം അവരവരുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിട്ടുണ്ടാകും. ജാതിയോ മതമോ നോക്കാതെ പലതരത്തിലെ പരസ്പര സഹകരണത്തിന്റെയും പങ്കുവെക്കലിന്റെയും ഇടകലരലിന്റെയും ഊഷ്മളതയിലേക്ക് അവര്‍ തിരിച്ചു പോയിട്ടുണ്ടാവും.

നെല്ലാച്ചേരി അയ്യപ്പഭജന മഠം

കേരളമല്ലേ, പിന്നെയെന്തിന് ഇത്തരം പ്രവര്‍ത്തനങ്ങളെ ഇത്ര പ്രാധാന്യത്തോടെ എടുത്തുപറയുന്നു എന്ന് തോന്നുന്നവരുണ്ടാകും ഇത് വായിക്കുന്നവരില്‍. പക്ഷേ ഈ സമാധാനപരമായ മതേതര ഇഴയടുപ്പത്തെ, സെക്യുലര്‍ സോഷ്യല്‍ ഫാബ്രിക്കിനെ ഒന്ന് കുത്തി, അവിടെ വിഷം കലര്‍ത്തി പരസ്പരം സംശയത്തിലേക്കും വെറുപ്പിലേക്കും നയിച്ച് ജനതയെ വിഭജിക്കാന്‍ നോക്കുന്ന ക്ഷുദ്രജീവികളുടെ എണ്ണം നാട്ടില്‍ വര്‍ധിച്ചുവരുന്ന കാലമാണിത്. അതുകൊണ്ട് ഇത്തരം പ്രവര്‍ത്തനങ്ങളുടെ മെറിറ്റ് കൂടുതല്‍ പേരിലേക്ക് എത്തേണ്ടതുണ്ട്.

ഇത്ര പ്രാധാന്യത്തോടെ ഈ വിഷയത്തെ അവതരിപ്പിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഈ ക്ഷേത്രത്തിനും പള്ളിക്കും അധികം അകലെയല്ലാത്ത ഓര്‍ക്കാട്ടേരിയിലെ പഴക്കം ചെന്ന ശിവ ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒന്നുരണ്ട് വര്‍ഷമായി ചില അനിഷ്ടസംഭവങ്ങള്‍ ഉടലെടുത്തതിനാലാണ്, ആ വിഷയം ഇപ്പോഴും പുകഞ്ഞു കത്തിക്കൊണ്ടിരിക്കുന്നതിനാലാണ്.

The poster of the protest program held in the name of the temple ritual protection committee, alleging that the temple land has been turned into land by the government

ക്ഷേത്രഭൂമി സര്‍ക്കാര്‍ ഭൂമിയാക്കിയെന്ന് ആരോപിച്ച് ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെ പേരില്‍ നടന്ന പ്രതിഷേധ പരിപാടിയുടെ പോസ്റ്റര്‍

കേരളത്തിലെ ചെറുതും വലുതുമായ ക്ഷേത്രങ്ങളുടെ നിയന്ത്രണം തങ്ങളുടെ വരുതിയിലേക്ക് കൊണ്ടുവരിക, അമ്പല പരിസരങ്ങള്‍ കൈവശപ്പെടുത്തുക എന്നിങ്ങനെ വിശാലമായ അജണ്ടയുമായി സംഘപരിവാര്‍ സംഘടനകള്‍ എത്രയോ കാലമായി പ്രവര്‍ത്തിച്ചുതുടങ്ങിയെന്ന കാര്യം എത്ര പേര്‍ക്ക് അറിയാം?

ആചാരസംരക്ഷണ സമിതി, ഭക്തജന കൂട്ടായ്മ, ക്ഷേത്ര ഭൂമി സംരക്ഷണ സമിതി എന്നിങ്ങനെ ഓരോ സ്ഥലത്തെ വിഷയങ്ങള്‍ക്കനുസരിച്ച് രൂപീകരിക്കുന്ന സംഘടനകളുടെ ആഭിമുഖ്യത്തിലാണ് അവര്‍ രംഗപ്രവേശം ചെയ്യുന്നത്. നാമജപഘോഷയാത്ര, ലക്ഷം ദീപ സമര്‍പ്പണം എന്നിങ്ങനെ വിവിധ പരിപാടികളാണ് അവരുടെ ആദ്യനീക്കങ്ങള്‍. സംഘപരിവാര്‍ ഭൂതഗണ സംഘത്തിലെ വിശ്വഹിന്ദു പരിഷത് പോലുള്ള സംഘടനകളാണ് ഇതിനെല്ലാം പിന്നില്‍.

ഓര്‍ക്കാട്ടേരിയില്‍ ഇവര്‍ രംഗ പ്രവേശം ചെയ്യുന്നത് ക്ഷേത്ര ഭൂമി വീണ്ടെടുക്കല്‍, കമ്മിറ്റിയുടെ സാമ്പത്തിക ഇടപാടിലെ സുതാര്യതയില്ലായ്മ പരിഹരിക്കുക, ക്ഷേത്രോത്സവത്തോടനുബന്ധിച്ച സാംസ്‌കാരിക പരിപാടിയില്‍ മുസ്‌ലിം പണ്ഡിതരെ ക്ഷണിക്കുന്നതിലെ നീരസം… എന്നീ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ്.

Explanation given by the temple committee against the false propaganda that the land of Orkattery Shiva Bhagavathy temple has been alienated.

ഓര്‍ക്കാട്ടേരി ശിവ ഭഗവതി ക്ഷേത്രത്തിന്റെ ഭൂമി അന്യാധീനപ്പെട്ടുവെന്ന പേരില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ക്ഷേത്രകമ്മിറ്റി നല്‍കിയ വിശദീകരണം

നിലവിലെ ക്ഷേത്ര കമ്മിറ്റിക്കാര്‍ ഓരോ വിഷയത്തിനും പരിഹാരവും മറുപടിയും നല്‍കിയതോടെ ഭക്തരെ ഇതുവരെ ബാധിക്കാത്ത പുതിയ പുതിയ വിഷയങ്ങള്‍, ‘ഗണപതി ക്ഷേത്രഭൂമി’ എന്ന പേരില്‍ ഉന്നയിക്കുകയാണിപ്പോള്‍ ഈ കാളികൂളി സംഘം.

ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത ഗണപതി ക്ഷേത്രത്തിന്റെ പൂജ എന്ന വ്യാജേനെ ക്ഷേത്രത്തിനു സമീപത്തെ സര്‍ക്കാര്‍ ഭൂമിയില്‍ ഒരു കല്ല് വെച്ച് വിളക്ക് കത്തിക്കുകയാണിപ്പോള്‍ അവര്‍. ഉത്സവം അടുത്തിരിക്കെ പ്രദേശത്ത് ഒരു സംഘര്‍ഷ സാധ്യത സൃഷ്ടിച്ചെടുക്കാനുള്ള നീക്കമാണിത്.

ഓര്‍ക്കാട്ടേരി ഭഗവതി ക്ഷേത്രത്തിന് സമീപത്ത് സര്‍ക്കാര്‍ ഭൂമിയില്‍ കല്ല് സ്ഥാപിച്ച് വിളക്ക് തെളിയിക്കുന്ന ക്ഷേത്ര ഭൂമി ആചാരണ സംരക്ഷണ പ്രവര്‍ത്തകര്‍

ക്ഷേത്ര നടത്തിപ്പിലെ പാളിച്ചകള്‍ പരിഹരിക്കുകയല്ല ഇവരുടെ ലക്ഷ്യമെന്നും വിശാലവും ദീര്‍ഘകാലത്തേക്കുമുള്ള ലക്ഷ്യം ഭഗവതി ക്ഷേത്രത്തിന്റെ ഉത്സവവുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരവും അതുമായി ബന്ധപ്പെട്ട സാംസ്‌കാരിക ധാരയും അറുത്തു മാറ്റല്‍ ആണെന്നും ഇതിലൂടെ വ്യക്തമാകും.

പ്രദേശത്തെ പഴക്കം ചെന്ന മുസ്‌ലിം തറവാട്ടില്‍ നിന്ന് കാച്ചിമുണ്ട് ക്ഷേത്ര സന്നിധിയില്‍ കാണിക്ക വെച്ചുകൊണ്ടാണ് ഓര്‍ക്കാട്ടേരി ക്ഷേത്രത്തിലെ ഉത്സവവും അതുമായി ബന്ധപ്പെട്ട കന്നുകാലിച്ചന്തയും തുടങ്ങുന്നത്.

കാലങ്ങളായി ഒരു ആചാരമായി ഇത് തുടരുന്നു. അതുകൊണ്ടുതന്നെ ഇവിടെ ഉത്സവത്തിന്റെ ഭാഗമായ സംസ്‌കാരിക പരിപാടിയില്‍ ഹിന്ദു പണ്ഢിതന്മാര്‍ക്ക് പുറമെ മുസ്‌ലിം പണ്ഡിതര്‍ ഉള്‍പ്പെടെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നത് പുതുമയേ അല്ല.

2023ല്‍ ഇവിടെയെത്തിയത് പ്രഭാഷകനും പണ്ഡിതനുമായ അബ്ദുസമദ് സമദാനി ആയിരുന്നു. എന്നാല്‍ എന്തിന് ക്ഷേത്രപരിപാടിയില്‍ ഹിന്ദു ആചാര്യന്മാരല്ലാതെ, മുസ്‌ലിം പണ്ഡിതര്‍ എത്തുന്നു, അവരെന്തുകൊണ്ട് നിലവിളക്ക് കൊളുത്തുന്നില്ല എന്ന തരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ഇവരുടെ രഹസ്യ അജണ്ട വെളിപ്പെടുകയായിരുന്നു.

സമദാനിക്കെതിരെ ബി.ജെ.പിയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍

ഉത്തരേന്ത്യയില്‍ പള്ളിയുടെയും ദര്‍ഗയുടെയും ഭൂമി കുഴിച്ച് അമ്പലത്തിന്റെ അവശിഷ്ടം തേടി പോയി അതാത് സ്ഥലത്ത് അതുവരെ നിലനിന്നുപോന്ന ഹിന്ദു- മുസ്‌ലിം സമാധാന ജീവിതത്തെ വിഭജിച്ച് വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കുന്ന അതേ തന്ത്രമാണ് ഇത്തരം ചോദ്യങ്ങള്‍ക്ക് പിന്നില്‍.

ക്ഷേത്ര കമിറ്റിയിലും പൊതുജനത്തിലും ഭിന്നത ഉണ്ടാക്കി മതവിഭജനമാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്. ഓര്‍ക്കാട്ടേരി ഉത്സവവും അതുമായി രൂപം കൊണ്ട ചന്തയും വിജയിപ്പിക്കുന്നതില്‍ മറ്റെല്ലാ വിഭാഗങ്ങളെയും പോലെ മുസ്‌ലിം സമൂഹത്തിനും നിര്‍ണായ പങ്ക് ഉണ്ട്.

അതിനെ തുരങ്കം വെക്കണമെങ്കില്‍ ഈ ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതലയില്‍ ഹിന്ദുത്വ/സംഘപരിവാര്‍ വിഭാഗത്തിന് മേല്‍കൈ കിട്ടേണ്ടതുണ്ട്.

നിലവില്‍ വിവിധ രാഷട്രീയപാര്‍ട്ടി പ്രതിനിധികള്‍ ക്ഷേത്രകമ്മിറ്റിയില്‍ ഉണ്ട്. അതില്‍ സംഘപരിവാര്‍ സഹയാത്രികരും ഉണ്ട്. അവര്‍ക്കുപോലും ഇത്രയും കാലം ഇല്ലാത്ത പ്രശ്നമാണ് ഇപ്പോള്‍ പുതുതായി ഉയര്‍ന്നിരിക്കുന്നത്. അകലത്തുനിന്ന് നിയന്ത്രിക്കുന്ന സംഘപരിവാറിലെ മറ്റൊരു വിഭാഗത്തിന്റെ താല്‍പര്യമാണ് ഇവിടെ ഇപ്പോള്‍ നടപ്പാക്കപ്പെടുന്നത് എന്നതിന് വേറെന്ത് തെളിവ് വേണം.

ഉത്തരേന്ത്യയിലേതുപോലെ മതവും വിശ്വാസവും പറഞ്ഞ് ആളുകളെ ഭിന്നിപ്പിക്കാന്‍ കേരളത്തില്‍ കഴിയാതെ പോവുന്നത് പരസ്പരം ഇടപഴകി ജീവിക്കുന്നതിനാലും ഹിന്ദു വിശ്വാസ ആചാരങ്ങളില്‍ പോലും മറ്റുമത വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ളതിനാലുമാണ്.

പ്രസിദ്ധമായ ശബരിമലയിലെ വാവര്‍ പള്ളി ഉള്‍പ്പെടെ കേരളത്തിലെ  പല ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടും ഓര്‍ക്കാട്ടേരി ശിവക്ഷേത്രത്തില്‍ കാണുന്നതു പോലുള്ള ഇതര മത സൗഹാര്‍ദ മിത്തുകള്‍ നിലവിലുണ്ട്. ചരിത്രപരമായി കെട്ടുപിണഞ്ഞു കിടക്കുന്ന അത്തരമൊരു സൗഹാര്‍ദപൂര്‍ണമായ ഇടത്തിന് വിള്ളലുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സംഘപരിവാറിലെ തീവ്ര വിഭാഗങ്ങളുടെ ബുദ്ധിയില്‍ ഉദിച്ചതാണ് ഇത്തരം കുത്തിത്തിരിപ്പുകള്‍. കേരളത്തിലെ ചെറു അമ്പലങ്ങള്‍ മുതല്‍ പലയിടത്തും ഇവരുടെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

വടകരയിലെ തന്നെ ചരിത്രപ്രസിദ്ധമായ ലോകനാര്‍കാവ് ക്ഷേത്രത്തിനെതിരെയും ഈ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്.

ടൂറിസം വിഭാഗവുമായി ചേര്‍ന്ന് അവിടെ പണിത ചെമ്പൈ സംഗീതമണ്ഡപത്തില്‍ പഞ്ചായത്തിന്റെ പരിപാടികള്‍ നടത്തി ക്ഷേത്രത്തിന്റെ പരിശുദ്ധി നശിപ്പിച്ച്, ആചാരലംഘനം നടത്തി എന്ന് ആരോപിച്ചാണ് അവിടെ ഭക്തനജകൂട്ടായ്മയുടെ പേരില്‍ 2024 ഡിസംബര്‍ 9ന് നാമജപ ഘോഷയാത്ര നടത്തിയത്. ഓര്‍ക്കാട്ടേരിയിലും ലോകനാര്‍കാവിലും പരിപാടികള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കാന്‍ എത്തിയത് വി.എച്ച്.പി നേതാക്കളാണ്.

Newspaper related to the protest held by a group of devotees alleging that the performance of Panchayat programs in the Chembai Sangeet Mandapam of the Loknarkav Temple is a violation of ritual.

ലോകനാര്‍കാവ് ക്ഷേത്രത്തിലെ ചെമ്പൈ മണ്ഡപത്തില്‍ പഞ്ചായത്തിന്റെ പരിപാടികള്‍ നടത്തുന്നത് ആചാര ലംഘനമാണെന്ന് ആരോപിച്ച് ഭക്തജനകൂട്ടായ്മയെന്ന പേരില്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട പത്രവാര്‍ത്ത.

പതിറ്റാണ്ടുകളായി നടന്നുപോരുന്ന ഏതൊരു സംവിധാനത്തിലും ഉണ്ടാവാനിടയുള്ള അധികാര വടംവലിയെയും പാകപ്പിഴവുകളെയും ജാഗ്രതക്കുറവിനെയും പെരുപ്പിച്ച് കാട്ടിക്കൊണ്ടാണ് സംരക്ഷണ സമിതികള്‍ പ്രചാരണം തുടങ്ങുന്നത്.

ഓര്‍ക്കാട്ടേരി ക്ഷേത്ര കമ്മിറ്റിക്കെതിരെയും ഉയര്‍ന്നത് ഇതുതന്നെയാണ്. കുടിലശ്രമങ്ങളിലൂടെ നിഷ്‌കളങ്കരായ ഭക്തജനങ്ങളെ വരുതിയിലാക്കാന്‍ എളുപ്പത്തില്‍ കഴിയും. പരിഹരിക്കപ്പെടാന്‍ സാധ്യതയുള്ള വിമര്‍ശനങ്ങള്‍ക്ക് പരിഹാരമുണ്ടായാലും പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ സംഘപരിവാര്‍ കൂട്ടായ്മ അവരുടെ തനിനിറം വെളിപ്പെടുത്തി മുന്നോട്ടു പോകും.

ക്ഷേത്രങ്ങളെ കൂടുതല്‍ ബ്രാഹ്ണ്യവത്ക്കരിക്കാനും ഇതര മതത്തിനാല്‍ കെട്ടുപിണഞ്ഞുകിടക്കുന്ന ആചാരങ്ങളെയെല്ലാം ക്ഷേത്രങ്ങളില്‍നിന്ന് കുടഞ്ഞുകളയാനുമുള്ള പ്രവര്‍ത്തനമാണ് സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഉത്സവസീസണില്‍ ഓര്‍ക്കാട്ടേരി ഭഗവതി ക്ഷേത്രത്തിലെ പൂജകള്‍ നടത്തുന്നത് തെരുവില്‍ തിങ്ങിപ്പാര്‍ക്കുന്ന ശാലിയ സമുദായക്കാരാണ്, അതല്ലാത്തപ്പോള്‍ മാത്രമേ ബ്രാഹ്മണര്‍ പൂജ നടത്തുന്നുള്ളൂ. ശാലിയ സമുദായങ്ങള്‍ സംഘപരിവാറിന്റെ കുത്സിത താത്പര്യത്തിനൊപ്പം നില്‍ക്കുന്നില്ല എന്നതാണ് ഓര്‍ക്കാട്ടേരിയിലെ ഗുണകരമായ വസ്തുത.

അതിഗൂഢമായ ഇത്തരം പദ്ധതികള്‍ സംഘപരിവാര്‍ ഓര്‍ക്കാട്ടേരിയില്‍ നടപ്പാക്കുമ്പോള്‍തന്നെ അതേ പ്രദേശത്ത് മുസ്‌ലിം ഹിന്ദു വിശ്വാസ്യ സാഹോദര്യത്തിന്റെ പുതിയ രീതികള്‍ പ്രത്യക്ഷപ്പെടുന്നു എന്നത് സന്തോഷം പകരുന്ന കാഴ്ചയാണ്.

തോട്ടുങ്ങലിലെ പള്ളി കമ്മിറ്റിപ്രവര്‍ത്തകരുടെയും അവരുടെ പ്രവര്‍ത്തനത്തെ സര്‍വാത്മനാ സ്വീകരിച്ച നെല്ലാച്ചേരി അയ്യപ്പമഠത്തിലെ വിശ്വാസികളുടെയും സന്മനസ്സിനെ ഈയൊരു പശ്ചാത്തലത്തില്‍ വേണം വായിച്ചെടുക്കാന്‍. ഏറാമലയിലെ എടവന അമ്പലം അയ്യപ്പഭജന സമിതിയുടെ പ്രവര്‍ത്തനവുമായും മുസ്‌ലിം സഹോദരങ്ങള്‍ നേരത്തെതന്നെ സഹകരിച്ചുപോരുന്നുണ്ട്. അവിടെ അയ്യപ്പന്‍ വിളക്കിന്റെ എഴുന്നള്ളത്ത് നടക്കുന്ന ദിവസം മുസ്‌ലിം വീടുകളില്‍ വിളക്ക് വെക്കാറുമുണ്ട്.

വാട്സ് ആപ്പ് യൂണിവേഴ്സിറ്റികള്‍ പടച്ചുവിടുന്ന വിവിധ മത വര്‍ഗീയ ആശയങ്ങള്‍ നാട്ടിലെങ്ങും വേരുപിടിച്ചുകൊണ്ടിരിക്കുന്ന പുതിയ കാലത്ത് പരസ്പരസൗഹൃദ ചടങ്ങുകളും മറ്റും ഇരുവിഭാഗത്തെ വിശ്വാസികളും നടപ്പാക്കേണ്ടതുണ്ട്, അതിന് പ്രോത്സാഹനം നല്‍കേണ്ടതുണ്ട്.

വിവിധ മതത്തിലുള്ളവര്‍ കമ്യൂണിറ്റികളായി ജീവിക്കാതെ കൂടുതല്‍ കൂടുതല്‍ ഇടകലര്‍ന്ന് ജീവിക്കേണ്ടതുണ്ട്. പരസ്പര സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും വള്ളിപ്പടര്‍പ്പുകളാല്‍ വിവിധ മതസ്ഥരുടെ ജീവിതം കെട്ടുപിണഞ്ഞുചേരുമ്പോള്‍ നിക്ഷിപ്തതാല്‍പര്യത്തോടെ കയറിവരുന്ന വര്‍ഗീയ ചിന്തകളെല്ലാം കൊഴിഞ്ഞുവീഴും എന്നതാണ് 2025ലെ ഏക പ്രതീക്ഷ.

content highlights: Harmony between temple worshipers and Muslims in Vadakara Orketiri and sanghparivar trying to destroy it

പി.എം ജയന്‍
ചന്ദ്രിക ആഴ്ചപതിപ്പില്‍ സബ് എഡിറ്റര്‍